mehandi new

ഇത് പെയ്തിന്റെ ദുരിതമല്ല ഹൈവേ നിർമ്മാണത്തിലെ തോന്നിവാസങ്ങൾ; എടക്കഴിയൂരിൽ വീടുകളിൽ മഴവെള്ളം കയറി

fairy tale

എടക്കഴിയൂർ : ഹൈവേ നിർമാണത്തിലെ അപാകം മൂലം ശക്തമായ മഴയെതുടർന്ന് എടക്കഴിയൂർ ആറാം കല്ലിൽ വീടുകൾ വെള്ളത്തിലായി. ഹൈവെയിൽ നിന്നും സർവീസ് റോഡിലേക്ക് വരുന്ന മഴ വെള്ളം കാനയിലൂടെ ഒഴിഞ്ഞു പോവാതെ സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലേക്കും വീടുക്കളിലേക്കുമാണ് ഒഴുകിയെത്തുന്നത്. ഹൈവേയിൽ റോഡിനടിയിലൂടെ നിർമിച്ചിട്ടുള്ള ബോക്സ് കൽവെർട്ടുകൾ പലതും സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലേക്കാണ് തുറന്ന് കിടക്കുന്നത്. റോഡിന്റെ ഇരു വശത്തെ കാനകളിൽ നിന്നും കൽവെർട്ടുകളിലൂടെ കുത്തി ഒലിച്ചു വരുന്ന വെള്ളം പറമ്പുകളിലെ മണ്ണും നീക്കി കൊണ്ടുപോകുന്നുണ്ട്. പുന്നയൂർ പഞ്ചായത്തിലെ എടക്കഴിയൂർ ആറാം കല്ലിൽ കിഴക്കുവശം താമസിക്കുന്ന കൊമ്പത്തയിൽ ഇസ്മായിൽ, നാറാണത്ത് ഉമ്മർ, കുന്നത്ത് അബു എന്നിവരുടെ വീടുകളാണ് ഹൈവെയിൽ നിന്നും വരുന്ന മഴവെള്ളം മൂലം വെള്ളത്തിലായത്. 2018-29 ലെ പ്രളയത്തിലല്ലാതെ മറ്റൊരിക്കലും വെള്ളക്കെട്ട് ഉണ്ടായിട്ടില്ലാത്ത ഭൂമിയാണ് ഇത്. കിടപ്പു രോഗികളും പിഞ്ചു കുഞ്ഞുങ്ങളുമുള്ള കുടുംബങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണാൻ പഞ്ചായത്ത് അധികൃതരോ ഹൈവേ ഉദ്യോഗസ്ഥരോ തയ്യാറാവുന്നില്ല. ബോക്സ് കൽവർട്ട് വഴി വരുന്ന മഴവെള്ളവും മണ്ണൊലിപ്പും മൂലം പ്ലാവ് തെങ്ങു മാവ് തുടങ്ങിയ ഫലവൃക്ഷങ്ങൾ പലതും കടപുഴകി വീണു. കുടിവെള്ളം മലിനമായേക്കും എന്ന ഭീതിയും നിലനിൽക്കുന്നു. പുന്നയൂർ പഞ്ചായത്തിൽ പരാതിപ്പെട്ടപ്പോൾ ഹൈവേ അധികൃതരാണ് പ്രശ്നം പരിഹരിക്കേണ്ടതെന്ന് പറഞ്ഞു കയ്യൊഴിഞ്ഞെന്ന് വീട്ടുകാർ പറഞ്ഞു. തങ്ങൾക്ക് ലഭിച്ച രേഖകൾ പ്രകാരം നീർച്ചാലുകൾ അടയാളപ്പെടുത്തിയ ഭാഗങ്ങളിലാണ് കൽവർട്ടുകൾ നിർമിച്ചിട്ടുള്ളതെന്നാണ് ഹൈവേ നിർമ്മാണ കമ്പനി പറയുന്നത്. വികസന പ്രവർത്തനങ്ങൾ നടക്കുന്ന ദേശീയപാത 66 ൽ പലയിടത്തും ബോക്സ് കൽവേർട്ടുകൾ വഴി മഴവെള്ളം സ്വകാര്യവ്യക്തികളുടെ പറമ്പുകളിലേക്കാണ് ഒഴുകികൊണ്ടിരിക്കുന്നത്. ഹൈവേ വികസനത്തിന്റെ ഭാഗമായി നിർമിച്ച കാനകൾ പലയിടത്തും അടഞ്ഞു കിടക്കുന്നതിനാൽ ഉയർന്നു നിൽക്കുന്ന ഹൈവെയിൽ നിന്നും സർവ്വീസ് റോഡിലേക്ക് എത്തുന്ന വെള്ളം താഴ്ന്നു കിടക്കുന്ന സ്ഥലത്തേക്കും വീടുകളിലേക്കുമാണ് എത്തുന്നത്. ഹൈവേ നിർമ്മാണത്തിലെ തോന്നിവാസങ്ങൾ മൂലം ദുരിതമനുഭവിക്കുന്നത് ജനമാണെങ്കിലും ജന പ്രതിനിധികൾ കാഴ്ചക്കാരായി നോക്കിനിൽക്കുന്ന അവസ്ഥയാണുള്ളത്.

Royal footwear

Comments are closed.