mehandi new

മനുഷ്യ വിസർജ്ജ്യം പേറി 73 വർഷം – ചക്കംകണ്ടം നിവാസികളുടെ ദുരിതം തുടരും

fairy tale

എയറേഷൻ ടാങ്കിലെക്ക് മാലിന്യം പമ്പ് ചെയ്യുന്ന രണ്ടു മോട്ടോർ പമ്പുകളിൽ ഒരെണ്ണം നിരന്തരം പണിമുടക്കിലാണ്. നാലു ബ്ലോവറുകളിൽ ( കംപ്രസർ) രണ്ടെണ്ണം പ്രവർത്തന രഹിതമാണ്. രണ്ടു ക്ലാരിഫൈർ ബ്രിഡ്ജ് വീൽസിൽ ഒരെണ്ണം മാത്രമേ പ്രവർത്തന ക്ഷമമായിട്ടുള്ളൂ. മൂന്നു സാൻഡ് ഫിൽറ്റർ സിലിണ്ടറുകളും മൂന്നു കാർബൺ ഫിൽറ്റർ സിലിണ്ടറുകളുമാണ് ഇവിടയുള്ളത്. കാർബൺ ഫിൽറ്റർ സിലിണ്ടറുകളിൽ ഒന്ന് പൂർണ്ണമായും മറ്റു ചിലത് ഭാഗികമായും പ്രവർത്തിക്കുന്നില്ല.

planet fashion

ചാവക്കാട് :  ഈ അത്യന്താധുനിക കാലത്തും നമ്മുടെ നാട്ടിൽ മനുഷ്യ വിസർജ്ജ്യം ഒഴുകുന്ന തോടുകളുണ്ടെന്ന്  സങ്കൽപിക്കാൻ കഴിയുമോ. 1952ൽ ഗുരുവായൂരിൽ ആദ്യ ലോഡ്‌ജ് നിലവിൽ വന്നത് മുതൽ വലിയ തോട് വഴി  ചക്കംകണ്ടത്തേക്ക് ഒഴുകിത്തുടങ്ങിയതാണ് ഗുരുവായൂരിൽ നിന്നുള്ള കക്കൂസ് മാലിന്യങ്ങൾ. പേരിനു പല പദ്ധതികൾ വന്നെങ്കിലും 2025 ലും ഗുരുവായൂരിലെ മലം ചക്കകണ്ടം നിവാസികളുടെ ജീവിതം ദുരിതത്തിലാക്കിക്കൊണ്ടേയിരിക്കുന്നു. 

നിരവധി പ്രതിഷേധങ്ങളുടെ ഭാഗമായി 1973ലാണ് കക്കൂസ് മാലിന്യങ്ങൾ സംസ്കരിക്കാൻ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചത്. ഗുരുവായൂർ നഗരത്തിൽ തന്നെയുള്ള കാളപ്പാടത്താണ് സംസ്കരണശാല സ്‌ഥാപിക്കാൻ ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീടത്  ചക്കംകണ്ടത്തേക്ക് മാറ്റി. അന്നുമുതൽ തുടങ്ങിയതാണ് ചക്കകണ്ടം നിവാസികളുടെ സമരം.

ഗുരുവായൂരപ്പന് തുളസിയും താമരയും മറ്റും വളർത്താനാണെന്നും പ്രചരിപ്പിച്ച് ചക്കംകണ്ടം കായലിൽ ആറ് ഏക്കർ സ്ഥലം സർക്കാർ വിലകൊടുത്തു വാങ്ങിച്ചു.  ട്രീറ്റ് മെന്റ് പ്ലാന്റ് നിർമാണത്തിനായി പിന്നീട് കായൽ തൂർക്കാൻ തുടങ്ങി.  ഇതോടെ നാട്ടുകാർ സംഘടിച്ചു മണ്ണടിക്കുന്ന ലോറി തടുക്കലും അറസ്റ്റ് വരിക്കലും തുടർച്ചയായി നടന്നു. സ്‌തീകളും കുട്ടികളുമായിരുന്നു മുൻ പന്തിയിൽ. 26 വർഷങ്ങൾക്ക് ശേഷം പി ടി കുഞ്ഞമുഹമ്മദ്‌ എം എൽ എ ആയിരുന്ന കാലത്ത്  1999ലാണ് അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാർ  സംസ്‌കരണ ശാലക്ക് തറക്കല്ലിട്ടത്.  ശ്രീകൃഷ്‌ണ ഹൈസ്ക്‌കൂളിൽ വെച്ച് നടന്ന ചടങ്ങിലാണ് നിർമ്മാണോദ്ഘാടനം നടന്നത്. കായൽ നികത്തിയ ചക്കംകണ്ടത്ത് വരാനോ സമരക്കാരോട് സംസാരിക്കാനോ അദ്ദേഹം അന്ന് തയ്യാറായില്ല.

