Header

എട്ടാം വിളക്ക് ദിവസം ഉത്സവബലി ദർശനത്തിന് ആയിരകണക്കിന് ഭക്തരെത്തി – വെള്ളിയാഴ്‌ച്ച ഗുരുവായൂർ ഉത്സവം കൊടിയിറങ്ങും

ഗുരുവായൂർ: ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ എട്ടാം വിളക്ക് ദിവസമായ ബുധനാഴ്ച ഇന്ന് ഉത്സവബലി ആഘോഷിച്ചു. വ്യാഴാഴ്ച പള്ളിവേട്ടയും വെള്ളിയാഴ്ച  ആറാട്ടും നടക്കും. താന്ത്രിക ചടങ്ങുകളിൽ ഏറ്റവും സങ്കീർണ്ണമായതും, ദൈർഘ്യമേറിയതുമായ ഉത്സവബലി ദർശ്ശനത്തിന്  ക്ഷേത്രത്തിൽ ആയിരകണക്കിന് വിശ്വാസികളെത്തി. ക്ഷേത്രത്തിനകത്തെ എല്ലാ ദേവി ദേവൻമാർക്കും, ഭൂതഗണങ്ങൾക്കും പൂജാ വിധിയോടെ ഹവിസ് തൂകുന്ന ചടങ്ങാണ് ഉത്സവബലി. രാവിലെ പന്തീരടീ പൂജ നടതുറന്ന ശേഷം നാലമ്പലത്തിനകത്തെ ചെറിയബലിക്കല്ലിൽ ബലിതൂവൽ ചടങ്ങാരംഭിച്ചു. നാല് പ്രദക്ഷിണത്തിന് ശേഷം രണ്ടരമണിക്കൂർ സമയത്തിന് ശേഷമാണ്  സ്വർണ്ണപഴുക്കാമണ്ഡപത്തിൽ എഴുന്നെള്ളിച്ചുവെച്ച  സ്വർണ്ണതിടമ്പിന്റെ സാനിധ്യത്തിൽ ക്ഷേത്രത്തിനകത്തെ തെക്കേ ബലിക്കല്ലിൽ  ബലിതൂവൽ ചടങ്ങ് നടന്നത്. തുടർന്ന് സ്വർണ്ണ ഗോപുരത്തിനരികിലെ വലിയ ബലിക്കല്ലിൽ ബലിതൂവൽ ചടങ്ങ് നടന്നു.  ഗുരുവായൂരിൽ പക്ഷിമൃഗാദികൾ ഉൾപ്പടെ ആരുംതന്നെ പട്ടിണികിടക്കരുതെന്ന വിശ്വാസത്തിൽ എല്ലാവർക്കും അന്നം നൽകുന്ന ചടങ്ങുകൂടിയുള്ള ദിവസമായിരിന്നു ബുധനാഴ്ച.  സന്ധ്യക്ക് 12 ഇടങ്ങഴി അരിവെയ്ച്ച നിവേദ്യം പക്ഷിമൃഗാദികൾക്കായി ചെമ്പ് വട്ടകയിലാക്കി മാറ്റിവച്ചിരിന്നു. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടന്നുവന്നിരുന്ന കലാപരിപാടികൾ, ദേശപകർച്ച എന്നിവയും ബുധനാഴ്ചയോടെ അവസാനിച്ചു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും   വൈകീട്ടത്തെ ദീപാരാധനക്ക് ശേഷം ഗ്രാമപ്രദക്ഷിണത്തിനായി ദേവനെ  പുറത്തേക്കെഴുന്നള്ളിക്കും. ഈ ദിവസങ്ങളിൽ കൊടിമരത്തറക്ക് സമീപമാണ് ദീപാരാധന. മാത്രവുമല്ല, ഈ രണ്ടുദിവസങ്ങളിലും ക്ഷേത്രത്തിൽ ശാന്തിയേറ്റ കീഴ്ശാന്തിമാരാണ് ദീപാരാധന നടത്തുക. ദീപാരാധനക്ക് ശേഷം സ്വർണ്ണകോലം