ചാവക്കാട് : ലോകകപ്പ് മത്സരങ്ങള്‍ക്ക് പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ തീരദേശത്തിന്റെ ആവേശത്തിന് തീ പകര്‍ന്നു ചാവക്കാട് നഗരസഭയും. ജൂണ്‍ പതിനാലിന് ആരംഭിക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ ബിഗ്‌ സ്ക്രീനില്‍ കാണാനുള്ള സൗകര്യം നഗരസഭാ കെട്ടിടത്തിനു മുകളിലെ പുതിയ ഹാളില്‍ ഒരുക്കും. ഇന്ന് നടന്ന ജനപ്രതിനിധികളുടെയും ഫുട്ബാള്‍ പ്രേമികളുടെയും യോഗത്തിലാണ് തീരുമാനം. വിവിധ ക്ലബ്ബുകളുടെയും ഫുട്ബാള്‍ പ്രേമികളുടെയും റോഡ്‌ ഷോ പതിമൂന്നിനു മൂന്നു മണിക്ക് മുന്‍സിപ്പല്‍ സ്ക്വയറില്‍ നിന്നും ആരംഭിക്കും. ലോകക്കപ്പ് ഫുട്ബാള്‍ പ്രചാരണങ്ങളുടെ നടത്തിപ്പിന് കമ്മിറ്റി രൂപീകരിച്ചു. കെ രാംദാസ് (പ്രസിഡണ്ട്), എ എച്ച് അക്ബര്‍ (കണ്‍വീനര്‍), പി വി പീറ്റര്‍ (ട്രഷറര്‍) എന്നിവരെ കമ്മിറ്റി ഭാരവാഹികളായി തിരഞ്ഞെടുത്തു.