പിന്നീട് 2006 ന് ശേഷം കെ വി അബ്ദുൽ ഖാദർ എം എൽ എ ഇടപെട്ടാണ് മാലിന്യ സംസ്കരണ പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. പതിനഞ്ചു വർഷം എം എൽ എ ആയിരുന്നിട്ടും പ്ലാന്റ് പ്രവർത്തന ഘട്ടത്തിലെത്തിക്കാൻ കെ വി അബ്ദുൽ ഖാദറിനു കഴിഞ്ഞില്ല. 

മാലിന്യ കായല്‍ എന്ന പേരുദോഷം മാറ്റാന്‍ ചക്കംകണ്ടം കായല്‍ പ്രദേശത്ത് ടൂറിസത്തിന്റെ വിവിധ സാധ്യതകളൊരുക്കുമെന്ന് ഗുരുവായൂര്‍ നഗരസഭ അധികൃതരും, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും 2021ൽ പ്രസ്ഥാവിച്ചിരുന്നു. പില്‍ഗ്രിം ടൂറിസം, ബോട്ട് സവാരി, കുട്ടികളുടെ പാര്‍ക്ക്, കായല്‍ റസ്റ്റോറന്റ് എന്നീ പദ്ധതികളുമായി  ചക്കംകണ്ടം ടൂറിസം പ്രോജക്ട് തയ്യാറാക്കുന്നുണ്ടെന്നും  ചേറ്റുവ കോട്ട, ആനക്കോട്ട തുടങ്ങി ഗുരുവായൂരിലെ സമീപത്തെ പ്രദേശങ്ങള്‍ കൂടി യോജിപ്പിച്ച് വിനോദസഞ്ചാര കേന്ദ്രമാക്കുന്നതിനുള്ള പദ്ധതി പരിഗണിക്കുമെന്നും ചക്കംകണ്ടം സന്ദർശിച്ചതിന് ശേഷം അദ്ദേഹം  പറഞ്ഞിരുന്നു.  2021 ആഗസ്റ്റിലെ ഈ പ്രസ്താവനകൾ എല്ലാം കടലാസിൽ ഒതുങ്ങി. 

2022 ഏപ്രിൽ പതിനാറിന് ജലവിഭവ വകുപ്പ് മന്ത്രി റോഷൻ അഗസ്റ്റിനാണ് എൻ കെ അക്ബർ എം എൽ എ യുടെ അധ്യക്ഷതയിൽ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്. ഗുരുവായൂർ ടൗൺ ഹാളിൽ നടന്ന ചടങ്ങിലായിരുന്നു ഉദ്ഘാടനം.  തൃശൂർ ജില്ലയിലെ ആദ്യ സംസ്കരണ പ്ലാന്റ് എന്ന സവിശേഷതയും ഗുരുവായൂർ ചക്കംകണ്ടം മാലിന്യ സംസ്കരണ പ്ലാന്റിനുണ്ട്. മൂന്ന് ദശലക്ഷം ലിറ്റർ ശേഷിയുള്ള മാലിന്യ സംസ്കരണ ശാലയാണ്  ഉദ്ഘാടനം ചെയ്തത്. ഗുരുവായൂര്‍ മാലിന്യ സംസ്‌ക്കരണ പദ്ധതിയ്ക്കായി 4.35 കോടി രൂപയാണ് 1973ല്‍ സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിരുന്നത്. അരനൂറ്റാണ്ട് പിന്നിട്ട് 2022 ൽ ഉദ്ഘാടനം ചെയ്യുമ്പോൾ 20.80 കോടി രൂപയിലെത്തി ചിലവ്. 

ട്രീറ്റ്മെന്റ് പ്ലാന്റ് ഉദ്ഘാടനം കഴിഞ്ഞു രണ്ടു മാസത്തിനകം ഗുരുവായൂർ അഴുക്കുച്ചാൽ പദ്ധതി പരാജയമെന്നു  എൻ കെ അക്ബർ എം എൽ എ  (2022 ജൂണിൽ) നിയമ സഭയിൽ പ്രസ്താവിച്ചു. 

പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഈ പദ്ധതിയുടെ പല ഘടകങ്ങളും വര്‍ഷങ്ങള്‍ക്ക് മുൻപ് നിര്‍മിക്കപ്പെട്ടവയാണ്. ആയതിനാല്‍ പലവിധത്തിലുള്ള പ്രശ്നങ്ങള്‍ ഇപ്പോള്‍ നേരിടുന്നുണ്ടെന്ന് നിയമസഭയിൽ എൻ. കെ. അക്ബർ സബ്‌മിഷൻ അവതരിപ്പിച്ചു.

ഈ പദ്ധതിയുടെ പ്രധാന പമ്പ്ഹൌസില്‍ നിന്നും സീവെജ് ശുദ്ധീകരണ ശാലയിലേക്ക് പമ്പ് ചെയുന്ന 250 എംഎം സിഐ പമ്പിങ് മെയിന്‍, കമ്മീഷന്‍ ചെയ്തതിനു ശേഷം ആറു തവണ പൊട്ടിയിരുന്നു. സിഐ ക്ലാസ് എൽഎ പൈപ്പാണ് പമ്പിങ് മെയിന്‍ ആയി ഉപയോഗിക്കുന്നത്. ഇടക്കിടക്ക് പമ്പിങ് മെയിന്‍ പൊട്ടുന്നത് കാരണം ആധുനിക രീതിയില്‍ പണി തീര്‍ത്ത റോഡുകള്‍ പലയിടങ്ങളിലും പൊളിക്കേണ്ടി വരുന്നു. ഇത് മൂലം പൊതുജനങ്ങളുടെ എതിര്‍പ്പ് പദ്ധതിക്കു നേരിടേണ്ടി വരുന്നുണ്ട്. ആയതിനാല്‍ 1800 മീറ്റര്‍ നീളത്തിലുള്ള പമ്പിങ് മെയിന്‍ മാറ്റിസ്ഥാപിക്കുന്നത് അത്യവിശ്യമാണ്. ഇതിനായി സ്റ്റേറ്റ് പ്ലാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടു കോടി രൂപയുടെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ടെന്നും അതിനു അംഗീകാരം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നുമാണ് എം എൽ എ നിയമസഭയിൽ സബ്മിഷനിലൂടെ ആവശ്യപ്പെട്ടത്. മൂന്നു വർഷം കഴിഞ്ഞിട്ടും ഇതിന്മേൽ ഒരു നടപടിയും ഉണ്ടായിട്ടില്ല. 

ഈ സാഹചര്യത്തിലാണ് കക്കൂസ് മാലിന്യം ടാങ്കർ ലോറികളിൽ കയറ്റി ചക്കംകണ്ടം പ്ലാന്റിൽ എത്തിക്കാൻ ഗുരുവായൂർ നഗരസഭ തീരുമാനിക്കുന്നത്. മാലിന്യം വാഹനങ്ങളിൽ പ്ലാന്റിൽ എത്തിച്ച് സംസ്കരിക്കുന്ന രീതി വികസിത രാജ്യങ്ങളിലും നിലവിലുള്ളതാണ് പക്ഷെ ചക്കം കണ്ടം പ്ലാന്റിലെ മാലിന്യ സംസ്കരണ പ്രവർത്തനം വെറും പ്രഹസനം മാത്രമാണ്. രാവിലെ ആറുമണി മുതൽ രാത്രി പത്തുവരെ എട്ടു മണിക്കൂർ വീതം രണ്ടു ഷിഫ്റ്റായിട്ടാണ് പ്ലാന്റിന്റെ പ്രവർത്തനം.  എട്ടു ജീവനക്കാരുള്ളതിൽ ആറുപേരുടേത് താത്കാലിക നിയമനമാണ്. 

