ചാവക്കാട്: നഗരത്തില്‍ ഏര്‍പ്പെടുത്തിയ ഗതാഗത പരിഷ്‌ക്കാരത്തെ തുടര്‍ന്ന്  ബസ്സുകള്‍ സ്റ്റാന്‍ഡില്‍ പ്രവേശിക്കാതെ പോകുന്നതില്‍ പ്രതിഷേധിച്ച് യൂത്ത്‌കോഗ്രസ് പ്രവര്‍ത്തകര്‍ ബസ് തടഞ്ഞു. ബസ് തടഞ്ഞ് റോഡ് ഉപരോധിച്ച കുറ്റത്തിന് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. വെള്ളിയാഴ്ച രാവിലെയാണ് യൂത്ത് കോഗ്രസ് ചാവക്കാട് മണ്ഡലം പ്രസിഡന്റ് കെ.കെ ഫവാസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ വടക്കേബൈപ്പാസ് ജംഗ്ഷനിലെത്തി സ്റ്റാന്‍ഡില്‍ പ്രവേശിക്കാതെ വരുന്ന ബസ്സുകള്‍ തടഞ്ഞ് നിര്‍ത്തി റോഡ് ഉപരോധിച്ചത്. വടക്കേ ബൈപ്പാസ് ജംഗ്ഷന്‍ വഴി ബസ്സുകള്‍ സ്റ്റാന്‍ഡിലേക്ക് തിരിച്ചുവിടുകയും ചെയ്തു. പോലീസെത്തി അറസ്റ്റു ചെയ്തു നീക്കുന്നത് വരെ സ്റ്റാന്‍ഡില്‍ പ്രവേശിക്കാതെ വരുന്ന ബസ്സുകള്‍ തടഞ്ഞ് സ്റ്റാന്‍ഡിലേക്ക് വഴിതിരിച്ചു വിടുന്നത് പ്രവര്‍ത്തകര്‍ തുടര്‍ന്നു. സ്റ്റാന്‍ഡിലേക്ക്  ടിക്കറ്റെടുക്കുന്ന യാത്രക്കാരെ വഴിയില്‍ ഇറക്കിവിടുകയാണെന്നും പോലീസും നഗരസഭ അധികൃതരും ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്നും യൂത്ത്‌കോഗ്രസ് കുറ്റപ്പെടുത്തി. നഗരത്തില്‍ ഏര്‍പ്പെടുത്തിയ പുതിയ ഗതാഗത പരിഷ്‌ക്കാരത്തെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍, പൊന്നാനി ഭാഗത്തു നിന്ന് വരുന്ന ബസ്സുകള്‍ ചാവക്കാട് ബസ് സ്റ്റാന്‍ഡില്‍ കയറാതെയാണ് സര്‍വ്വീസ് നടത്തുന്നത്. ഇതിനാല്‍ ചാവക്കാട് താലൂക്ക് ഓഫീസ് പരിസരത്ത് ബസ്സിറങ്ങുന്ന യാത്രക്കാര്‍ക്ക് സ്റ്റാന്‍ഡിലേക്ക് പോകാന്‍ ബുദ്ധിമുട്ടുകയാണ്. യൂത്ത് കോഗ്രസ് പ്രവര്‍ത്തകരായ എച്ച്എം നൗഫല്‍, കെ.വി സത്താര്‍, നിഖില്‍ ജി കൃഷ്ണന്‍, അനീഷ് പാലയൂര്‍, ബൈജു തെക്കന്‍ എന്നിവര്‍ ബസ് തടയല്‍ സമരത്തിന് നേതൃത്വം നല്‍കി.