Header

ആനക്കൊമ്പ് വില്‍പ്പന കേസിലെ മുഖ്യ പ്രതി മൂന്ന് വര്‍ഷത്തിന് ശേഷം പിടിയില്‍

ചാവക്കാട്: ആനക്കൊമ്പ് വില്‍പ്പന കേസിലെ മുഖ്യപ്രതിയെ വനംവകുപ്പ് അധികൃതര്‍ മൂന്ന് വര്‍ഷത്തിന് ശേഷം പിടികൂടി. കണ്ണൂര്‍ മണക്കടവ് വായിക്കമ്പ സ്വദേശി തുമരക്കാകുഴി ഡാഡു(തമ്പി 51)വിനെയാണ് പട്ടിക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വി.ബി അഖിലിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘം പിടികൂടിയത്. 2013 മാര്‍ച്ച് അഞ്ചിനാണ് വില്‍പ്പനക്കായി ഒരു ജോഡി ആനക്കൊമ്പുകളുമായി ചാവക്കാട്ടെത്തിയ രണ്ട് പേരെ ഇപ്പോള്‍ കോഴിക്കോട് സിറ്റി അസി.പോലീസ് കമ്മീഷണറും അന്ന് ചാവക്കാട് സിഐയുമായിരുന്ന കെ.സുദര്‍ശന്‍ അറസ്റ്റ് ചെയ്തത്. കൊട്ടിയൂര്‍ സ്വദേശികളായ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. കൊട്ടിയൂര്‍ വനമേഖലയില്‍ നിന്നുള്ള ആനക്കൊമ്പുകളാണ് ചാവക്കാട് കൊണ്ടുവന്നത്. വനം വന്യജീവി വകുപ്പ് പ്രകാരമുള്ള കേസായതിനാല്‍ പിന്നീട് കേസ് വനംവകുപ്പിന് കൈമാറുകയായിരുന്നു. പിടിയിലായവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കേസിലെ മുഖ്യപ്രതിയായ ഇയാളെക്കുറിച്ചുള്ള വിവരം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലയിലെ കര്‍ണാടക വനാതിര്‍ത്തിയിലെ മണക്കടവ് വായിക്കമ്പയിലെ ഇയാളുടെ നാട്ടില്‍ നിന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥ സംഘം പിടികൂടിയത്.

പൊങ്ങണംകാട് ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ രാജേന്ദ്രന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ യു.യു സജീവ്കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.രാജു, യു.ജുനിത്ത് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ചാവക്കാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ തെളിവെടുപ്പിനായി പ്രതിയെ അടുത്ത ദിവസം വനംവകുപ്പ് കസ്റ്റഡിയില്‍ വാങ്ങും. കേസില്‍ ഒരാള്‍ കൂടി പിടിയിലാവാനുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

thahani steels

Comments are closed.