Header

തെരഞ്ഞെടുപ്പ് ജോലികളിൽ നിന്നും സ്കൂൾ ജീവനക്കാരായ അനധ്യാപകരെ ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു

ചാവക്കാട് : എസ് എസ് എൽ സി, ഹയർ സെക്കൻ്ററി പൊതു പരീക്ഷകൾ നിയമസഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി പുതുക്കി തീയതി നിശ്ചയിച്ചതോടെ വെട്ടിലായത് സ്കുളുകളിലെ അനധ്യാപക ജീവനക്കാരാണ്. മാർച്ച് 17 ന് ആരംഭിച്ച് 30 അവസാനിക്കുന്ന രീതിയിൽ പരീക്ഷ നടക്കാനിരിക്കെയാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 6 ന് നടക്കുന്നതിനാൽ പരീക്ഷകൾ മാറ്റി വെച്ചത്.

എസ് എസ് എൽ സി, ഹയർ സെക്കൻ്ററി പരീക്ഷകൾ ഏപ്രിൽ 8 ലേക്കാണ് മാറ്റിവെച്ചത്. സ്കുളുകളിലെ അനധ്യാപക ജീവനക്കാരെ തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കുന്നത് പുതിയ തീയതിയിലെ പരീക്ഷ നടത്തിപ്പിനെ ബാധിക്കും എന്നാണ് അനധ്യാപക സംഘടന പ്രതിനിധികൾ പറയുന്നത്.

പുതുക്കിയ പരീക്ഷ തീയതിക്ക് രണ്ട് ദിവസം മുൻപാണ് തെരഞ്ഞെടുപ്പ് നടക്കുക. 6 തീയതിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൻ്റെ ജോലിക്കായി സ്കൂളുകളിലെ അനധ്യാപക ജീവനക്കാരെയും നിയോഗിക്കാറുണ്ട്. തെരഞ്ഞെടുപ്പിന് തലേ ദിവസം രാവിലെ പോളിംഗ് സാമഗ്രികൾ ഏറ്റുവാങ്ങി തെരഞ്ഞടുപ്പ് ജോലികളും കഴിഞ്ഞ് 7 തീയതി പുലർച്ചെ ആയിരിക്കും തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥർ വീട്ടിൽ എത്തുക. അനധ്യാപക ജീവനക്കാർ രണ്ട് ദിവസത്ത അടുപ്പിച്ചുള്ള തെരഞ്ഞെടുപ്പ് ജോലിക്ക് ശേഷം പിറ്റേന്ന് രാവിലെ മണിക്കൂറുകൾക്കകം തിരികെ സ്കൂളിൽ എത്തി പരീക്ഷക്കായി ഒരുക്കങ്ങൾ നടത്തിയാലേ 8 തീയതിയുള്ള പരീക്ഷാ ക്രമീകരണം പൂർത്തിയാകൂ.
വിശ്രമമില്ലാതെ 48 മണിക്കുറിലധികം തെരഞ്ഞെടുപ്പ് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് പിറ്റേ ദിവസം അവധി നൽകാറുണ്ട്.

എസ് എസ് എൽ സി, ഹയർ സെക്കൻ്ററി പരീക്ഷാ ജോലിക്ക് നിയോഗിക്കുന്ന അധ്യാപകർക്ക് തെരഞ്ഞെടുപ്പ് ജോലി കഴിഞ്ഞ് അടുത്ത ദിവസം പകൽ ( 7 തീയതി ) വിശ്രമിക്കാൻ സമയം കിട്ടും.
എന്നാൽ അനധ്യാപകർക്ക് വിശ്രമം ഇല്ലാത്ത പകൽ ആയിരിക്കും.
കേരളത്തിലെ മുഴുവൻ ഹൈസ്കൂൾ, ഹയർ സെക്കൻ്ററി സ്കൂളുകളിലും തെരഞ്ഞെടുപ്പിനോടനു ബന്ധിച്ചുള്ള പോളിംഗ് ബൂത്തുകളും, കളക്ഷൻ സെൻ്ററുകളും കാണും. തെരഞ്ഞെടുപ്പിന് ശേഷം ഒരു ദിവസം കൊണ്ട് സ്കൂളുകളിലെ പരീക്ഷാ സെൻ്ററുകൾ ശുചിയാക്കുക. പരീക്ഷാ ഹാൾ ക്രമീകരിക്കുക മുതലായ ജോലിക്ക് അനധ്യാപകർ സ്കൂളിൽ വന്നേ മതിയാകൂ.

അടുപ്പിച്ചുള്ള തെരഞ്ഞെടുപ്പ് ജോലിക്ക് ശേഷം പിറ്റേന്ന് പകൽ സ്കൂളിൽ വന്ന് പരീക്ഷാ ഒരുക്ക ജോലികളും ചെയ്യുന്നത് ജീവനക്കാരെ സംബന്ധിച്ച് ഏറെ പ്രയാസകരമാണ്. ഈ കാരണങ്ങൾ ചൂണ്ടിക്കാട്ടി എസ് എസ് എൽ സി, ഹയർ സെക്കൻ്ററി പരീക്ഷകൾ നടക്കുന്ന സ്കൂളുകളിലെ അനധ്യാപകരെ തെരഞ്ഞെടുപ്പ് ജോലിയിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേരളാ എയ്ഡഡ് സ്കൂൾ നോൺ- ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കളക്ടർമാർക്കും, പൊതു വിദ്യാഭ്യസ ഡയറക്ടർക്കും നിവേദനങ്ങൾ നൽകിയിട്ടുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് എൻ വി മധു, ജനറൽ സെക്രട്ടറി ഷിനോജ് പാപ്പച്ചൻ എന്നിവർ അറിയിച്ചു.

thahani steels

Comments are closed.