ചിങ്ങനാത്ത് കടവ് പാലം : പുതിയ അലൈൻമെന്റ് സ്കെച്ച് ഉടൻ തയ്യാറാക്കും
ചാവക്കാട് : ഗുരുവായൂർ മണ്ഡലത്തിലെ ചങ്ങനാത്ത് കടവ് പാലത്തിന്റെ പുതിയ അലൈൻമെന്റ് സ്കെച്ച് തയ്യാറാക്കി അടിയന്തരമായി ഡയറക്ടർക്ക് സമർപ്പിക്കും. എൻ കെ അക്ബർ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന ഗുരുവായൂർ പൊതുമരാമത്ത് പ്രവർത്തികളുടെ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ചാവക്കാട് പുതിയ കോടതിയുടെ നിർമ്മാണത്തിന്റെ ഡിസൈൻ തയ്യാറാക്കുന്നതിന് പൊതുമരാമത്ത് കോടതി വിഭാഗം ചുമതലയുള്ള അസിസ്റ്റൻറ് എൻജിനീയർക്ക് എം എൽ എ നിർദ്ദേശം നൽകി. എത്രയും പെട്ടെന്ന് കോടതിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട ടെൻണ്ടർ നടപടികൾ പൂർത്തീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
പുത്തൻ കടപ്പുറം, ചാവക്കാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ബ്ലാങ്ങാട് സ്കൂൾ എന്നിവയുടെ നിർമ്മാണ പ്രവർത്തികൾ വേഗത്തിലാക്കി ഒക്ടോബർ മാസത്തോടെ പണിപൂർത്തീകരിക്കുമെന്ന് അധികൃതർ യോഗത്തെ അറിയിച്ചു. കടപ്പുറം പഞ്ചായത്തിന്റെ സൈക്ലോൺ ഷെൽട്ടർ നിർമ്മാണ പുരോഗതി സംബന്ധിച്ച് എംഎൽഎ വിശദീകരണം തേടി. എത്രയും പെട്ടെന്ന് പണി പൂർത്തീകരിക്കുമെന്ന് അധികൃതർ എംഎൽഎക്ക് ഉറപ്പ് നൽകി. ചേറ്റുവയിലെ രാമു കാര്യാട്ട് സ്മാരക മന്ദിരം, തിയ്യറ്റർ എന്നിവയുടെ മാസ്റ്റർ പ്ലാൻ അടിയന്തരമായി തയ്യാറാക്കാൻ കെട്ടിട നിർമ്മാണം അസിസ്റ്റൻറ് എൻജിനീയർക്ക് നിർദ്ദേശം നൽകി.
ചാവക്കാട് കോട്ടപ്പടി റോഡ് ലോക് ചെയ്ത് ഗതാഗത യോഗ്യമക്കിയിട്ടുണ്ടെന്നും മഴ മാറുന്ന മുറയ്ക്ക് സെപ്റ്റംബർ മാസത്തോടെ ബി. എം ബി. സി ചെയ്യുമെന്നും പൊതുമരാമത്ത് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയററിയിച്ചു. കൂടാതെ ബീച്ച് റോഡ്, മാവിൻ ചുവട് റോഡ്, ആൽത്തറ പനന്തറ റോഡ് എന്നിവ യുടെ ബിഎംബിസി പ്രവർത്തികൾ അടിയന്തരമായി പൂർത്തീകരിക്കുമെന്നും അതിനാവശ്യമായ പ്രാരംഭ നടപടികൾ സ്വീകരിച്ചുവെന്നും അധികൃതർ അറിയിച്ചു.
ചാവക്കാട് നഗരസഭ കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് എക്സി.എഞ്ചിനീയർ (നാഷണൽ ഹൈവേ ) ജയരാജ്, അസി. എക്സി. എഞ്ചിനീയർ മാലിനി, കെ ആർ എഫ് ബി (പൊതുമരാമത്ത്) അസി.എഞ്ചിനിയർ, പിഡബ്ല്യുഡി ബിൽഡിംഗ് അസിസ്റ്റൻറ് എൻജിനീയർമാർ, പൊതുമരാമത്ത് വിഭാഗത്തിലെ വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Comments are closed.