ചാവക്കാട്: സ്വകാര്യമേഖലയില്‍ 600 രൂപ ചിലവ് വരുന്ന ചികിത്സ താലൂക്ക് ആസ്പത്രിയില്‍ ഇനി സൗജന്യമായി ലഭിക്കും. താലൂക്ക് ആസ്പത്രിയില്‍ സാന്ത്വന പരിചരണ പദ്ധതിയുടെ ഭാഗമായുള്ള ഫിസിയോതെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം കെ.വി അബ്ദുള്‍ഖാദര്‍ എംഎല്‍എ നിര്‍വ്വഹിച്ചു. ആസ്പത്രിയിലെ സാന്ത്വന പരിചരണ പദ്ധതിയുടെ കീഴിലുള്ള രോഗികളില്‍ ഫിസിയോതെറാപ്പി ആവശ്യമായിട്ടുള്ളവര്‍ക്ക് യൂണിറ്റിന്റെ പ്രയോജനം ലഭിക്കും. നഗരസഭ പരിധിയിലുള്ള സ്‌ക്കൂളുകളുടേയും നഗരസഭയുടേയും പിന്തുണയോടെയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.
താലൂക്ക് ആസ്പത്രയിലെ സ്റ്റാഫ് പാറ്റേണ്‍ വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം ഡിസംബറോടെ ഉണ്ടാവുമെന്ന് യോഗത്തില്‍ എം.എല്‍.എ പറഞ്ഞു. താലൂക്ക് ആസ്പത്രിയുടെ സമഗ്ര വികസനത്തിന് പൊതുജനപങ്കാളിത്തം ആവശ്യമാണെന്ന് എംഎല്‍എ പറഞ്ഞു. ഇതിനു വേണ്ടി വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഒരു യോഗം ഡിസംബറില്‍ ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഗരസഭ ചെയര്‍മാന്‍ എന്‍.കെ അക്ബര്‍ അധ്യക്ഷനായി. ആസ്പത്രി സൂപ്രണ്ട് എ.എ മിനിമോള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ മഞ്ജുഷ സുരേഷ്, സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷന്‍മാരായ കെ.എച്ച് സലാം, എ.എ മഹേന്ദ്രന്‍, സഫൂറ ബക്കര്‍, എം.ബി രാജലക്ഷ്മി, കൌണ്‍സിലര്‍മാരായ എ.എച്ച് അക്ബര്‍, കെ.കെ കാര്‍ത്യായനി, എന്‍.എ ഹാരിസ്, ജോയ്‌സി ആന്റണി, ചാവക്കാട് മര്‍ച്ചന്റസ് അസോസിയേഷന്‍ പ്രസിഡന്റ് കെ.വി അബ്ദുള്‍ ഹമീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.