
വടക്കേക്കാട് : സി.പി.ഐ ജന്മശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി ഗുരുവായൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന “പാട്ടബാക്കി” നാടകം എൺപത്തി എട്ടാം വാർഷികവും കെ. ദാമോദരൻ അനുസ്മരണവും സെമിനാറും ഇന്ന് വൈകീട്ട് 2.30 ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. ജില്ല സെക്രട്ടറി വത്സരാജ് അധ്യക്ഷത വഹിക്കും. അഡ്വ. കെ രാജൻ അനുസ്മരണ പ്രഭാഷണം നടത്തും . ‘ കേരളം പാട്ടബാക്കിക്കു ശേഷം’ സെമിനാറിൽ അജിത് കൊളാടി വിഷയം അവതരിപ്പിക്കും. പി.പി. സുനീർ എം.പി, എൻ കെ അക്ബർ എം.എൽ.എ, വടക്കേക്കാട് പഞ്ചായത്ത് പ്രസിഡണ്ട് എൻ. എം. കെ നബീൽ, സിനി ആർട്ടിസ്റ്റ് വി. കെ ശ്രീരാമൻ, ഗീത നസീർ, കവി റഫീഖ് അഹ്മദ്, മുൻ എം എൽ എ കെ.വി. അബ്ദുൽ ഖാദർ എന്നിവർ സംസാരിക്കും.

1937 ൽ കുരഞ്ഞിയൂർ കുട്ടാടൻ പാടത്തെ കർഷക സമ്മേളനത്തിൽ അവതരിപ്പിക്കാൻ മൂന്നു ദിവസം കൊണ്ട് കെ. ദാമോദരൻ നാടകം രചിച്ച വൈലത്തൂരിലെ കടലായിൽ മനയുടെ സമീപം നമാസ് ഓഡിറ്റോറിയം അങ്കണത്തിൽ ഞായറാഴ്ച്ച വൈകീട്ട് 6 ന് ഞമനേങ്ങാട് കൊടമന സ്മാരക വായനശാല ” പാട്ടബാക്കി” നാടകം പുനരവതരിപ്പിക്കും. നാടക പ്രവർത്തകനും അക്കാദമി അവാഡ് ജേതാവുമായ ബാബു വൈലത്തൂരാണ് സംവിധായകൻ.

Comments are closed.