
ചാവക്കാട് : പോലീസ് ഉദ്യോഗസ്ഥരുടേയും നാട്ടുകാരുടേയും കൃത്യമായ ഇടപെടൽ മൂലം രക്ഷപ്പെട്ടത് മൂന്ന് ജീവൻ. ചാവക്കാട് ദ്വാരക ബീച്ച് റോഡിലുള്ള ചക്കരവീട്ടിൽ അമീറിന്റെ വീട്ടിലാണ് സംഭവം. വ്യാഴാഴ്ച്ച പുലർച്ചെ 12.30 മണിയോടെയാണ് ബേബി റോഡിലുള്ള ഒരു വീട്ടിൽ ഒരാൾ വീട്ടുകാരെ കത്തിവീശി ഉപദ്രവിക്കുന്നു എന്ന് സ്റ്റേഷനിലേക്ക് നാട്ടുകാർ വിളിച്ചറിയിച്ചത്. ഉടൻതന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ ശരത് സോമനും സിവിൽ പോലീസ് ഓഫീസർമാരായ അരുൺ, റോബിൻസൺ എന്നിവരുമൊത്ത് സംഭവസ്ഥലത്തെത്തുകയും കത്തിയുമായി വീട്ടുകാരെ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്ന യുവാവിൽ നിന്നും പിതാവ് അമീർ, മാതാവ് ഫാത്തിമ, സഹോദരൻ ഫെമീർ എന്നിവരെ രക്ഷിക്കുകയായിരുന്നു. വീട്ടുകാരെ പോലീസുദ്യോഗസ്ഥർ രക്ഷിച്ചതിലുള്ള വിരോധത്തിൽ യുവാവ് പോലീസ് ഉദ്യോഗസ്ഥരെ സ്റ്റീൽ പൈപ്പുകൊണ്ട് ആക്രമിക്കുകയും കത്തികൊണ്ട് കുത്തിപരിക്കേൽപ്പിച്ച് വധിക്കാൻ ശ്രമിക്കുകയും ചെയ്തു. പിന്നീട് ഇൻസ്പെക്ടർ വിമലിൻെറ നേതൃത്വത്തിലെത്തിയ കൂടുതൽ പോലീസുദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് അതിസാഹസികമായാണ് പ്രതിയെ കീഴ്ടാക്കിയത്.

പരിക്കുപറ്റിയ സബ് ഇൻസ്പെക്ടർ ശരത് സോമനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുറിവ് ഗുരുതരമായതിനാൽ തൃശൂരിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിൽ ഇൻസ്പെക്ടർ വിമൽ, സിവിൽ പോലീസ് ഓഫീസർ അരുൺ എന്നിവർക്കും പരിക്കേറ്റു. അരുണിൻെറ വിരലിൻെറ എല്ലിന് പൊട്ടുണ്ട്.
സിവിൽ പോലീസ് ഓഫീസർമാരായ രഞ്ജിത്ത്, അനീഷ്, പ്രദീപ്, ശിവപ്രസാദ്, റോബിൻസൺ, ഹരികൃഷ്ണൻ എന്നിവരും നാട്ടുകാരായ സുബൈർ, ഷഹ്വാൻ എന്നിവരും ചേർന്നാണ് പ്രതിയെ കീഴടക്കിയത്. മാനസികാസ്വാസ്ഥ്യമുള്ളയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു.

Comments are closed.