വിശ്വാസികളെ ചേർത്ത് നിർത്തി വർഗീയതയെ പ്രതിരോധിക്കണം – എം വി ഗോവിന്ദൻ

ചാവക്കാട് : രാഷ്ട്രീയ മേധാവിത്വം നേടാൻ മതത്തെ ഉപയോഗിക്കുന്നവരാണ് വർഗ്ഗീയ വാദികളെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മൂന്നു ദിവസമായി ചാവക്കാട് നടന്നു വന്ന സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി ഐ ടി യു ) സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസികൾ വർഗ്ഗീയ വാദികളല്ല വർഗീയ വാദികൾക്ക് വിശ്വാസവുമില്ല, വർഗ്ഗീയതയെ പ്രതിരോധിക്കാൻ വിശ്വാസികൾക്കെ കഴിയൂ. വിശ്വാസികളെ ചേർത്ത് പിടിച്ച് വർഗീയതക്കെതിരെ പ്രതിരോധം തീർക്കണം. ആർ എസ് എസ്, ജമാഅത്തെ ഇസ്ലാമി എന്നിവയെപോലെ വർഗീയ വാദികളുടെ ഉപകരണമായി മാറിയിരിക്കുകയാണ് ക്രിസ്ത്യൻ സംഘടനയായ കാസ. ആർ എസ് എസ് കാരനായ ഗവർണർ ഗാന്ധി ഘാതകനായ ഗോഡ്‌സെ ഉൾപ്പെടെയുള്ള പുതിയ ദൈവങ്ങളുടെ ഫോട്ടോ രാജ് ഭവനിൽ സ്ഥാപിച്ചിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.


സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ പ്രസിഡന്റ് കൂട്ടായി ബഷീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബി പി ചിത്തരജ്ഞൻ, ട്രഷറർ ഗ്ലയ്നസ് റസാരിയോ, സി പി ഐ എം ചാവക്കാട് ഏരിയ സെക്രട്ടറി ടി ടി ശിവദാസൻ, കെ വി അബ്ദുൽ ഖാദർ, എം ബാലാജി, യു സൈനുദ്ധീൻ, പി എ ഹാരിസ് ബാബു, കെ എ റഹീം, പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രൻ, പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ, ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് എന്നിവർ സംസാരിച്ചു. കൺവീനർ എൻ കെ അക്ബർ എം എൽ എ സ്വാഗതവും ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത് നന്ദിയും പറഞ്ഞു.

Comments are closed.