താമരയൂരില്‍ വീട്ടുകാര്‍ പുറത്തുപോയ തക്കം നോക്കി 10 പവന്‍ കവര്‍ന്നു
![fairy tale](https://chavakkadonline.com/wp/wp-content/uploads/2024/05/fairytales.png)
ഗുരുവായൂര്‍ : താമരയൂരില്‍ വീട്ടുകാര്‍ പുറത്തുപോയ തക്കം നോക്കി 10 പവന്‍ കവര്‍ന്നു. താമരയൂര്‍ ഹരിദാസ് നഗറില്‍ കൂളിയാട്ട് പുരുഷോത്തമന്റെ വീട്ടിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. വിദേശത്തുള്ള പുരുഷോത്തമന്റെ ഭാര്യ നിഷയും മക്കളും മാത്രമാണ് വീട്ടിലുള്ളത്. വൈകീട്ട് ഏഴോടെ മകന് പെട്ടെന്ന് ഛര്‍ദ്ദി കണ്ടതിനെ തുടര്‍ന്ന് നിഷ വീട് പൂട്ടി മക്കളെയുംകൊണ്ട് കുന്നംകുളം റോയല്‍ ആശുപത്രിയിലേക്ക് പോയിരുന്നു. രാത്രി പത്തോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ധൃതിയില്‍ പോകുന്നതിനിടയില്‍ വീടിന്റെ മുന്‍വശത്തെ വാതിലിന്റെ മണിചിത്രതാഴ് ശരിക്കും പൂടിയിരുന്നില്ല. വാതില്‍ തുറന്ന് അകത്ത് കടന്ന മോഷ്ടാക്കള്‍ അലമാരകള്‍ തുറന്ന് സാധനങ്ങള്‍ വാരി വലിച്ചിട്ടിരുന്നു. അലമാരയില്‍ സൂക്ഷിച്ചിരുന്ന മൂന്ന് വളകളും ഒരു മാലയുമാണ് നഷ്ടപെട്ടത്. വീടിന്റെ പൂമുഖത്ത് മോഷ്ടാക്കളുടേതെന്ന് സംശയിക്കുന്ന ചെരിപ്പിന്റെ അടയാളമുണ്ടായിരുന്നു. മുന്‍വശത്ത് തൂക്കിയിട്ടിരുന്ന പൂചട്ടി തല്ലിപൊട്ടിച്ചിട്ടുണ്ട്. ഗുരുവായൂര്‍ എസ്.ഐ എം.ആര്‍ സുരേഷിന്റെ നേതൃത്വത്തില്‍ പോലീസെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
![Unani banner ad](https://chavakkadonline.com/wp/wp-content/uploads/2025/02/IMG-20250208-WA00201.jpg)
Comments are closed.