ഗതാഗതക്രമീകരണത്തിന്‍റെ ഭാഗമായി നഗരത്തില്‍ സര്‍വേ നടത്തി
ചാവക്കാട്: നഗരത്തില്‍ ഏഴു മുതല്‍ നടപ്പാക്കുന്ന ഗതാഗതക്രമീകരണത്തിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ സീബ്രാ ലൈനുകള്‍ വരയ്ക്കാനും സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുമായുള്ള സര്‍വ്വേ നടന്നു.
നഗരത്തില്‍ വര്‍ദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്കിന് അറുതി വരുത്താന്‍ ബുധനാഴ്ച മുതല്‍ ആരംഭിക്കുന്ന പുതിയ ഗതാഗത സംവിധാനത്തിന്റെ മുന്നോടിയായാണ് ഗുരുവായൂര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.എം. ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങുന്ന സംഘം നഗരത്തിലെ വിവിധയിടങ്ങള്‍ സന്ദര്‍ശിച്ചത്.
കൂടുതല്‍ ജനങ്ങള്‍ റോഡു മുറിച്ചുകടക്കുന്ന ട്രാഫിക് ഐലന്‍ഡിനു പടിഞ്ഞാറ് ചാവക്കാട് ബീച്ച് റോഡിന്റെ തുടക്കത്തിലെ ടൗണ്‍ പള്ളി, ബസ് സ്റ്റോപ്പ് എന്നിവിടങ്ങളിലും വടക്കേ ബൈപ്പാസ്, എം.ആര്‍.ആര്‍.എം.സ്‌കൂള്‍ പരിസരം, ബൈപ്പാസ് ജങ്ഷന്‍ എന്നിവിടങ്ങളിലും സീബ്രാ വരകള്‍ സ്ഥാപിക്കുമെന്ന് എം.വി.ഐ. ഇബ്രാഹിം വ്യക്തമാക്കി.
സീബ്രാ വരകള്‍ക്കു പുറമേ വിവിധ നിര്‍ദ്ദേശങ്ങള്‍ സൂചിപ്പിച്ചുള്ള ബോര്‍ഡുകളും നഗരത്തില്‍ പലയിടത്തും സ്ഥാപിക്കും. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ മഞ്ജുഷ സുരേഷ്, എം.ബി. രാജലക്ഷ്മി, എ.സി. ആനന്ദന്‍, സഫൂറ ബക്കര്‍, എ.എ. മഹേന്ദ്രന്‍, എ.എച്ച്. അക്ബര്‍, സെക്രട്ടറി എം.കെ. ഗിരീഷ് എന്നിവരും സര്‍വ്വേസംഘത്തിലുണ്ടായിരുന്നു.
Comments are closed.