ചാവക്കാട്: കനോലി കനാലിനെ ചൊല്ലി താലൂക്ക് വികസന സമിതിയിൽ തർക്കവും വാഗ്വാദവും.
വഞ്ചിക്കടവിലെ കനോലി കനാൽ തീരത്ത് നഗരത്തിലെ കാനകളിൽ നിന്നുള്ള ഖരമാലിന്യം തള്ളിയത് നികത്താനല്ല, സമീപത്തെ ഇറച്ചിക്കടകളിൽ നിന്നുള്ള മാലിന്യം ഉയർത്തിയ ദുർഗന്ധം തടയാനെന്ന് നഗരസഭാ ചെയർമാൻറെ വിശദീകരണം.
കനോലികനാല്‍ കയ്യേറ്റം സംബന്ധിച്ച ചര്‍ച്ചക്കിടയില്‍ ചാവക്കാട് നഗരസഭ കനാലില്‍ മാലിന്യം കൊണ്ടുവന്നിടുന്നുവെന്നും ഇത് വിവാദമായപ്പോള്‍ ചരല്‍മണ്ണിട്ടുമുടിയെന്ന മുസ്‌ലീം ലീഗ് പ്രതിനിധി മന്ദലംകുന്ന് മുഹമ്മദുണ്ണിയുടെ പരാമര്‍ശനമാണ് ആദ്യം തര്‍ക്കത്തിനുവഴിവെച്ചത്. നഗരസഭക്കെതിരായ പരാമര്‍ശം സമിതിയിൽ അധ്യക്ഷത വഹിച്ച ചെയര്‍മാനെ ചൊടിപ്പിച്ചു. മുഹമ്മദുണ്ണിയുടേത് അടിസ്ഥാന രഹിതമായ ആക്ഷേപമാണെന്ന് അദ്ദേഹം ആരോപിച്ചു. നഗരസഭ ചെയ്ത നടപടി തെറ്റാണെന്ന മുഹമ്മദുണ്ണിയുടെ ആക്ഷേപം വീണ്ടുമുയര്‍ന്നു. തങ്ങള്‍ ഉന്നയിച്ച വാദങ്ങളില്‍ ഇരുവരും ഉറച്ചുനിന്നതോടേ തര്‍ക്കം നീണ്ടു. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ആക്ഷേപമുന്നയിക്കുന്നതെന്നും ചില സംഘടനകള്‍ നഗരസഭക്കെതിരെ സമരം നടത്തിയെന്നും വാദമുയര്‍ന്നു. എന്നാല്‍ ഇതു സംബന്ധിച്ച വാര്‍ത്ത എല്ലാ പത്രങ്ങളും കൊടുത്തില്ലെന്നും സമരക്കാര്‍ക്ക് മറ്റു പല ലക്ഷ്യങ്ങളുമാണുള്ളതെന്ന മറുവാദവുമുയര്‍ന്നു. ഇറച്ചികടകളില്‍നിന്നുള്ള മാലിന്യം കനോലികനാലില്‍ തള്ളിയത് ദുര്‍ഗന്ധം പരത്തിയതോടെ അതിനുമുകളില്‍ മണ്ണിടുക മാത്രമാണ് നഗരസഭ ചെയ്തതെന്നും നഗരസഭയ്ക്ക് മാലിന്യം നിക്ഷേപിക്കാന്‍ വേറെ സ്ഥലമുണ്ടെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. കനോലി കനാലില്‍ മാലിന്യം തള്ളിയ ഇറച്ചിക്കടക്കാര്‍ക്കെതിരെ ആരോഗ്യവിഭാഗം നടപടി ആരംഭിച്ചിട്ടുണ്ടെന്നും അദേഹം വ്യക്തമാക്കിയതോടെയാണ് തർക്കം അവസാനിച്ചത്.
ചാവക്കാട് മേഖലയിലെ തീരഭൂമിയിൽ നടന്ന കയ്യേറ്റം കണ്ടെത്താന്‍ പ്രത്യേക സര്‍വ്വെ സംഘത്തെ അനുവദിക്കണമെന്ന് താലൂക്ക് വികസന സമിതിയോഗം.
പുന്നയൂര്‍ , പുന്നയൂര്‍കുളം പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ഭൂമി കയ്യേറ്റ മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവര്‍ക്കെതിരെ ഫലപ്രദമായി നടപടിയെടുക്കുവാന്‍ റവന്യു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സാധിക്കുന്നില്ലെന്ന് വികസന സമിതിയിൽ സി.പി.ഐ പ്രതിനിധി പി മുഹമ്മദ് ബഷീർ ആരോപിച്ചു. ചാവക്കാട് തീരമേഖലയിലെ സർക്കാർ ഭൂമി കയ്യേറ്റം ഫലപ്രദമായി തടയാന്‍ സര്‍വ്വെ നടത്തി അതിരുകെട്ടിയിടണമെന്നും ബഷീർ ആവശ്യപ്പെട്ടു. താലൂക്കിലെ പൊതുകിണറുകള്‍ വൃത്തിയാക്കി സംരക്ഷിക്കാനുള്ള പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ യോഗത്തെ അറിയിച്ചു. ജനകീയമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ സംബന്ധിച്ച് അതാതുപ്രദേശത്തെ ജനപ്രതിനിധികളെ അറിയിക്കണമെന്നും യോഗം ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. ഗരുവായൂര്‍ പോലീസ് സേ്റ്റഷന്റെ വിസ്തൃതി കണക്കിലെടുത്ത് പുതിയൊരു പോലീസ് സേ്റ്റഷന്‍ പൂക്കോട് , കുരഞ്ഞിയൂര്‍ മേഖലകള്‍ കേന്ദ്രീകരിക്കണമെന്നും ഇതിന്റെ തുടക്കമെന്ന നിലയില്‍ പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്നും കേരളകോണ്‍ഗ്രസ് പ്രതിനിധി തോമസ് ചിറമ്മല്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പുന്നയൂര്‍ കുളം പഞ്ചായത്തിലെ എളിയങ്കാട്ട് കുളവും ഒരുമനയൂര്‍ പഞ്ചായത്തിലെ താമരകുളവും സര്‍ക്കാര്‍ ഏറ്റെടുത്ത് നവീകരിച്ച് ജനങ്ങള്‍ക്ക് ഉപയോഗയോഗ്യമാക്കണമെന്ന് പി.മുഹമ്മദ് ബഷീര്‍ മറ്റൊരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ അധ്യക്ഷതവഹിച്ചു. പുന്നയൂര്‍കുളം പഞ്ചായത്ത് പ്രസിഡന്റ് എ.ഡി.ധനീപ്, ചാവക്കാട് അഡീഷണല്‍ തഹസില്‍ദാര്‍ കെ.വി.അംബ്രോസ്, മന്ദലംകുന്ന് മുഹമ്മദുണ്ണി, ടി.പി.ഷാഹു, ടി.കെ .റസാക്ക്, പി.സി.മോളി എന്നിവര്‍ സംസാരിച്ചു.