ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്ത രഞ്ജിത്ത്

ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്ത രഞ്ജിത്ത്

ചാവക്കാട്: നിരവധി കഞ്ചാവ് കേസുകളിലും അടിപിടിക്കേസുകളിലും പ്രതിയായ പിടികിട്ടാപ്പുള്ളിയെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. ഇരട്ടപ്പുഴ വലിയകത്ത് രഞ്ജിത്തി(42)നെയാണ് ചാവക്കാട് എസ്.ഐ. എം.കെ.രമേഷ്, എ.എസ്.ഐ അനില്‍ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഞ്ചാവ് കേസുകളില്‍ പോലീസിനും എക്‌സൈസിനും ഏറെ തലവേദന സൃഷ്ടിച്ചിരുന്ന ആളാണ് പിടിയിലായ രഞ്ജിത്ത്. വിയ്യൂര്‍, ചാവക്കാട് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ അറസ്റ്റുവാറണ്ട് നിലവിലുണ്ട്. ഗുണ്ടാസംഘങ്ങള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിക്കുന്ന പ്രതി ചാവക്കാട് മേഖലയില്‍ കഞ്ചാവിന്റെ മൊത്ത കച്ചവടക്കാരനായാണ് പ്രവര്‍ത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു. 2001 മുതല്‍ പിടികിട്ടാപ്പുള്ളിയാണ്. ഒന്നര കിലോ കഞ്ചാവുമായി എക്‌സൈസ് ഇയാളെ മുമ്പ് പിടികൂടിയിട്ടുണ്ട്. ഇക്കഴിഞ്ഞ 20ന് കടപ്പുറം മാട്ടുമ്മലിലെ ഒരു വീട്ടില്‍ അതിക്രമിച്ച് കയറി മാനഹാനിക്കിടയാക്കുന്ന വിധത്തില്‍ സ്ത്രീയോട് പെരുമാറുകയും വാളുകാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് ഇയാള്‍ക്കെതിരെ ഒടുവില്‍ ലഭിച്ച പരാതി.
പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ നാലിന് ചാവക്കാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. സി.പി.ഒ മാരായ ലോഫിരാജ്, സുമേഷ്, ശ്രീനാഥ്, ശ്യാം എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.