ട്രൂമാന് പിറന്നു വീണത് തന്നെ ഒരു വ്യാജലോകത്താണ്.. ക്രിസ്റ്റോഫ് തന്റെ സ്വാര്‍ത്ഥലാഭത്തിനു വേണ്ടി മാത്രം സൃഷ്ടിച്ചെടുത്ത ഒരു വ്യാജലോകത്ത്, ജനങ്ങള്‍ക്ക് കണ്ടുരസിക്കാന്‍ മാത്രം വിധിക്കപ്പെട്ട ജീവിതവുമായി.. ജീവിതത്തില്‍ എന്നും ഒരേ കാഴ്ചകള്‍, അനുഭവിക്കാന്‍ എന്നും ഒരേ രംഗങ്ങള്‍. ക്രിസ്റ്റോഫിന്റെ തിരക്കഥക്കൊത്ത് മാത്രമുള്ള ജീവിതം.. അവിടുത്തെ മണ്ണും വിണ്ണും സമുദ്രവും എല്ലാം വ്യാജമായിരുന്നു. ട്രൂമാന്‍ ജനിച്ചുവീണ ആ ലോകത്തിനു പുറത്തുള്ള യഥാര്‍ത്ഥലോകത്തെ, യഥാര്‍ത്ഥ ജീവിതത്തെ അയാള്‍ ഒരിക്കലും കണ്ടിട്ടില്ല, ഒരിക്കലും അറിഞ്ഞിട്ടില്ല.. എന്നിട്ടും തന്റെ ലോകത്തിന്റെ അതിര്‍വരമ്പുകള്‍ അവസാനിക്കുന്നിടത്ത് മറ്റൊരു ലോകം തുടങ്ങുന്നുണ്ടെന്നു ആ മനസ്സില്‍ എന്നും തോന്നിയിരുന്നിരിക്കണം.. അത് കൊണ്ടാവാം കുഞ്ഞു ട്രൂമാന്‍ മഗല്ലനെ പോലെയൊരു explorer ആവാന്‍ കൊതിച്ചതും..
പക്ഷെ തന്റെ ലോകം വിട്ടു ട്രൂമാന്‍ പോകുന്നത് ക്രിസ്റ്റോഫിന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലായിരുന്നു.. എത്ര ക്രൂരമായാണ് അയാള്‍ ആ കുഞ്ഞുമനസ്സില്‍ നിന്നും അവന്റെ ആഗ്രഹത്തെ പിഴുതെറിഞ്ഞത്.. തന്റെ ആഗ്രഹം ടീച്ചറോട് പറഞ്ഞപ്പോള്‍ ടീച്ചറെ കൊണ്ട് ക്രിസ്റ്റോഫ് പറയിപ്പിച്ചത് നോക്കൂ.. “Oh, you’re too late. There’s really nothing left to explore.” ട്രൂമാന്‍ കടല്‍ കടക്കാന്‍ ശ്രമിച്ചാല്‍ യഥാര്‍ത്ഥലോകം അറിയും എന്ന ഭയത്തില്‍ ആ കുഞ്ഞുമനസ്സില്‍ ക്രിസ്റൊഫ് കടലിനോടു ഭയം ജനിപ്പിച്ചു.. ട്രൂമാന്റെ അച്ഛന്‍ വെള്ളത്തില്‍ മുങ്ങി മരിച്ചതായി ആ കുഞ്ഞിനെ വിശ്വസിപ്പിച്ചു.. ദീര്‍ഘയാത്രയുടെ അപകടങ്ങളെ കുറിച്ച് എന്നും പത്രവാര്‍ത്തകളും പരസ്യങ്ങളും ട്രൂമാന് വേണ്ടി സൃഷ്ടിച്ചു.. എപ്പോഴും വീട്ടില്‍ തന്നെ ഇരിക്കുന്നതിന്റെ നേട്ടങ്ങളെ കുറിച്ച് ടെലിവിഷന്‍ ഷോകള്‍ അയാള്‍ ട്രൂമാന്റെ മുന്നില്‍ എത്തിച്ചു.. ക്രിസ്റ്റോഫ് ട്രൂമാന്റെ ആഗ്രഹങ്ങളെ, ക്രിയാത്മകതയെ പിന്തിരിപ്പിക്കുകയായിരുന്നു, അടിച്ചമര്‍ത്തുകയായിരുന്നു.. പക്ഷെ ക്രിസ്റ്റോഫിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു കൊണ്ട് തന്റെ ലോകം വ്യാജം ആണെന്നും അതില്‍ നിന്നും രക്ഷപ്പെടണം എന്നും ട്രൂമാന്‍ നിശ്ചയിച്ചു.. പക്ഷെ ക്രിസ്റൊഫ് ഒരുക്കിയ അഗ്നിനാളങ്ങള്‍ക്ക് മുന്നില്‍, പ്രതിബന്ധങ്ങള്‍ക്ക് മുന്നില്‍ ആ പാവത്തിന് തോറ്റ് കൊടുക്കേണ്ടി വന്നു..