എഴുന്നള്ളിക്കും. കേരളത്തിലെ വാദ്യകുലപതികൾ പങ്കെടുക്കുന്ന പഞ്ചവാദ്യവും, ആയുധമേന്തിയ ദേവസ്വം കൃഷ്ണനാട്ടം കളിയിലെ കലാകാരൻമാരുടെ വേഷവും ഗ്രാമപ്രദക്ഷിണത്തിന് അകമ്പടിയാകും. ഗ്രാമപ്രദക്ഷിണത്തിന് ശേഷമാണ്  പള്ളിവേട്ട. വേട്ടയാടാനായി ദേവൻ പള്ളിവേട്ടക്ക് പോകുന്നതെന്നാണ് സങ്കൽപ്പം. പക്ഷിമൃഗാദികളുടെ വേഷം കെട്ടിയ മൃഗങ്ങളെ വോട്ടയാടുന്നതോടെ പള്ളിവേട്ട സമാപിക്കും. പള്ളിവേട്ടകഴിഞ്ഞ് നമസ്കാരമണ്ഡപത്തിൽ പ്രത്യേകം തയ്യാറാക്കിയ കട്ടിലിൽ പള്ളിയുറക്കം നടക്കും. പള്ളിവേട്ടയുടെ ആലസ്യത്തിൽ കിടന്നുറങ്ങുന്ന ദേവന്റെ ഉറക്കത്തിന് തടസ്സമുണ്ടാകാതിരിക്കാൻ   ക്ഷേത്രത്തിനകത്ത് രാത്രി, നാഴികമണി പോലും പ്രവർത്തിക്കുകയില്ല. വർഷത്തിൽ ഈ ദിവസം മാത്രമാണ് ക്ഷേത്രത്തിൽ രാത്രി നാഴികമണി അടിക്കാതിരിക്കുന്നത്. വെള്ളിയാഴ്ച  രാവിലെ പശുകിടവിന്റെ കരച്ചിൽ കേട്ടാണ്  പള്ളിയുറക്കത്തിൽ നിന്നുമുണരുക. അതിനായി രാത്രി ക്ഷേത്രത്തിനകത്ത് പശുകിടാവിനെ തയ്യാറാക്കിനിർത്തും. അതുകൊണ്ട് വെള്ളിയാഴ്ച  രാവിലെ ഉദ്ദേശം ഏഴിന്ന  ശേഷം മാത്രമേ ക്ഷേത്രത്തിലേക്ക് വിശ്വാസികൾക്ക് ദർശനമുനുവിക്കുകയുള്ളു. ഉത്സവത്തിന്റെ അതിപ്രധാനമായ  ആറാട്ട് വെള്ളിയാഴ്ചയാണ്. ദീപാരാധനക്ക് ശേഷം ആറാട്ട് ദേവനെ പുറത്തേക്കെഴുന്നെള്ളിക്കും. വാദ്യകുലപതികൾ പങ്കെടുക്കുന്ന പഞ്ചവാദ്യവും, ആയുധമേന്തിയ ദേവസ്വം കൃഷ്ണനാട്ടം കളിയിലെ കലാകാരൻമാരുടെ വേഷവും ഗ്രാമപ്രദക്ഷിണത്തിന് അകമ്പടിയാകും. ഗ്രാമപ്രദക്ഷിണത്തിന് ശേഷം ഭഗവതിമാടത്തിലൂടെ ആറാട്ടുകടവിൽ എത്തുന്ന സ്വർണ്ണ തിടമ്പ്, മഞ്ഞൾ അഭിഷേകത്തിന് ശേഷമാണ് രുദ്രതീർത്തത്തിൽ ആറാടുക. തുടർന്ന്  വിശ്വാസികളും  തീർത്ഥക്കുളത്തിൽ കുളിച്ച് കയറും. ക്ഷേത്രത്തിനകത്ത് പിടിയാനപുറമേറിയ ദേവൻ 11 തവണ പ്രദക്ഷിണം ഓടി പൂർത്തിയാക്കും.  തുടർന്ന് ക്ഷേത്രം തന്ത്രി സ്വർണ്ണകൊടിമരത്തിൽ കയറ്റിയ സപ്തവർണ്ണകൊടി ഇറക്കുന്നതോടെ ഈ വർഷത്തെ ഉത്സവത്തിന്  പരിസമാപ്തിയാകും.

thahani steels

Comments are closed.