ഗുരുവായൂര്‍ : സംസ്ഥാന സര്‍ക്കാരിനെതിരെ പൊതുവേദിയില്‍ നിശിതമായി വിമര്‍ശിച്ച് സി.എന്‍. ജയദേവന്‍ എം.പി. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തെ നിലക്ക് നിര്‍ത്താന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്ന് എം.പി തുറടിച്ചു. എല്ലാം ശരിയാക്കണമെങ്കില്‍ ശരിയാംവണ്ണം പോകണമെന്നു എം.പി് സര്‍ക്കാരിന് ഉപദേശവും നല്‍കി. ഗുരുവായൂര്‍ നഗരസഭയുടെ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുമ്പോഴാണ് സി.എന്‍. ജയദേവന്‍ എം.പി സര്‍ക്കാരിന്റെ വീഴ്ചകളെ രൂക്ഷമായി വിമര്‍ശിച്ചത്. ഗുരുവായൂരിന്റെ സ്വപ്നമായ റെയില്‍വേ മേല്‍പ്പാലം യാഥാര്‍ഥ്യമാകാത്തതിന് കാരണം സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് എം.പി. പരസ്യമായി തുറന്നടിക്കുകയും ചെയ്തു. സംസ്ഥാന ഭരണത്തില്‍ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം പിടിമുറുക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു മേശപ്പുറത്തു നിന്നും ഒരു ഫയല്‍ അടുത്ത മേശപ്പുറത്തേക്ക് പോകണമെങ്കില്‍ ചുരുങ്ങിയത് ആറ് മാസം വേണം. അതില്‍ ഒരു തീരുമാനം ഉണ്ടായി വരണമെങ്കില്‍ ഒരു വര്‍ഷത്തിലധികവും വേണം. തന്റെ നാട്ടില്‍ ഒരു പാലത്തിന് എം.പി. ഫണ്ടില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അനുവദിച്ച രണ്ട് കോടി രൂപ ഈ വര്‍ഷം മാര്‍ച്ചിലാണ് നല്‍കിയതെന്ന് എം.പി ചൂണ്ടിക്കാട്ടി. തൃശൂരിലെ സ്‌കൂളുകള്‍ക്ക് സ്മാര്ട്ട് ക്ലാസ് റൂമിനും കമ്പ്യട്ടറിനുമെല്ലാമായി ഒരു വര്‍ഷം മുമ്പ് അനുവദിച്ച 75 ലക്ഷം രൂപ കലക്ടര്‍ കൈമാറിയത രണ്ട് ദിവസം മുമ്പാണെന്നും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷം ഉദ്യോഗസ്ഥരും ഇടതുപക്ഷ യൂനിയനാണെ് പറഞ്ഞ എം.പി യൂനിയന്‍ മാത്രം പോര തലക്കകത്ത് ഇടതുപക്ഷത്തിന്റെ ആദര്‍ശവും വേണമെന്നു ഓര്‍മിപ്പിച്ചു. നാട്ടില്‍ മാറ്റം വന്നുവെന്ന് പ്രസംഗിച്ചിട്ട് കാര്യമില്ലെന്നും മൂന്നു മാസം കൊണ്ടെങ്കിലും ഒരു കടലാസില്‍ തീരുമാനമുണ്ടാകുന്ന അവസ്ഥ വരണമെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചവത്സര പദ്ധതികളെ തള്ളി ബി.ജെ.പി സര്‍ക്കാര്‍ മൂന്നു വര്‍ഷത്തെ ‘നീതി ആയോഗ്’ പദ്ധതിയുമായി മുന്നോട്ടു പോകുമ്പോഴും കേരളം പഞ്ചവത്സര പദ്ധതിയുമായി മുന്നോട്ടു പോയി രാജ്യത്തിന് മാതൃകയാവുകയാണെന്ന് എം.പി പറഞ്ഞു. ടൌന്‍ഹാളില്‍ നടന്ന സെമിനാറില്‍ നഗരസഭാധ്യക്ഷ പ്രൊഫ. പി.കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷ നിര്‍മല കേരളന്‍ കരട് പദ്ധതി അവതരിപ്പിച്ചു. ഉപാധ്യക്ഷന്‍ കെ.പി. വിനോദ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ സുരേഷ് വാരിയര്‍, ആര്‍.വി. അബ്ദുള്‍ മജീദ്, എം. രതി, ഷൈലജ ദേവന്‍, സെക്രട്ടറി ജെ.ആര്‍. രാജ്, കെ.ആര്‍. റനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.