ഗുരുവായൂര്‍: ബൈക്ക് മറ്റൊരു ബൈക്കില്‍ തട്ടി മറിഞ്ഞതിനെത്തുടര്‍ന്ന് തെറിച്ചുവീണ യുവതി കാര്‍ കയറി മരിച്ചു. കൂനംമൂച്ചി ചൂണ്ടല്‍ ആസ്പത്രി തിരിവിലായിരുന്നു അപകടം. പാവറട്ടി വെന്മേനാട് മുസ്ലിം പള്ളിക്ക് സമീപം പോവില്‍ വീട്ടില്‍ ഫസലുവിന്റെ ഭാര്യ സജ്‌നയാണ് (37) മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് 1.30നാണ് സംഭവം. ചൂണ്ടലിലെ ബന്ധുവിന്റെ കല്യാണവീട്ടിലേക്ക് പോവുകയായിരുന്ന സജ്‌നയും മകന്‍ ഹാഷിറും (21) സഞ്ചരിച്ചിരുന്ന ബൈക്ക് മുന്നില്‍പ്പോയ ബൈക്കിന്റെ ഹാന്‍ഡിലില്‍ തട്ടി മറിയുകയായിരുന്നു.
പിറകിലിരുന്ന സജ്‌ന റോഡിലേക്ക് തെറിച്ചുവീണ് എതിരേ വന്ന കാറിനടിയില്‍പ്പെട്ടു. തലയിലൂടെ കാര്‍ ചക്രങ്ങള്‍ കയറിയിറങ്ങിയതായി നാട്ടുകാര്‍ പറഞ്ഞു.
ഉടന്‍ കേച്ചേരി ആക്ട്‌സ് പ്രവര്‍ത്തകരെത്തി ഇരുവരെയും അമല ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സജ്‌നയുടെ ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തെത്തുടര്‍ന്ന് കാര്‍ നിര്‍ത്താതെ പോയി.
മുന്നില്‍പ്പോയ ബൈക്കില്‍ സഞ്ചിരിച്ചിരുന്ന ചിറ്റാട്ടുകര രായംമരയ്ക്കാര്‍ വീട്ടില്‍ ഷമീര്‍(24), ഭാര്യ സജ്‌ന (19) എന്നിവരെ നിസ്സാര പരിക്കുകളോടെ ചൂണ്ടല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നീലനിറത്തിലുള്ള ചെറു കാറാണ് അപകടത്തിനിടയാക്കിയതായി സംശയിക്കുന്നത്.
ഈ കാറിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സി.സി.ടി.വി. ക്യാമറകളില്‍നിന്നു കിട്ടിയതായി പോലീസ് പറഞ്ഞു. കാറോടിച്ചിരുന്നവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സജ്‌നയുടെ മൃതദേഹം അമല ആസ്പത്രിയില്‍ മോര്‍ച്ചറിയിലാണ്. ഞായറാഴ്ച പോസ്റ്റുമോര്‍ട്ടത്തിനുശേഷം കബറടക്കം വെന്മേനാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
ജാബിര്‍, ജാസിര്‍ എന്നിവരാണ് സജ്‌നയുടെ മറ്റു മക്കള്‍.