ചാവക്കാട്: ഫിഷറീസിന്റെയും തീരദേശ പോലീസിന്റെയും വിലക്കു ലംഘിച്ച് തൊട്ടാപ്പ് കടപ്പുറത്തു നിന്നും കടലില്‍ മീന്‍പിടിക്കാനിറങ്ങിയ ചെറുവഞ്ചിക്കാരെ തീരദേശ പോലീസ് കരക്കുകയറ്റി. മൂന്നു ചെറുവഞ്ചിക്കാരാണ് ചൊവ്വാഴ്ച കടലിലേക്ക് ഇറങ്ങിയത്. ഇവര്‍ കടലില്‍ ഇറങ്ങുന്നതു കണ്ട നാട്ടുകാര്‍ ഫിഷറീസ് അധികൃതരെ വിവരം അറിയിച്ചു. ഫിഷറീസ് എസ്.ഐ. ഫാത്തിമ മുനക്കകടവ് തീരദേശ പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇവരോട് തിരിച്ച് കരയിലേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ മത്സ്യത്തൊഴിലാളികള്‍ മീന്‍പിടിത്തം നിര്‍ത്തി കരക്കുകയറി.
ഓഖി ചുഴലിക്കാറ്റിന് ശേഷം കടലില്‍ മത്സ്യബന്ധനം നടത്തുതിന് സര്‍ക്കാരിന്റെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് മത്സ്യതൊഴിലാളികള്‍ കടലില്‍ ഇറങ്ങുന്നത് തടഞ്ഞതെന്ന് ഫിഷറീസ് എസ്.ഐ. പറഞ്ഞു. ചെറുവഞ്ചിക്കാര്‍ തീരക്കടലിലാണ് സാധാരണ മത്സ്യബന്ധനം നടത്തുന്നത്. എന്നാല്‍ ഇവര്‍ മത്സ്യബന്ധനം നടത്തി തുടങ്ങിയാല്‍ വലിയ വള്ളക്കാര്‍ക്കും ബോട്ടുകാര്‍ക്കും മത്സ്യബന്ധനത്തിന് കടലില്‍ ഇറങ്ങാന്‍ പ്രേരണയാകുമെന്ന് എസ്.ഐ. പറഞ്ഞു.