ചാവക്കാട്: ബസിന് വശം കൊടുത്തില്ലെന്ന തര്‍ക്കത്തെ തുടര്‍ന്ന് ശബരിമല തീര്‍ഥാടകര്‍ക്ക് മര്‍ദ്ദനമേറ്റ കേസില്‍ നാല് പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. വലപ്പാട് കുമ്പളത്തേര് രാഗേഷ്(36), കഴിമ്പ്രം തൃപ്രയാറ്റ് അലേഷ്(29), കഴിമ്പ്രം പനനിലയത്ത് ജിഷ്ണു(23), കഴിമ്പ്രം അരിപ്പിട്ടി ഉമേഷ്(30) എന്നിവരെയാണ് ചാവക്കാട് സി.ഐ കെ.ജി.സുരേഷ്, എസ്.ഐ എം.കെ.രമേഷ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ദേശീയ പാതയില്‍ ഒരുമനയൂര്‍ മൂന്നാംകല്ലില്‍ ഞായറാഴ്ച വൈകീട്ട് നാലിനാണ് സംഭവം. ശബരിമല തീര്‍ഥാടനം കഴിഞ്ഞ്  മടങ്ങുകയായിരുന്ന വടകര കോട്ടക്കുന്ന്  ഇരിങ്ങല്‍ മുരട് വീട്ടില്‍ വിപിന്‍ (23), അയല്‍വാസിയായ വിജീഷ് (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ സഞ്ചരിച്ച വാന്‍ പിന്നില്‍ വരികയായിരുന്ന ബസിന് വശം കൊടുത്തില്ലെന്ന തര്‍ക്കത്തെ തുടര്‍ന്നാണ് ഇവര്‍ക്ക് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തില്‍ വിപിന്റെ ഒരു പല്ല് പകുതി മുറിഞ്ഞു പോയി. വിജീഷിന് തലക്കാണ് പരിക്കേറ്റത്. അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാനിന്റെ പിന്നില്‍ വന്ന വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ സഞ്ചരിച്ച ബസിന് വശം  കൊടുത്തില്ല എന്ന്  പറഞ്ഞ് വാടാനപിള്ളി മുതല്‍ ബസ് ഡ്രൈവറും, വാന്‍ ഡ്രൈവറും,  റോഡില്‍ പരസ്പരം കയര്‍ത്തിരുന്നു. മൂന്നാം കല്ലിലെത്തിയപ്പോള്‍ ബസ് വാനിനെ മറികടന്ന്  കയറി. മറികടക്കുതിനിടെ ബസിന്റെ പിന്‍ഭാഗം വാനില്‍ ഇടിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനൊടുവിലാണ് ഇരുവര്‍ക്കും മര്‍ദ്ദനമേറ്റത്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി. എ.എസ്.ഐ അനില്‍ മാത്യു, സിപിഒ-മാരായ ലോഫിരാജ്, ഷെജീര്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.