ട്രൂമാന്‍ തളര്‍ന്നില്ല.. എല്ലാവരുടെയും കണ്ണുകള്‍ സമര്‍ത്ഥമായി വെട്ടിച്ചു കൊണ്ട് ട്രൂമാന്‍ ഒരു നൌകയില്‍ ആ വ്യാജസമുദ്രത്തിലൂടെ യഥാര്‍ത്ഥലോകം തേടി യാത്രയായി.. കുപിതനായ ക്രിസ്റ്റോഫ് അവനെ തടയാനായി പേമാരികളും കൊടുംകാറ്റുകളും സൃഷ്ടിച്ചു.. എല്ലാ പ്രതിസന്ധികളെയും ട്രൂമാന്റെ ഇച്ചാശക്തി പരാജയപ്പെടുത്തി.. ഒടുവില്‍ ക്രിസ്റ്റോഫിന്റെ ലോകം തനിക്കു മുന്നില്‍ അവസാനിക്കുന്നത് ട്രൂമാന്‍ അറിഞ്ഞു.. യഥാര്‍ത്ഥലോകത്തിനും തനിക്കും മുന്നില്‍ ഒരു വാതില്‍ മാത്രം ബാക്കിയുള്ളിടത്ത് നിന്ന ട്രൂമാന് മുന്നില്‍ ക്രിസ്റ്റോഫ് അനുനയത്തിന്റെ ഭാഷയുമായി വന്നു.. തന്റെ ലോകത്തില്‍ ട്രൂമാന്‍ സുരക്ഷിതന്‍ ആണെന്നും അവിടെ ഭയക്കാന്‍ ഒന്നും തന്നെയില്ലെന്നും എന്നാല്‍ പുറംലോകത്ത് അവനെ കാത്തിരിക്കുന്നത് വെല്ലുവിളികളും പ്രതിസന്ധികളും മത്സരങ്ങളും അപകടങ്ങളും മാത്രമാണെന്ന് ക്രിസ്റ്റോഫ് ട്രൂമാനെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു.. പക്ഷെ ട്രൂമാന് വേണ്ടതും അതായിരുന്നു.. ഒരു യന്ത്രമായി ജീവിക്കുന്നതിലും നല്ലത് മനുഷ്യനായി ജീവികുന്നതാണെന്നു ട്രൂമാന്‍ എന്നോ തിരിച്ചറിഞ്ഞിരുന്നു.. “In case I don’t see ya, good afternoon, good evening, and good night!” വര്‍ഷങ്ങളായുള്ള തന്റെ പതിവ് കാഴ്ചകളില്‍ അയല്‍വാസികളോട് എന്നും പറയാറുള്ള ആ തമാശവാക്കുകള്‍ക്കൊപ്പം ഒരു പുഞ്ചിരി കൂടി ക്രിസ്റ്റൊഫിനു സമ്മാനിച്ചു കൊണ്ട് ട്രൂമാന്‍ വാതില്‍ തുറന്നു.. യഥാര്‍ത്ഥ ലോകത്തേക്കുള്ള, യഥാര്‍ത്ഥ ജീവിതത്തിലേക്കുള്ള വാതില്‍..
(ആന്റ്രൂ നിക്കോളിന്റെ തിരക്കഥയില്‍ പീറ്റര്‍ വീര്‍ സംവിധാനം ചെയ്തു, ജിം കാരിയും എട് ഹാരിസും കേന്ദ്രകഥാപാത്രങ്ങളായി അഭിനയിച്ച 1998ല്‍ പുറത്തിറങ്ങിയ ‘ദി ട്രൂമാന്‍ ഷോ’ എന്ന ഹോളിവുഡ് ചിത്രം ഒരേ സമയം കലാപരമായും വാണിജ്യപരമായും വലിയ വിജയം നേടിയ, ഒട്ടനവധി ഓസ്ക്കാര്‍ നോമിനെഷന്‍സ് ലഭിക്കുകയുണ്ടായ ചിത്രമാണ്..)
