കഞ്ചാവ് കേസില്‍ ചാവക്കാട്  പൊലീസ് അറസ്റ്റ് ചെയ്ത സജിത് കുമാര്‍

കഞ്ചാവ് കേസില്‍ ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്ത സജിത് കുമാര്‍

ചാവക്കാട്: തൊട്ടാപ്പില്‍ വിദ്യാര്‍ത്ഥികള്‍ക്ക്   കഞ്ചാവ് വില്‍ക്കുന്ന യുവാവിനെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. കടപ്പുറം തൊട്ടാപ്പ്  കറുപ്പന്‍ വീട്ടില്‍ സജിത് കുമാറി(സജു 31)നെയാണ് ചാവക്കാട് എസ്.ഐ എം.കെ രമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പഴനിയില്‍ നിന്നും ബസ്സിലാണ് ഇയാള്‍ കഞ്ചാവ് എത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു. കഞ്ചാവിന്റെ 500 രൂപയുടെ പൊതി പാക്കറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വില്‍പ്പന നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന്‍ പോലീസ് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കായി മിഠായി രൂപത്തില്‍ ചെറു പൊതികളായാണ് ഇയാള്‍ കഞ്ചാവ് സൂക്ഷിക്കുന്നത്. എട്ടു മാസത്തോളമായി പ്രതിക്കു വേണ്ടി പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. തീരമേഖലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വില്‍ക്കാനാണ് കഞ്ചാവ് സൂക്ഷിക്കുന്നതെന്ന്‍ യുവാവ് സമ്മതിച്ചതായി പൊലിസ് പറഞ്ഞു. കഞ്ചാവ് കേസില്‍ രണ്ട് തവണ എക്‌സൈസ് അധികൃതര്‍  ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചാവക്കാട് സ്‌റ്റേഷനില്‍ ഇയാള്‍ക്കെതിരെ നിരവധി അടിപിടി കേസുകളും ഉണ്ട്. എസ്.ഐ എം.എ ബാലന്‍, എ.എസ്‌ഐ അനില്‍ മാത്യു, സി.പി.ഒമാരായ വേണു, ശ്രീനാഥ്, ലോഫിരാജ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.