വോട്ടിംഗ് പുരോഗമിക്കുന്നു : പോളിംഗ് സ്റ്റേഷനുകൾ സജീവം

ചാവക്കാട് : സംസ്ഥാനത്ത് വിധിയെഴുത്തിന്റെ സുപ്രധാന ദിനം. രാവിലെ ഏഴുമണിക്ക് 7 മണിക്ക് തന്നെ മണ്ഡലത്തിലെ 232 ബൂത്തുകളിലും വോട്ടിംഗ് ആരംഭിച്ചു. രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുൻപ് തന്നെ പലയിടങ്ങളിലും നീണ്ട ക്യൂ ദൃശ്യമായിരുന്നു. മുതിർന്ന പൗരന്മാരും കന്നി വോട്ടർമാരും അടക്കം വലിയൊരു വിഭാഗം ജനങ്ങൾ രാവിലെ തന്നെ പോളിംഗ് ബൂത്തുകളിൽ എത്തി.

സുഗമമായ വോട്ടെടുപ്പിനായി കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളിൽ വെബ്കാസ്റ്റിംഗ് ഉൾപ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങൾ സജ്ജമാണ്.
ചിലയിടങ്ങളിൽ വോട്ടിംഗ് മെഷീനുകൾക്ക് തകരാർ റിപ്പോർട്ട് ചെയ്തെങ്കിലും ഉദ്യോഗസ്ഥർ ഉടനടി ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ച് വോട്ടെടുപ്പ് പുനരാരംഭിച്ചു.
നേതാക്കൾ ബൂത്തുകളിൽ
പ്രധാന രാഷ്ട്രീയ നേതാക്കളും സ്ഥാനാർത്ഥികളും വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ വോട്ട് രേഖപ്പെടുത്തി. എൽ ഡി എഫ് സ്ഥാനാർഥി എൻ കെ അക്ബർ കുടുംബ സമേതം രാവിലെ ഏഴുമണിക്ക് തന്നെ ചാവക്കാട് വുമൺസ് ഇസ്‌ലാമിക് കോളേജിലെ 147 നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. എൻ കെ അക്ബറിനോടൊപ്പം ഭാര്യ കെ കെ സഫീറ, മകൾ ആയിഷ ഹിബ എന്നിവരും വോട്ട് ചെയ്യാൻ എത്തിയിരുന്നു. യു ഡി എഫ് സ്ഥാനാർഥി സി എച്ച് റഷീദ് രാവിലെ എട്ടുമണിക്ക് കടപ്പുറം സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. ഭാര്യ ഫാത്തിമ, മകൻ ഇഹ്സാൻ, മകൾ ആയിഷ എന്നിവരോടൊപ്പമാണ് സി ച്ച് റഷീദ് വോട്ട് രേഖപ്പെടുത്താൻ എത്തിയത്.
നാട്ടിക എൽ ഡി എഫ് സ്ഥാനാർഥി ഗീതാ ഗോപി, സുരേഷ് ഗോപി എന്നിവർ ഗുരുവായൂരിൽ ദേവസ്വം ഇംഗ്ലീഷ് സ്കൂളിൽ ഏഴുമണിക്ക് തന്നെ വോട്ട് രേഖപ്പെടുത്തി.
വേനൽചൂട് കടുക്കുന്നതിന് മുൻപ് തന്നെ വോട്ട് രേഖപ്പെടുത്താനാണ് മിക്കവരും ശ്രമിക്കുന്നത്. പോളിംഗ് സ്റ്റേഷനുകളിൽ കുടിവെള്ളം, തണൽ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പാക്കിയിട്ടുണ്ട്. വികലാംഗർക്കും മുതിർന്ന പൗരന്മാർക്കുമായി പ്രത്യേക ക്യൂ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
വൈകുന്നേരം വരെ നീളുന്ന വോട്ടെടുപ്പിൽ ഇത്തവണ റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. വരും മണിക്കൂറുകളിൽ പോളിംഗ് ശതമാനം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments are closed.