ഇനി ചോദ്യം നമ്മില്‍ ഓരോരുത്തരോടുമാണ്.. നമ്മള്‍ യഥാര്‍ത്ഥ ലോകത്തില്‍ ജീവിക്കാന്‍ ആഗ്രഹിക്കുവോ അതോ ട്രൂമാനെ പോലൊരു വ്യാജലോകത്ത് ജീവിക്കാന്‍ ആഗ്രഹിക്കുന്നുവോ..? എല്ലാവരുടെയും ഉത്തരം യഥാര്‍ത്ഥ ലോകത്ത് എന്നായിരിക്കും.. എന്നാല്‍ നാം അറിഞ്ഞാലും ഇല്ലെങ്കിലും, നിഷേധിച്ചാലും ഇല്ലെങ്കിലും ഈ ലോകത്ത് ഭൂരിഭാഗവും ഒരു ട്രൂമാന്‍ വേള്‍ഡില്‍ ആണ് ജീവിക്കുന്നത്.. സമൂഹം ആകുന്ന, സമൂഹം സൃഷ്ടിച്ചെടുത്ത സിസ്റ്റം ആകുന്ന, അത് രൂപപ്പെടുത്തിയ പൊതുബോധം ആകുന്ന ക്രിസ്റ്റോഫിന്റെ ചിന്തകള്‍ക്കൊപ്പം മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍.. പഠിക്കുന്നു, ജോലി നേടുന്നു, കല്യാണം കഴിക്കുന്നു, കുട്ടികളുണ്ടാവുന്നു, ആ കുട്ടികള്‍ പഠിക്കുന്നു, ജോലി നേടുന്നു, കല്യാണം കഴിക്കുന്നു, അവര്‍ക്ക് കുട്ടികളുണ്ടാവുന്നു, ആ കുട്ടികള്‍ പഠിക്കുന്നു, ജോലി നേടുന്നു, കല്യാണം കഴിക്കുന്നു, അവര്‍ക്കും കുട്ടികളുണ്ടാവുന്നു.. എന്നും ഒരേ കാഴ്ചകള്‍, എന്നും ഒരേ ചിന്തകള്‍, എന്നും ഒരേ രംഗങ്ങള്‍, ഒരേ അനുഭവങ്ങള്‍.. യാന്ത്രികമായ ജീവിതങ്ങള്‍. ട്രൂമാനെ പോലെ.. മരിക്കുന്നത് വരെ ബില്ലുകള്‍ അടയ്ക്കാന്‍ മാത്രം വിധിക്കപ്പെട്ട ജീവിതങ്ങള്‍.. ഈ യൂഷ്വല്‍ സൈക്കിളിനപ്പുറം വേറൊരു ജീവിതം ഉണ്ടെന്നു തിരിച്ചറിയുന്ന ഓരോ കുഞ്ഞിന്റെയും ഓരോ മനുഷ്യന്റെയും ചിന്തകളെ, ആവേശങ്ങളെ, പാഷനുകളെ സമൂഹത്തിന്റെ പൊതുബോധം മുളയിലെ നുള്ളിക്കളയും.. ഭയപ്പെടുത്തി നിര്‍ത്തും.. ഈ കാണുന്നതിനപ്പുറം ഉള്ള എന്തും വെല്ലുവിളികളും അപകടങ്ങളും നിറഞ്ഞതാണ്.. അങ്ങോട്ട് കടക്കുന്ന വഴികളില്‍ പോലും അഗ്നിനാളങ്ങളെയും പേമാരികളെയും കൊടുങ്കാറ്റിനെയും നേരിടേണ്ടി വരും.. ട്രൂമാനോട് ടെലിവിഷന്‍ ഷോകള്‍ പറഞ്ഞു കൊടുത്ത പോലെ എപ്പോഴും വീട്ടില്‍ (സ്വന്തം കാര്യം നോക്കി) ഇരിക്കുന്നതിന്റെ നേട്ടങ്ങളെ കുറിച്ച് അതവരെ സദാബോധാവാന്മാരാക്കും.. ഒടുവില്‍ നിര്‍ബന്ധിതരായോ അല്ലാതെയോ നാമെല്ലാവരും ഈ വ്യാജലോകത്തിന്റെ ‘യാഥാര്‍ത്ഥ്യത്തെ’ അംഗീകരിക്കും.. ക്രിസ്റ്റോഫ് പറഞ്ഞ പോലെ “We accept the reality of the world with which we’re presented. It’s as simple as that. “.. അതല്ലെങ്കില്‍ Shawshank redemptionല്‍ Red പറഞ്ഞത് പോലെ നാം institutionalized ആയിപ്പോകുന്നു..
