ചാവക്കാട് : ആസുര ദേശീയത രാജ്യത്തിന് ആപത്താണെന്ന് ജമാഅത്തെ ഇസ് ലാമി അഖിലേന്ത്യാ അസിസ്റ്റന്റ് അമീര്‍ ടി. ആരിഫലി. ജമാ അത്തെ ഇസ് ലാമി തൃശൂര്‍ ജില്ലാ സമ്മേളനം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനത്തെ തുടര്‍ന്ന് ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയും കാര്‍ഷിക മേഖലയും തകര്‍ന്നു ജനങ്ങളെ നേരിട്ട് ബാധിച്ചിട്ടും യാതൊരു പ്രതികരണവും ഉണ്ടാകാതിരുന്നത് ഇന്ത്യയില്‍ ദേശീയത ഹിസ്ടീരിയ ബാധിച്ച ജനതയെ സൃഷ്ടിച്ചെടുത്തത് കൊണ്ടാണ്. പാകിസ്ഥാനെതിരെ മുസ്ലിം ഭീകരക്കെതിരെയാണ് നോട്ട് നിരോധം എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ മോദിക്കായി.
കേരളത്തിലെ മുഖ്യമന്ത്രി പറയുന്നു യു എ പി എ ചുമത്തെണ്ട സാഹചര്യം കേരളത്തില്‍ ഇല്ല എന്ന്. എന്നാല്‍ ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്ക് മേല്‍ കരിനിയമങ്ങള്‍ ചാര്‍ത്തുന്നു. ഇത് സ്റ്റേറ്റ് നകത്ത് മറ്റൊരു സ്റ്റേറ്റ് വളര്‍ന്നു വരുന്നു (ഡീപ് സ്റ്റേറ്റ് ) എന്നതിന്റെ തെളിവാണ്. തിരഞ്ഞെടുത്ത സര്‍ക്കാരിനും മുകളില്‍ ഉദ്യോഗസ്ഥ മേധാവിത്വം നടപ്പിലാകുന്നു. ഇത് സിവിലിയന്‍ ഗവണ്മെണ്ടിന്റെ പതനമാണ് സൂചിപ്പിക്കുന്നത്. അമേരിക്ക, ഇസ്രായേല്‍ തുടങ്ങിയ സാമ്രാജ്യത്ത ശക്തികളുമായുള്ള അന്താരാഷ്‌ട്ര കരാറുകള്‍ക്ക് ശേഷമാണ് ഈ പ്രവണത രാജ്യത്ത് ശക്തിപ്പെട്ടുതുടങ്ങിയത്. സാമ്രാജ്യത്ത താത്പര്യങ്ങള്‍ക്കനുസരിച്ച് സൈന്യവും ബ്യൂറോക്രസിയും പെരുമാറുന്നു. സാമ്രാജ്യത്ത താത്പര്യങ്ങളുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ അത്തരം ഭരണത്തെ അവര്‍ കൊണ്ടാടുന്നു.
സാംസ്‌കാരിക ബഹുസ്വരത രാജ്യത്തിന്റെ അന്തസത്തയാണെന്നും സന്തുലിതത്വവും സഹവര്‍ത്തിത്വവും എല്ലാ അര്‍ഥത്തിലും നിലനിര്‍ത്തമെന്നും അദ്ദേഹം പറഞ്ഞു. രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍ ജുഡീഷ്യറിയെ കൈപ്പിടിയില്‍ ഒതുക്കാന്‍ ശ്രമിക്കുന്നു. ജുഡീഷ്യറിയെ ലെജിസ്ലേച്ചറിനു കീഴില്‍ കൊണ്ടു വരാന്‍ ശ്രമിക്കുന്നത് ഏകാധിപത്യത്തിന്റെ ലക്ഷണമാണ്. സൈന്യത്തെയും റിസര്‍വ് ബാങ്കിനെയും രാഷ്ട്രീയ ആവശ്യത്തിനു വേണ്ടി സര്‍ക്കാര്‍ ഉപയോഗിച്ചു. രാജ്യത്തെ ജനങ്ങല്‍ക്കെതിരായി സൈന്യത്തെ ഉപയോഗിക്കാന്‍ പോകുന്നു എന്ന സന്ദേശം നല്‍കിയാണ് നരേന്ദ്ര മോഡി നോട്ട് നിരോധം നടപ്പാക്കിയത്. റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ സ്ഥാനത്ത് ഇരുത്തിയ തന്റെ ഇഷ്ടക്കാരനെ നോക്കു കുത്തിയാക്കിയാണ് നോട്ട് നിരോധം ഏര്‍പ്പെടുത്തിയത്. ഇതിനെ മാധ്യമങ്ങളെ ദുരുപയോഗപ്പെടുത്തി. ജനങ്ങളുടെ വയറ്റത്തടിക്കുന്ന ഏറ്റവും ഗുരുതരമായ തീരുമാനങ്ങള്‍ നടപ്പാക്കിയാലും രാജ്യത്ത് ഒരു കലാപവും ഉണ്ടാവില്ലെന്ന സന്ദേശം പ്രധാനമന്ത്രി നല്‍കി. മറ്റൊരു പ്രധാനമന്ത്രിയും ഇതിനു മുമ്പ് ഇങ്ങിനെ ചെയ്തിട്ടില്ല. പാക്കിസ്ഥാന്‍ ഭീകരതക്ക് എതിരിലുള്ള ദേശീയത എന്ന ആയുധം പ്രയോഗിച്ച് ജനങ്ങളെ മയക്കിക്കിടത്തീയാണ് പ്രധാനമന്ത്രി തീരുമാനം നടപ്പാക്കിയത്. ഇതിന് ജനങ്ങളില്‍ ഒരു വിഭാഗത്തിന്റെ പീന്തുണ ലഭിച്ചത് അതുകൊണ്ടാണെന്നും ആരിഫലി പറഞ്ഞു.