ദുബായ് : കല ദുബൈയുടെ ആഭിമുഖ്യത്തിൽ അൽ-വാസൽ ഗ്രൗണ്ടിൽ നടന്ന കേരള സോക്കർ ലീഗ് സീസൺ-3 ഫുട്ബോൾ ടൂർണ്ണമെന്റിൽ ഒറവങ്കര എഫ് സി ഏകപക്ഷീയമായ ഒരു ഗോളിന് കൈരളി തലക്കശ്ശേരി പാലക്കാടിനെ പരാജയപ്പെടുത്തി കിരീടം ചൂടി. ദുബൈ അൽവാസലിലെ പുൽമൈതാനിയിൽ തിങ്ങിനിറഞ്ഞ ഫുട്ബോൾ പ്രേമികളുടെ ആരവങ്ങൾക്കിടയിൽ ഇരുപത്തിനാല് ടീമുകൾ എട്ട് ഗ്രൂപ്പുകളായാണ് മത്സരം സംഘടിപ്പിച്ചത്.
മിക്സ് മെൻസ് ഇന്നർവേർ മാനേജിങ് ഡയറക്ടർ ഷഫാഖത് അലി വിന്നേഴ്‌സിനുള്ള ക്യാഷ് അവാർഡും, കല ദുബൈ പ്രസിഡന്റ് അഷ്‌റഫ് ടി പി ട്രോഫിയും വിതരണം ചെയ്തു. റണ്ണേഴ്‌സ് അപ്പിനുള്ള ക്യാഷ് അവാർഡ് ഫാമിലി സൂപ്പർമാർക്കറ്റ് എം ഡി മുഹമ്മദ് സൂഫി ഹാജി നിർവഹിച്ചു. അറ്റ്ലസ് രാമചന്ദ്രൻ മത്സരങ്ങൾ ഉൽഘാടനം ചെയ്തു. സാമൂഹിക, സാംസ്‌കാരിക, കാരുണ്യ പ്രവർത്തനങ്ങളോടൊപ്പം കലാ – കായിക മേഖലകളിൽ കല ദുബൈ നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. അടുത്ത വർഷവും വിപുലമായ രീതിയിൽ മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് കലാ ദുബൈ പ്രസിഡന്റ്‌ ടി പി അഷറഫ് അറിയിച്ചു.