പക്ഷെ ചില ആളുകള്‍ ട്രൂമാനെപ്പോലെയാണ്.. അവര്‍ ആ വ്യാജസമുദ്രം മറികടക്കും.. പേമാരിയും കൊടുങ്കാറ്റിനെയും സമൂഹം, സിസ്റ്റം എല്ലാം നിര്‍മ്മിക്കുന്ന പ്രതിസന്ധികളെയും മറികടന്നു കൊണ്ട്.. സമൂഹം സൃഷ്‌ടിച്ച പൊതുബോധങ്ങള്‍ക്ക് എതിരായി അവര്‍ നീങ്ങും.. ലോകമനസ്സാക്ഷിയെ സ്വന്തം മനസ്സാക്ഷി പരാജയപ്പെടുത്തുന്ന നിമിഷങ്ങള്‍.. “I know you better than you know yourself” എന്ന് പറയുന്ന ക്രിസ്റ്റൊഫിനു അവര്‍ ധീരമായി മറുപടി നല്‍കും.. “You never had a camera in my head”.. ‘ശരിയാണ് എന്നെ ഞാന്‍ അറിയുന്നതിലും കൂടുതല്‍ നിങ്ങള്‍ക്കെന്നെ അറിയാമായിരിക്കും.. പക്ഷെ അതെന്റെ ശരീരത്തെ മാത്രമാണ്, അതിന്റെ വളര്‍ച്ചകളെ മാത്രമാണ്.. പക്ഷെ എന്റെ ചിന്തകളെ നിങ്ങളൊരിക്കലും കണ്ടിട്ടില്ല, ഒരിക്കലും അധീനപ്പെടുത്തിയിട്ടില്ല.. അതെന്നും എന്റെ മാത്രമായിരുന്നു..’ ഒടുവില്‍ പ്രശ്നങ്ങള്‍ നേരിടാന്‍ തയ്യാറായിക്കൊണ്ട് തന്നെ വെല്ലുവിളികള്‍ നിറഞ്ഞ യഥാര്‍ത്ഥലോകത്തേക്ക് അവര്‍ വാതില്‍ തുറന്നു പ്രവേശിക്കും.. തങ്ങളെ നിഷേധിച്ച അവരെ സമൂഹം തള്ളിപ്പറയും, ഉപദ്രവിക്കും, ഭ്രാന്തന്മാര്‍ എന്ന് മുദ്രകുത്തും.. പക്ഷെ പില്‍ക്കാലത്ത് ലോകം അവരെ മഹാന്മാര്‍ ആയി എണ്ണും, വിപ്ലവകാരികള്‍ എന്ന് വിളിക്കും… അവരിലൊരാള്‍ യേശു ക്രിസ്തു ആവുന്നു, മറ്റൊരാള്‍ മുഹമ്മദ് നബി ആവുന്നു, മറ്റു ചിലര്‍ ഗലീലിയോയും സോക്രട്ടീസും ഡാവിഞ്ചിയും അംബേദ്‌ക്കറും എല്ലാം ആവുന്നു.. അത്തരം ‘ട്രൂ’മാന്‍മാര്‍ മാത്രമാണ് ഈ ഭൂമിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നത്…
പ്രമുഖനടന്‍ കമലഹാസന്‍ ഒരിക്കല്‍ പറഞ്ഞ ഒരു കാര്യമുണ്ട്.. “പ്രേമിക്കുന്നതും, കല്യാണം കഴിക്കുന്നതും, കുട്ടികളുണ്ടാവുന്നതും എല്ലാം ഭൂമി ഉണ്ടായ കാലം മുതലേ എല്ലാ ആളുകളും ചെയ്യുന്ന കാര്യമാണ്…. അതില്‍ കൂടുതല്‍ എന്തെങ്കിലുമൊക്കെ നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിതത്തില്‍ ചെയ്യാന്‍ കഴിയുമെങ്കില്‍, അതിന്റെ പേരാണ് ജീവിതം, സിന്ദഗി, ലൈഫ്…!!”

റമീസ് മുഹമ്മദ്