ഗുരുവായൂര്‍ : റെയില്‍വേ സ്റ്റേഷനില്‍ ആഗസ്റ്റ് 15 മുതല്‍ പ്രീപേയ്ഡ് ഓട്ടോ സംവിധാനം നടപ്പാക്കാന്‍ ട്രാഫിക് റെഗുലേറ്ററി അതോറിറ്റി യോഗം തീരുമാനിച്ചു. ഇന്നര്‍ റിങ് റോഡില്‍ വണ്‍വേ നടപ്പാക്കാനും യോഗം തീരുമാനിച്ചു. ഓട്ടോറിക്ഷകളുടെ അമിത നിരക്കിനെ കുറിച്ചും മോശം പെരുമാറ്റത്തെ കുറിച്ചും  പരാതികളുയര്‍ന്ന സാഹചര്യത്തിലാണ് നഗരസഭാധ്യക്ഷ ട്രാഫിക് റെഗുലേറ്ററി അതോറിറ്റയുടെ യോഗം വിളിച്ചു ചേര്‍ത്തത്. ഇന്നര്‍ റിംഗ് റോഡിലെ വണ്‍വേ സംവിധാനം ഏത് രീതിയില്‍ വേണമെന്നും എന്നു മുതല്‍ തുടങ്ങണമെന്നും ഗുരുവായൂരിലെ വിവിധ സംഘടനാ ഭാരവാഹികളുടെ യോഗം ചേര്‍ന്ന് തീരുമാനിക്കും. കിഴക്കെനടയിലും പടിഞ്ഞാറെ നടയിലും പ്രീപെയ്ഡ് സംവിധാനം പീന്നീട് നടപ്പാക്കാനും യോഗം തീരുമാനിച്ചു. നഗരത്തില്‍ പ്രീപെയ്ഡ് സംവിധാനം നടപ്പാക്കുന്നതിനെ കുറിച്ച് യോഗത്തില്‍ ഏകാഭിപ്രായമാണ് ഉയര്‍ന്നത്. മിനിമം വാടകക്ക് പോകാവുന്ന പ്രധാനസ്ഥലങ്ങളെ കുറിച്ച് ബോര്‍ഡ് സ്ഥാപിക്കും. ഇത് ഓട്ടോറിക്ഷകളില്‍ പ്രദര്‍ശിപ്പിക്കുയും ചെയ്യും. നഗരത്തിലെ പാര്‍ക്കിങ് ഇടങ്ങളെ കുറിച്ച് ട്രേഡ് യൂനിയനുകളുമായി ചര്‍ച്ച നടത്തി നഗരസഭ ധാരണയുണ്ടാക്കും. പാര്‍ക്കിങ് സ്ഥലങ്ങളില്‍ ഷെഡുകള്‍ അനുവദിക്കില്ല. റെയില്‍വേ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോക്ക് കാബിനും ആവശ്യമായ സോഫ്റ്റ്‌വെയറും നഗരസഭ നല്‍കും. യോഗത്തില്‍ നഗരസഭാധ്യക്ഷ പ്രഫ.പി.കെ.ശാന്തകുമാരി അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ ടി.പ്രീജകുമാരി, എ.സി.പി ആര്‍. ജയചന്ദ്രന്‍ പിള്ള, ജോയിന്റ് ആര്‍.ടി.ഒ എസ്.ആര്‍.ഷാജി, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.എം. ഇബ്രാഹിംകുട്ടി, ആര്‍.പി.എഫ് വി.കെ.ചന്ദ്രന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.