ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് അഷ്ടമി രോഹിണി ആഘോഷിക്കും
ഗുരുവായൂര്‍ : ക്ഷേത്രത്തില്‍ ഇന്ന് അഷ്ടമി രോഹിണി ആഘോഷിക്കും. ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തില്‍ രാവിലെയും ഉച്ചതിരിഞ്ഞും കാഴ്ചശീവേലിയുണ്ടാകും. രാവിലെ ഏഴിനും ഉച്ചതിരിഞ്ഞ് മൂന്നിന് നടക്കുന്ന കാഴ്ചശീവേലിയ്ക്കും രാത്രി വിളക്കെഴുന്നള്ളിപ്പിനും സ്വര്‍ണക്കോലമാണ് എഴുന്നള്ളിക്കുക. രാവിലെയും ഉച്ചതിരിഞ്ഞും നടക്കുന്ന എഴുന്നള്ളിപ്പിന് ഗജരത്‌നം പദ്മനാഭനും രാത്രിയില്‍ വലിയകേശവനുമാണ് സ്വര്‍ണ്ണക്കോലം എഴുന്നള്ളിക്കുക. സ്വര്‍ണ്ണ നിര്‍മ്മിതമായ 175 പൂക്കള്‍ക്ക് നടുവില്‍ വലിയ സ്വര്‍ണ്ണപൂവും തൊട്ടുതാഴെ മരതകപച്ച, വീരശൃംഘല എന്നയുമുള്ള സ്വര്‍ണ്ണക്കോലം വിശേഷാവസരങ്ങളില്‍ മാത്രമാണ് എഴുന്നള്ളിക്കാറ്. ഭക്തര്‍ ഏറെ പവിത്രമായി കരുതുന്ന സ്വര്‍ണ്ണക്കോലം എഴുന്നള്ളിക്കുന്നത് കണ്ട് തൊഴുന്നത് ഏറെ പുണ്യമാണെന്നാണ് വിശ്വാസം. സ്വര്‍ണ്ണക്കോലം എഴുന്നള്ളിക്കുന്ന സമയത്ത് ക്ഷേത്രത്തില്‍ അപൂതപൂര്‍വ്വമായ ഭക്തജനതിരക്കനുഭവപ്പെടും. രാവിലെയുള്ള കാഴ്ചശീവേലിക്ക് പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ മേളവും ഉച്ചതിരിഞ്ഞ് ചോറ്റാനിക്കര വിജയന്റെ പഞ്ചവാദ്യവും അകമ്പടിയാവും. രാത്രി വിളക്കെഴുന്നള്ളിപ്പിനും പഞ്ചവാദ്യമായിരിക്കും. അമ്പാടികണ്ണന്റെ പിറന്നാളിന് ദേവസ്വം വിഭവസമൃദ്ധമായ സദ്യയാണ് ഒരുക്കുന്നത്. 25000 പേര്‍ക്ക് സദ്യ നല്‍കാനുള്ള ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. 9,40,000 രൂപയാണ് ദേവസ്വം ഇതിനായി മാറ്റിവെച്ചിട്ടുള്ളത്. പടിഞ്ഞാറെനടയിലെ അന്നലക്ഷ്മി ഹാളിലും പ്രത്യേകം തയ്യാറാക്കുന്ന പന്തലിലുമായാണ് സദ്യ. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സദ്യ വൈകീട്ട് നാല് വരെ തുടരും. അഷ്ടമിരോഹിണിക്ക് പ്രധാന വഴിപാടായ നെയ്യപ്പം 4,40,000 രൂപയ്ക്ക് തയ്യാറാക്കും. അപ്പം വഴിപാട് രസീതാക്കാന്‍ ചൊവ്വാഴ്ച വൈകുന്നേരത്തോടെ പ്രത്യേക കൗണ്ടറുകള്‍ ആരംഭിച്ചിട്ടുണ്ട്. 20 രൂപയുടേതാണ് ചുരുങ്ങിയ ടിക്കറ്റ്. ഇതിന് രണ്ട് അപ്പം ലഭിക്കും. പരമാവധി 100 രൂപയുടെ ടിക്കറ്റ് നല്‍കും മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ പത്തിന് സാംസ്‌കാരിക സമ്മേളനത്തില്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രകലാ പുരസ്‌കാരം നങ്ങ്യാര്‍കൂത്ത് കലാകാരി ഉഷ നങ്ങ്യാര്‍ക്ക് കലാമണ്ഡലം ക്ഷേമാവതി സമ്മാനിക്കും. ഉഷ നങ്ങ്യാരുടെ നങ്ങ്യാര്‍കൂത്തും അരങ്ങേറും. രാത്രി കൃഷ്ണനാട്ടത്തിലെ തിരഞ്ഞെടുത്ത രംഗങ്ങളും അവതരിപ്പിക്കും. ഗുരുവായൂര്‍ നായര്‍ സമാജത്തിന്റെ നേതൃത്വത്തില്‍ അഷ്ടമിരോഹിണി ആഘോഷക്കമ്മിറ്റിയുടെ ആഘോഷങ്ങള്‍ രാവിലെ ഒമ്പതിന് മമ്മിയൂര്‍ ക്ഷേത്രസന്നിധിയില്‍ നിന്ന് തുടങ്ങും. ദേവീദേവന്മാരുടെ തിടമ്പുകള്‍ പ്രതിഷ്ഠിച്ച ജീവത എഴുന്നള്ളത്ത്, ഗോപികാനൃത്തം, ഉറിയടി, ഭജന, നാദസ്വരം, മേളം, കൃഷ്ണരഥം തുടങ്ങിയവ ഘോഷയാത്രയില്‍ അണിനിരക്കും. സന്ധ്യക്ക് മമ്മിയൂര്‍ ക്ഷേത്രസന്നിധിയില്‍ നിന്ന് താലം കെട്ടുകാഴ്ചകള്‍ എന്നിവയോടെയുള്ള ഘോഷയാത്ര നഗരം ചുറ്റി മമ്മിയൂരില്‍ സമാപിക്കും. ബാലഗോകുലത്തിന്റെ ശോഭയാത്ര, പെരുന്തട്ട ശിവഭക്തസേവാ സംഘത്തിന്റെ ഘോഷയാത്ര എന്നിവയുമുണ്ടാകും
Comments are closed.