ചാവക്കാട് ബീച്ചിലെ വെള്ളക്കെട്ടിനു പിന്നിൽ അശാസ്ത്രീയ നിർമിതികൾ
ചാവക്കാട് : വേലിയേറ്റം പ്രകൃതി പ്രതിഭാസമാണെങ്കിലും ചാവക്കാട് ബീച്ചിലുണ്ടാകുന്ന വെള്ളക്കെട്ടിനു കാരണമാകുന്നത് മേഖലയിലെ അശാസ്ത്രീയ നിർമിതികൾ. മഴക്കാലത്ത് ഒഴുകിയെത്തുന്ന ജലം കടലിലേക്ക് ഒഴുക്കിവിടാൻ കീറിയിട്ട ചാലിലൂടെയാണ് വേലിയേറ്റ സമയം കടൽ വെള്ളം കയറി ബീച്ചിൽ വെള്ളക്കെട്ടുണ്ടാകുന്നത്. ചാവക്കാട് ബീച്ചിൽ താഴ്ന്ന ഭാഗമായ പാർക്കിംഗ് മേഖലയിലും അതിനോട് ചേർന്ന് കിടക്കുന്ന ബീച്ചിലേക്കുള്ള പ്രവേശന ഭാഗത്തുമാണ് വെള്ളക്കെട്ട് അനുഭവപ്പെടുന്നത്. വേലിയേറ്റ സമയങ്ങളിൽ കേറുന്ന വെള്ളം ബീച്ചിലെ മറ്റുഭാഗങ്ങളിൽ നിന്നും വേലിയിറക്കം ഉണ്ടാകുന്നതോടെ തിരികെ ഇറങ്ങിപ്പോകുമെങ്കിലും താഴ്ന്നു കിടക്കുന്ന പാർക്കിങ് ഏരിയയിലെ വെള്ളം അവിടെത്തന്നെ കിടക്കും. പിന്നീട് ജെ സി ബി ഉപയോഗിച്ച് നിലവിലുള്ള ചാലിനെ കടലുമായി ബന്ധിപ്പിച്ചാണ് കെട്ടിക്കിടക്കുന്ന വെള്ളം കടലിലേക്ക് ഒഴുക്കുന്നത്. ഇതിനു വേണ്ടി കീറുന്ന കടൽ തീരത്തിനോട് ചേർന്നുള്ള ചാലുകൾ ഒറ്റ ദിവസം കൊണ്ട് തന്നെ കടൽതിരയടിച്ച് മൂടിപ്പോകുമെന്ന് നാട്ടുകാർ പറഞ്ഞു. അടുത്ത വേലിയേറ്റത്തിൽ വീണ്ടും ഇതേ ജോലി ആവർത്തിക്കണം.
ബീച്ച് സൗന്ദര്യ വൽക്കരണത്തിന് വേണ്ടിയുള്ള നിർമാണ പ്രവർത്തികൾക്ക് മണ്ണെടുത്താണ് ടൈൽ വിരിച്ച ഫൂട്ട് പാത്തിനോട് ചേർന്ന് കിടക്കുന്ന പാർക്കിംഗ് ഏരിയ താഴ്ന്ന പ്രദേശമായത്. ഈ ഭാഗം മണ്ണിട്ട് ഉയർത്തുകയും മഴവെള്ളം കടലിലേക്ക് ഒഴുക്കാൻ ഉണ്ടാക്കിയ ചാൽ മൂടുകയും ചെയ്‌താൽ നാട്ടുകാരെയും സന്ദർശകരേയും ദുരിതത്തിലാക്കുന്ന ബീച്ചിലെ വെള്ളക്കെട്ട് ഒഴിവാക്കാനാവും.
എന്നാൽ ബ്ലാങ്ങാട് മത്സ്യ മാർക്കറ്റിൽ നിന്നുള്ള മലിനജലം ഉൾപ്പെടെ റോട്ടിലെ മഴവെള്ളം ബീച്ച് ലൈബ്രറി പരിസരത്ത് നിന്നും ആരംഭിക്കുന്ന കാന വഴി ഒഴുകിയെത്തി ബീച്ച് സെന്ററിലെ കൽവർട്ട് വഴി റോഡിനു പടിഞ്ഞാറ് എത്തി അവിടെനിന്നും തുറന്ന കിടക്കുന്ന ചാലിലൂടെ ഒഴുകി എത്തുന്നത് ബീച്ചിലെ പാർക്കിംഗ് ഭാഗത്തേക്കാണ്. ബീച്ചിലേക്കുള്ള പ്രധാന പ്രവേശന ഭാഗത്ത് ഫിഷ് ലാന്റിങ് സെന്ററിന് പുറകിലായി കൽവർട്ടിൽ നിന്നും തുടങ്ങുന്ന ചാൽ അവസാനിക്കും. പിന്നീട് പാർക്കിങ് ഏരിയയിലേക്ക് വെള്ളം പരന്നൊഴുകും. വടക്ക് ദ്വാരക ബീച്ചിന് കിഴക്ക് ഭാഗത്തു നിന്നും തുടങ്ങി ബീച്ച് പാർക്കിന് കിഴക്ക് വശത്തുള്ള പറമ്പിലൂടെ വെള്ളം ചാലിട്ടൊഴുകി എത്തുന്നതും ഇതേ പാർക്കിങ് ഏരിയയിലേക്കാണ്. മഴക്കാലത്താണ് ഇതിന്റെ രൂക്ഷത വ്യക്തമാവുകയുള്ളൂ. മഴക്കാലത്ത് കാനയിലൂടെയും മറ്റും ഇവിടേക്ക് ഒഴുകിയെത്തുന്ന വെള്ളം കടലിലേക്ക് ഒഴുക്കി വിടുന്നതിനാണ് പാർക്കിംഗ് ഏരിയയോട് ചേർന്ന വലിയ ചാൽ (അറപ്പ) ഉണ്ടാക്കിയിട്ടിട്ടുള്ളത്. ഈ ചാൽ തൂർക്കുകയും പാർക്കിങ് ഏരിയ ഉയർത്തുകയും ചെയ്‌താൽ കിഴക്ക് നിന്ന് കാനയിലൂടെയും വടക്ക് നിന്ന് ചാലിലൂടെയും ഒഴുകിയെത്തുന്ന വെള്ളം മറ്റു പ്രശ്നങ്ങൾ ഉയർത്തും.
മഴവെള്ളം കടലിലേക്ക് ഒഴുക്കി വിടുന്നത് ഉൾപ്പെടെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുന്നതിനു വിദഗ്ദ്ധ സംഘത്തെ നിയോഗിച്ച് പഠനം നടത്തി ബീച്ചിലെ ദുരിതാവസ്ഥക്ക് പരിഹാരം കാണണം. ബീച്ച് ടൂറിസം വികസനത്തിന് പണം ചിലവഴിക്കുന്നവർ ഇത്തരം അടിസ്ഥാന പ്രശ്നങ്ങൾക്ക് നേരെ കണ്ണടക്കുകയാണ്.
Comments are closed.