ജനസഹസ്രങ്ങളെ ഭക്തിയുടെ നിറവിൽ ആറാടിച്ച് ഗുരുവായൂർ ഉത്സവം കൊടിയിറങ്ങി

ഗുരുവായൂർ: ജനസഹസ്രങ്ങളെ ഭക്തിയുടെ നിറവിൽ ആറാടിച്ച് ഗുരുവായൂർ ഉത്സവം ആറാട്ടോടെ കൊടിയിറങ്ങി. വെളളിയാഴ്ച്ച രാത്രി പത്തിന് നടന്ന ആറാട്ടോടെയും പതിനൊന്ന് ഓട്ടപ്രദക്ഷിണത്തോടെയുമാണ് പത്തുനാൾ ഗുരുവായൂരിനെ ആഹ്ലാദാരവങ്ങളാൽ മുഖരിതമാക്കിയ ഉത്സവത്തിന് സമാപനമായത്. വൈകീട്ട് നാലോടെ ക്ഷേത്രഗോപുരത്തിലും ഉത്തമവൃക്ഷങ്ങളിലും ബലിതൂവിയതോടെ ആറാട്ടിന്റെ അനുബന്ധ ചടങ്ങുകൾക്ക് തുടക്കാമായി. വൈകീട്ട് 5 ഓടെ തന്ത്രി ചേന്നാസ് നമ്പൂതിരിപ്പാട് പഞ്ചലോഹ വിഗ്രഹം കൊടിമരച്ചുവട്ടിൽ പഴുക്കാമണ്ഡപത്തിലേക്ക് എഴുന്നെള്ളിച്ചശേഷം നടന്ന ദീപാരാധനക്കും ശേഷം ഗ്രാമപ്രദക്ഷിണം(യാത്രബലി) തുടങ്ങി. വടക്കേ നടയിൽ പഞ്ചവാദ്യം അവസാനിപ്പിച്ച് വാദ്യകുലപതികളായ പെരുവനം കുട്ടന്‍ മാരാര്‍, തിരുവല്ല രാധാകൃഷ്ണന്‍, ചൊവ്വല്ലൂര്‍ മോഹനന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പാണ്ടിമേളമാരംഭിച്ചു. മേളത്തോടുകൂടിയ എഴുെന്നള്ളത്ത്, ഗ്രാമപ്രദക്ഷിണം കഴിഞ്ഞ് ഭഗവതി ക്ഷേത്രത്തിലൂടെ ഭഗവാന്‍ ആറാട്ടു കടവിലെത്തി. ഭഗവാന്റെ ആറാട്ടിനുശേഷം ഭഗവാന്‍ പിടിയാനപുറത്ത് കയറി 11 ഓട്ടപ്രദക്ഷിണവും നടത്തി.

11 ഓട്ട പ്രദക്ഷിണം പൂര്‍ത്തിയായതോടെ കൊടിമരചുവട്ടിലെ പൂജകള്‍ക്ക് ശേഷം ക്ഷേത്രം തന്ത്രി സ്വര്‍ണ്ണധ്വജത്തില്‍ നിന്നും സപ്തവര്‍ണ്ണകൊടി ഇറക്കി, ഭഗവാനെ ശ്രീകോവിലിലേക്ക് എഴുന്നെള്ളിച്ച് പഞ്ചലോഹതിടമ്പിലെ ചൈതന്യം മൂലവിഗ്രഹത്തിലേക്ക് ലയിപ്പിച്ചു. ഇതോടെ 10-ദിവസം നീണ്ടുനിന്ന ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് അര്‍ദ്ധരാത്രിയോടെ പരിസമാപ്തിയായായി.
ആറാട്ടിന്റെ ഭാഗമായി ഗ്രാമപ്രദക്ഷിണത്തിനിറങ്ങിയപ്പോൾ ജാതി മതബേദമില്ലാതെ ഗുരുവായൂർ ക്ഷേത്രപാതകളിൽ ആയിരക്കണക്കിന് നിറപറകളാണ് സ്വീകരിക്കാനായി നിരന്നത്. അരി, നെല്ല്, അവിൽ, മലർ, ശർക്കര എന്നീ ധാന്യങ്ങൾ നിറച്ച പറകളും നാണയപ്പറകളും അപ്പം പറകളുമാണ് ക്ഷേത്രനടകളിൽ നിറഞ്ഞത്. ഗുരുവായൂരിലെ മുഴുവൻ കച്ചവടസ്ഥാപനങ്ങളും ഓഫീസുകളും പറ നിരത്തി ഉത്സവത്തിൽ പങ്കാളികളായി.

Comments are closed.