എയറേഷൻ ടാങ്കിലെക്ക് മാലിന്യം പമ്പ് ചെയ്യുന്ന രണ്ടു മോട്ടോർ പമ്പുകളിൽ ഒരെണ്ണം നിരന്തരം പണിമുടക്കിലാണ്. നാലു ബ്ലോവറുകളിൽ ( കംപ്രസർ) രണ്ടെണ്ണം പ്രവർത്തന രഹിതമാണ്. രണ്ടു ക്ലാരിഫൈർ ബ്രിഡ്ജ് വീൽസിൽ ഒരെണ്ണം  മാത്രമേ പ്രവർത്തന ക്ഷമമായിട്ടുള്ളൂ.  മൂന്നു സാൻഡ് ഫിൽറ്റർ സിലിണ്ടറുകളും മൂന്നു കാർബൺ ഫിൽറ്റർ സിലിണ്ടറുകളുമാണ് ഇവിടയുള്ളത്.  കാർബൺ  ഫിൽറ്റർ സിലിണ്ടറുകളിൽ ഒന്ന് പൂർണ്ണമായും മറ്റു ചിലത് ഭാഗികമായും പ്രവർത്തിക്കുന്നില്ല. പൊല്യൂഷൻ ടെസ്റ്റുകൾക്ക് വേണ്ടിയുള്ള ലാബ് സിസ്റ്റം ഇവിടെ ഉണ്ടെങ്കിലും പ്രവർത്തിക്കുന്നില്ല. 

കറുത്തിരുണ്ട് കട്ടിയായി വരുന്ന മലിനജലം വിവിധ പ്രവർത്തികൾക്ക് വിധേയമായി കട്ടികുറഞ്ഞ കറുത്ത വെള്ളമായി ചക്കംകണ്ടം കായലിലേക്ക് ഒഴുക്കി വിടുന്ന പ്രക്രിയയാണ് ഇവിടെ നടക്കുന്നത്. 

ഈ പ്ലാന്റിലേക്കാണ് ടാങ്കർ ലോറിയിൽ കക്കൂസ് മാലിന്യം കൊണ്ടുവന്ന് തള്ളാനുള്ള   ഗുരുവായൂർ നഗരസഭയുടെ തീരുമാനം കൗൺസിലിൽ സി പി ഐ കൗൺസിലർമാരുടെ വിയോജിപ്പോടെ പാസാക്കിയിട്ടുള്ളത്. ടാങ്കർ ലോറിയിൽ കൊണ്ടുവരുന്ന മാലിന്യം സ്വീകരിക്കാൻ പ്ലാന്റിൽ 5000 ലിറ്ററിന്റെ ഡയല്യൂഷൻ ടാങ്കും തയ്യാറായിട്ടുണ്ട്. 

ചക്കംകണ്ടം കായൽ

പതിനാല് കി.മീററർ നീണ്ടുപരന്നു കിടക്കുന്ന ചക്കംകണ്ടം കായൽ ചേറ്റുവ അഴിയിൽ അവസാനിക്കുന്നു. ഇരുകരകളിലുമായി ചാവക്കാട് നഗരസഭയും പാവറട്ടി, മുല്ലശ്ശേരി, വെങ്കിടങ്ങ്, ഏങ്ങണ്ടിയൂർ കടപ്പുറം, ഒരുമനയൂർ പഞ്ചായത്തുകളും സ്ഥിതിചെയ്യുന്നു. തീരദേശപരിപാലന നിയ മത്തിന് കീഴിൽ വരുന്ന ഈ കായൽ

റാംസർ സൈറ്റുകളിൽ ഒന്നായ തൃശൂർ കോൾനിലങ്ങളുടെ തുടർച്ചയുമാണ്. കാട്ടുപാടത്തുനിന്ന് ആരംഭിച്ച് 4h 3 കിലോമീററർ ഒഴുകി അങ്ങാടിതാഴത്ത് (ചക്കംകണ്ടം) എത്തുന്ന വലിയതോട്ടിലൂടെ ആദ്യമൊക്കെ മഴവെള്ളം മാത്രമാണ് ഒഴുകിയിരുന്നത്. സമീപവാസികൾ കുളിക്കാനും വസ്ത്രം കഴുകാനും പാത്രം കഴുകാനും ആശ്രയിച്ചിരുന്നത് ഈ തോടിനെയായിരുന്നു. കായലിൻ്റെ തുടർച്ചയായ ഈ തോട്ടിലും വേലിയേറ്റ -ഇറക്കങ്ങൾ അനുഭവപ്പെടുന്നുണ്ട്.

കായലിൽനിന്ന് മീൻപിടിച്ചും, കക്ക വാരിയും, ചളി കുത്തിവിറ്റും, പൊക്കാളി കൃഷിചെയ്‌തും ചകിരി പൂഴ്ത്തിയും ചകിരി തല്ലി നാരാക്കിയും കയറുപിരിച്ചും ജീവിച്ചിരുന്നവരുടെ തൊഴിൽ മാലിന്യം മൂലം നഷ്ടപ്പെട്ടു. പുതു തലമുറക്ക് അതെല്ലാം മുത്തശ്ശിക്കഥ.

Macare 25 mar

Comments are closed.