Header

ഡിസ്പോസ്ബിൾ പ്ലാസ്‌റ്റിക് ഉപയോഗം – നാളെ മുതൽ പിടിവീഴും 50000 രൂപ പിഴയും

ചാവക്കാട് : ഡിസ്പോസിബിൾ പ്ലാസ്‌റ്റിക് ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിന് നാളെ മുതൽ കർശന വിലക്ക് ജൂലൈ ഒന്ന് നാളെ മുതൽ ഒറ്റ തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കേന്ദ്ര സർക്കാർ നിരോധിച്ചതിനെ തുടർന്ന് ചാവക്കാട് നഗരസഭാ പരിധിയിൽ പരിശോധന കർശനമാക്കും. ഡിസ്പോസിബിൾ പ്ലാസ്‌റ്റിക് ഉത്പന്നങ്ങൾ നിർമിക്കുകയോ വിൽക്കുകയോ ചെയ്‌താൽ ശിക്ഷാ നടപടികൾ നേരിടേണ്ടി വരും.

പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്നതിനു മുന്നോടിയായി വ്യാപാര സ്ഥാപന ഉടമകളുടെ യോഗം ചേരുകയും പിന്തുണ തേടുകയും ചെയ്തിട്ടുണ്ട്.
ആദ്യ തവണ നിയമലംഘനം പിടികൂടിയാൽ 10000 രൂപയും രണ്ടാം തവണ 25000 രൂപയും മൂന്നം തവണ 50000 രൂപയും പിഴ ഈടാക്കും കുറ്റം വീണ്ടും ആവർത്തിച്ചാൽ വ്യാപാര ലൈസൻസ് റദ്ദാക്കും.

75 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക് കാരി ബാഗുകൾക്കും 60 ജിഎസ്എമ്മിൽ (ഗ്രാം പേർ സ്ക്വയർ മീറ്റർ) കുറഞ്ഞ നോൺ–വൂവൺ ബാഗുകൾക്കുമാണ് രാജ്യമാകെ നിരോധനം. കേരളത്തിൽ ഇവയ്ക്കെല്ലാം നിരോധനം നിലവിലുണ്ട്. തുണിസഞ്ചിയെന്നു തെറ്റിദ്ധരിക്കപ്പെടാവുന്ന നോൺ‌–വൂവൺ കാരി ബാഗുകൾ, പോളി പ്രൊപ്പിലീനും കാൽസ്യം കാർബണേറ്റും ഉപയോഗിച്ചാണ് നിർമിക്കുന്നത്. ഇവ മണ്ണിൽ പൂർണമായി അലിഞ്ഞു ചേരില്ല; പുനരുപയോഗവും സാധിക്കില്ല.

കേരളത്തിൽ നിരോധിച്ച 15 വസ്തുക്കൾക്ക് പുറമെ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ പട്ടികയിൽ ഉൾപെട്ട ആറ് വിഭാഗത്തിലുള്ള പ്ലാസ്റ്റിക്ക് വസ്തുക്കൾ കൂടിയാണ് വെള്ളിയാഴ്ച മുതൽ നിരോധനമേർപ്പെടുത്തുന്നവയിൽ ഉൾപ്പെടുന്നത്.

കോവിഡ് വ്യാപനവും രാജ്യവ്യാപക ലോക്ക് ഡൗണുമൊക്കെ നിലവിൽ വന്നതോടെ പ്ലാസ്റ്റിക് ഉപയോഗ നിരോധനം പ്രാബല്യത്തിൽ വരുത്തുന്നതിന് പലവിധത്തിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടായി. അതോടെ സംസ്ഥാനത്തെ പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ച് കർശന നടപടികളിൽ അയവ് വന്നു. ഒറ്റത്തവണ ഉപയോഗിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് മാത്രമേ ആഹാര സാധനങ്ങളുൾപ്പടെ വിതരണം ചെയ്യാൻ സാധിക്കുകയുള്ളൂ എന്ന അവസ്ഥയുണ്ടായപ്പോൾ നിരോധനം നടപ്പിലാക്കുന്നതിൽ അയവുണ്ടായി. എന്നാൽ, ഈ കാര്യത്തിൽ വീണ്ടും പഴയതുപോലെ നിയന്ത്രണം കർശനമാക്കുകയാണെന്ന് ഹരിത കേരളാ മിഷൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇനി മുതൽ പരിശോധന കർശനമാക്കുമെന്നും നിരോധനം ലംഘിക്കുന്നവരിൽ നിന്നും ഹരിത ചട്ടപ്രകാരമുള്ള പിഴ ഈടാക്കുമെന്നും വ്യക്തമാക്കിയിരിന്നു.

