ചാവക്കാട് ബീച്ചിൽ ‘തീരപെരുമ 2026’ ഓണാഘോഷത്തിന് നാളെ തുടക്കമാകും

ചാവക്കാട് : നഗരസഭയുടെയും ചാവക്കാട് ബീച്ച് ഡെസ്റ്റിനേഷൻ മാനേജ്‌മെൻ്റ് കൗൺസിലിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയായ ‘തീരപെരുമ 2026’ന് ആഗസ്റ്റ് 27ന് ചാവക്കാട് ബീച്ചിൽ തുടക്കമാകും. വ്യാഴാഴ്ച വൈകുന്നേരം നാലുമണിക്ക് നടക്കുന്ന വർണ്ണാഭമായ ഘോഷയാത്രയോടെ പരിപാടികൾക്ക് തുടക്കം കുറിക്കും. തുടർന്ന് അഞ്ചുമണിക്ക് ആരംഭിക്കുന്ന സാംസ്കാരിക സമ്മേളനം യുവജനക്ഷേമ-കായിക-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യും. എം.എൽ.എ, ജില്ലാ കളക്ടർ, നഗരസഭാ ചെയർപേഴ്സൺ തുടങ്ങിയ വിശിഷ്ടാതിഥികൾ സമ്മേളനത്തിൽ പങ്കെടുക്കും.

വൈകുന്നേരം അഞ്ചരയ്ക്ക് പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും. ‘എസ്. ജാനകിയമ്മ സമർപ്പണം’ എന്ന പ്രത്യേക സംഗീത നിശയും ഉണ്ടാകും.
ആഗസ്റ്റ് 28 വെള്ളിയാഴ്ച വൈകുന്നേരം ഏഴുമണിക്ക് പ്രശസ്ത കലാകാരൻ കെ. എസ്. പ്രസാദ് അവതരിപ്പിക്കുന്ന ‘കൊച്ചിൻ ഗിന്നസ് മെഗാ ഷോ’ അരങ്ങേറും. വിപുലമായ ഒരുക്കങ്ങളാണ് പരിപാടിയുടെ വിജയത്തിനായി നടന്നു വരുന്നതെന്ന് എൻ കെ അക്ബർ എംഎൽഎ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചാവക്കാട് നഗരസഭ ചെയർമാൻ എ എച്ച് അക്ബർ, വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ്, സ്ഥിരം സമിതി അധ്യക്ഷരായ പി യതിന്ദ്രദാസ്, കെ പി രഞ്ജിത്ത് കുമാർ, കൗൺസിലർമാരായ മുഹമ്മദ് ആസിഫ് പാലയൂർ, ആരിഫ് പാലയൂർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.



Comments are closed.