mehandi new

സംരക്ഷണം നൽകേണ്ട പോലീസ് എം ടി യു വാഹനം കസ്റ്റഡിയിൽ എടുത്ത നടപടി പ്രതിഷേധാർഹം – ചാവക്കാട് നഗരസഭ

fairy tale

ചാവക്കാട് :  ഗുരുവായൂരിൽ ചാവക്കാട് നഗരസഭയുടെ മൊബൈൽ ട്രീറ്റ്‌മെൻറ് യൂണിറ്റിന്റെ (എം ടി യു) പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയതിൽ ചാവക്കാട് നഗരസഭ  ശക്തമായ പ്രതിഷേധം അറിയിച്ചു. രാജ്യത്തും സംസ്ഥാനത്തും ദ്രവമാലിന്യ സംസ്കരണത്തിന് ഏറെ പ്രാധാന്യം നൽകുന്ന സാഹചര്യത്തിൽ, മാലിന്യ നീക്കം കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചാവക്കാട് നഗരസഭ മൊബൈൽ ട്രീറ്റ്മെന്റ്  പദ്ധതിക്ക് തുടക്കമിട്ടത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അംഗീകാരവും നിർദേശങ്ങളുമനുസരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ​തിങ്കളാഴ്ച ഒരു കൂട്ടം സാമൂഹ്യവിരുദ്ധർ  യൂണിറ്റിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുകയായിരുന്നു. എന്നാൽ ഇത്തരം ആളുകൾക്കെതിരെ നിയമ നടിപടികൾ സ്വീകരിക്കേണ്ട പോലീസ് ഉദ്യോഗസ്ഥർ നഗരസഭയുടെ വാഹനം കസ്റ്റഡിയിൽ എടുക്കുകയാണ് ഉണ്ടായത്. അനധികൃത ടാങ്കറുകൾ ഉപയോഗിച്ച്  ജലസ്രോതസ്സുകളിലും പൊതുസ്ഥലങ്ങളിലും മാലിന്യം  തള്ളുന്നത് തടയാൻ സഹായകമായ ഈ പദ്ധതിക്കെതിരെയുള്ള നീക്കം അപലപനീയമാണെന്ന് നഗരസഭ ചെയർപേഴ്സൺ വ്യക്തമാക്കി. ഇതിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും നഗരസഭ അറിയിച്ചു.

planet fashion

​മൊബൈൽ ട്രീറ്റ്‌മെൻറ് യൂണിറ്റ് എന്നത് ചെറിയൊരു ട്രക്കിൽ ക്രമീകരിച്ചിട്ടുള്ള ശാസ്ത്രീയ സെപ്റ്റിക് ടാങ്ക് സംസ്കരണ യൂണിറ്റാണ്. ഇത് ഒരു മണിക്കൂറിനുള്ളിൽ 6000 ലിറ്റർ മലിനജലം ശുദ്ധീകരിക്കാൻ ശേഷിയുള്ളതാണ്. ശുദ്ധീകരിച്ച വെള്ളം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാനദണ്ഡങ്ങൾ പ്രകാരം കൃഷിക്കോ മറ്റ് ആവശ്യങ്ങൾക്കോ പുനരുപയോഗ യോഗ്യമാണ്. ഈ യൂണിറ്റ് വഴി ശേഖരിക്കുന്ന ഖരമാലിന്യം കമ്പോസ്റ്റാക്കി മാറ്റാനും സാധിക്കും. യാതൊരു ദുർഗന്ധമോ മലിനീകരണമോ ഇല്ലാതെ  സുരക്ഷിതമായി പ്രവർത്തിക്കാൻ കഴിയുന്ന ഈ യൂണിറ്റിന് നിരവധി ദേശീയ-അന്തർദേശീയ അംഗീകാരങ്ങളുണ്ടെന്നും ചെയർപേഴ്സൻ ഷീജാ പ്രശാന്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

സാമൂഹ്യവിരുദ്ധരുടെ ഇത്തരം നടപടികൾക്കെതിരെയും കാര്യക്ഷമായി പ്രവർത്തിക്കേണ്ട പോലീസ് ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കെതിരെയും മുഖ്യമന്ത്രിക്കും, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്കും, സംസ്ഥാന പോലീസ് മേധാവിക്കും മറ്റും ബന്ധപ്പെട്ട അധികാരികൾക്കും പരാതി നൽകിയതായി സെക്രട്ടറി അറിയിച്ചു

നഗരസഭയുടെ  പ്രതിച്ഛായയെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമായി ചില തൽപരകക്ഷികൾ നടത്തുന്ന ഇത്തരം പ്രചരണങ്ങളെ  പൊതുസമൂഹത്തിനു മുന്നിൽ തുറന്നുകാട്ടുമെന്നും നഗരസഭ വ്യക്തമാക്കി.

നഗരസഭ വൈസ് ചെയർമാൻ കെ. കെ. മുബാറക്ക്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷാഹിന സലീം, അബ്ദുൽ റഷീദ്,  എ വി മുഹമ്മദ് അൻവർ, പ്രസന്ന രണദിവെ, കൗൺസിലർ എം. ആർ. രാധാകൃഷ്ണൻ, നഗരസഭ സെക്രട്ടറി ​എം. എസ്. ആകാശ്, നഗരസഭ ക്ലീൻ സിറ്റി മാനേജർ ബി ദിലീപ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 

ചാവക്കാട് നഗരസഭയുടെ മൊബൈൽ ട്രീറ്റ്‌മെൻറ് യൂണിറ്റ്  ഗുരുവായൂരിലെ ലോഡ്ജിൽ നിന്നുള്ള കക്കൂസ് മാലിന്യം ശുദ്ധീകരിച്ച വെള്ളം റോഡരികിലെ കാനയിലേക്ക് ഒഴുക്കിവിട്ടതിനെ നാട്ടുകാർ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് തുടക്കം. സംഭവ സ്ഥലത്തെത്തിയ പോലീസ് ചാവക്കാട് നഗരസഭ സെക്രട്ടറിയുടെ പേരിലുള്ള  എം ടി യു വാൻ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

Macare 25 mar

Comments are closed.