കേന്ദ്ര മലീകരണ നിയന്ത്രണ ബോർഡ് 75 മൈക്രോണിന് മുകളിലുള്ള ക്യാരി ബാഗുകൾ 2022 ഡിസംബർ വരെ ഉപയോഗിക്കാൻ അനുവദിച്ചിട്ടുണ്ട്. എന്നാൽ, സംസ്ഥാനത്ത് 2020 ലെ ഉത്തരവിൽ വ്യക്തമാക്കിയതനുസരിച്ച് എല്ലാത്തരം ക്യാരി ബാഗുകൾക്കുള്ള നിരോധനം ബാധകമായിരിക്കും.

സംസ്ഥാനത്ത് 2000 ജനുവരി മുതൽ നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കൾ:

1)പ്ലാസ്റ്റിക് ഗാർബേജ് ബാഗുകൾ, 2) നോൺ വുവൺ ബാഗുകൾ (നൂറ് ശതമാനം പോളിപ്രൊപൊലിൻ ആയവ ആയതിനാൽ പുനരുപയോഗത്തിന് സാധിക്കില്ല), 3) പ്ലാസ്റ്റിക് കൊടികൾ, 4)പ്ലാസ്റ്റിക് ബണ്ടിങ്ങ്, 5) 500 എം എല്ലിന് താഴെയുള്ള കുടിവെള്ള പെറ്റ് ബോട്ടിലുകൾ, 6)എല്ലാ കനത്തിലുമുള്ള ക്യാരി ബാഗുകൾ, 7) പ്ലാസ്റ്റിക്ക് കോട്ടിങ്ങ് ഉള്ള പേപ്പർ കപ്പുകൾ, പേപ്പർ പ്ലേറ്റുകൾ, പേപ്പർ ബൗളുകൾ, പേപ്പർ ബാഗുകൾ, 8)പ്ലാസ്റ്റിക്/ പ്ലാസ്റ്റിക് കോട്ടിങ്ങുള്ള ഇല കൊണ്ടുള്ള പ്ലേറ്റുകൾ, 9)വഴിയോരങ്ങളിലും കടകളിലും ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് പായ്ക്കറ്റുകൾ, 10) പ്ലാസ്റ്റിക്ക് തൈ ബാഗുകൾ, 11)പ്ലാസ്റ്റിക്ക് ഷീറ്റുകൾ (മേശവിരി- ആഘോഷവുമായി ബന്ധപെട്ട ചടങ്ങുകളിൽ മേശകളിൽ വിരിക്കുന്ന പേപ്പർ പോലെ വിലകുറഞ്ഞ പ്ലാസ്റ്റിക് ഷീറ്റ്), 12) പ്ലാസ്റ്റിക് കുടിവെള്ള പൗച്ചുകൾ, ബ്രാൻഡഡ് അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പായ്ക്കറ്റുകൾ, 13) തെർമോക്കോൾ, സ്ലൈറോഫോം എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന പ്ലേറ്റുകൾ, കപ്പുകൾ, അലങ്കാര വസ്തുക്കൾ, 14) പി വി സി ഫ്ലക്സ് മെറ്റീരിയലുകൾ, പ്ലാസ്റ്റിക് കോട്ടിങ്ങുള്ള പോളിസ്റ്റർ, നൈലോൺ, കൊറിയൻ തുണികൾ, 15) ഒറ്റത്തവണ ഉപഭോഗമുള്ള പ്ലാസ്റ്റിക് കപ്പുകൾ, പ്ലേറ്റുകൾ, സ്പൂൺ, ഫോർക്കുകൾ, സ്ട്രോകൾ, ഡിപ്പുകൾ, സ്റ്റിറർ.

കേരളത്തിൽ നിരോധിച്ചതിന് പുറമെ കേന്ദ്രം നിരോധിച്ചവ:

1) മിഠായി കോലുകൾ, 2) ഇയർബഡുകൾ, 3)ഐസ്ക്രീം സ്റ്റിക്കുകൾ, 4) ബലൂണിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പിടികൾ, 5) മധുരങ്ങൾ പൊതിയുന്ന പ്ലാസ്റ്റിക് 6) ക്ഷണക്കത്ത്, സിഗരറ്റ് എന്നിവപൊതിയുന്ന പ്ലാസ്റ്റിക്.

പ്ലാസ്‌റ്റിക് ന് പകരം തുണി സഞ്ചികളും മറ്റു സൗകര്യങ്ങളും ഉപയോഗപ്പെടുത്തി പൊതു ജനങ്ങൾ നഗരസഭയെ പ്ലാസ്‌റ്റിക് മുക്തമാക്കാൻ സഹകരിക്കണമെന്ന് ചാവക്കാട് നഗരസഭ സെക്രട്ടറി അഭ്യർത്ഥിച്ചു.

Comments are closed.