കടപ്പുറം അഴിമുഖത്ത് കാറ്റിനു ചെണ്ടുമല്ലി സുഗന്ധം

കടപ്പുറം : വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ കടപ്പുറം അഴിമുഖത്തിന് കൂടുതൽ മനോഹാരിത പകർന്ന് ചെണ്ടുമല്ലി പൂന്തോട്ടം. പൂവിളികളുമായി പോന്നോണം പടിവാതിൽക്കൽ വന്നെത്തിയ സമൃദ്ധിയുടെ സന്തോഷക്കാലത്ത് ഈ ദിനങ്ങളെ കൂടുതൽ ആഘോഷപൂർണ്ണമാക്കി ചെണ്ടുമല്ലി പൂകൃഷിയുടെ വിളവെടുപ്പിന് തുടക്കം കുറിച്ചു. കടപ്പുറം അഴിമുഖം ഹരിത ജെ.എൽ.ജി അംഗങ്ങളുടെ നേതൃത്വത്തിൽ ആരംഭിച്ച ചെണ്ടുമല്ലി പൂകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കടപ്പുറം മുനക്കകടവ് കോസ്റ്റൽ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ എസ്.എൽ പ്രേംലാൽ നിർവഹിച്ചു.

കടപ്പുറം കൃഷിഭവനിൽ നിന്ന് കഴിഞ്ഞ ജൂൺ മാസത്തിൽ വാങ്ങിയ 250 ചെണ്ടുമല്ലി തൈകൾ നട്ടാണ് ഹരിത ജെ.ൽ.ജി അംഗങ്ങൾ അഴിമുഖത്ത് പൂകൃഷി ആരംഭിച്ചത്. അഴിമുഖത്ത് നടന്ന വിളവെടുപ്പ് ചടങ്ങിൽ കടപ്പുറം മുൻ സി.ഡി.എസ് മെമ്പർ സതി വാസവൻ അധ്യക്ഷത വഹിച്ചു. ആദ്യ വിൽപ്പന കടപ്പുറം ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ പി. എ. അഷ്ക്കർ അലി ഉഷ പ്രേമന് നൽകി നിർവഹിച്ചു. കോസ്റ്റൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ലോഫിരാജ്. വി മുഖ്യാതിഥിയായി.
ജെ.എൽ.ജി അംഗങ്ങളായ വസന്ത ഉദയൻ, ലീല തേർ, പ്രസീത ഹരിദാസ്, ശാരദ പടമാട്ടുമ്മൽ, സ്വപ്ന അനിൽകുമാർ, കോസ്റ്റൽ പോലീസ് സ്റ്റേഷൻ വാർഡൻ അക്ഷയ്, മധു ഒളാട്ട്, സുരേഷ് കേരാച്ചൻ, മീനാക്ഷി തെക്കേടത്ത്, സുമ ഒളാട്ട് എന്നിവർ സംബന്ധിച്ചു.

Comments are closed.