ലീഗിന് ഗുരുവായൂര്‍ അലാക്കിന്റെ ഔലുംകഞ്ഞി
ചാവക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കാഹളം മുഴങ്ങിയതോടെ കോണ്‍ഗ്രസിലെ അനൈക്യം പരിഹരിക്കാതെ നീളുന്നത് ഗുരുവായൂരില്‍ ലീഗ് നേതൃത്വത്തിന്റെ നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിക്കുന്നു. ഗുരുവായൂര്‍ നിയമസഭാ സീറ്റ് ലീഗിനെന്ന് നേതൃത്വം ഉറപ്പിച്ചതോടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തോടൊപ്പം വിജയ സാധ്യതയില്‍ കോണ്‍ഗ്രസിനുള്ള പങ്കിനെ കുറിച്ചുമോര്‍ത്താണ് ലീഗ് നേതൃത്വത്തിന്റെ ആശങ്ക . തിരുവത്രയില്‍ എ.സി ഹനീഫയുടെ വധത്തോടെ ആരംഭിച്ച കോണ്‍ഗ്രസ് എ. ഐ വിഭാഗങ്ങള്‍ക്കിടിയിലുള്ള അനൈക്യവും തമ്മില്‍തല്ലും കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനു ശേഷം ശക്തമായിരിക്കുകയാണ്. തമ്മില്‍ കണ്ടാല്‍ മിണ്ടാത്ത വിധം ശത്രുതയിലും വിദ്വേഷത്തിലുമാണ് ഇരു ഗ്രൂപ്പുകളും നിലകൊള്ളുന്നത്.
പാര്‍ട്ടിയിലെ എ, ഐ ഗ്രൂപ്പുകള്‍ ഇപ്പോഴും രണ്ടു തട്ടിലാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ സംഭവം. ‘വര്‍ഗ്ഗീയ, അക്രമ, കൊലപാതക രാഷ്ട്രീയത്തിനെതിരെ’ എന്ന വിഷയത്തില്‍ ഇന്ന് (വെള്ളിയാഴ്ച) വൈകീട്ട് അഞ്ചിന് ചാവക്കാട് മുനിസിപ്പല്‍ സ്‌ക്വയറില്‍ നടത്താനിരുന്ന പരിപാടിയില്‍ അഡ്വ. ടി. സിദ്ധിഖ് ആണ് പ്രസംഗിക്കാനിരുന്നത്. എന്നാല്‍ ഈ പരിപാടിയുമായി സഹകരിക്കില്ലെന്ന് ഐ ഗ്രൂപ്പ് വിഭാഗം നേരത്തെ തന്നെ അറിയിച്ചിരുന്നു.
ചാവക്കാട്ടെ കോണ്‍ഗ്രസ്സിനുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ പാര്‍ട്ടി പരിപാടികളുമായി സഹകരിക്കേണ്ടതില്ലെന്നാണ് ഐ ഗ്രൂപ്പ് വിഭാഗത്തിന്റെ നിലപാട്. എന്നാല്‍ ഇത് വകവെയ്ക്കാതെ പരിപാടിയുമായി മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു എ ഗ്രൂപ്പ് നേതൃത്വത്തിലുള്ള ചാവക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ തീരുമാനം. തിരഞ്ഞെടുപ്പടുത്ത സാഹചര്യത്തില്‍ പാര്‍ട്ടിയിലെ ഭിന്നത തെരുവിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നത് ഒഴിവാക്കണമെന്നും വെള്ളിയാഴ്ച തീരുമാനിച്ച പരിപാടി റദ്ദാക്കണമെന്നും ഡി.സി.സി. നേതൃത്വം എ വിഭാഗത്തോട് ആവശ്യപ്പെട്ടെന്നാണ് അറിയുന്നത്. ഇതേത്തുടര്‍ന്ന് കഴിഞ്ഞദിവസം ചേര്‍ന്ന എ ഗ്രൂപ്പിന്റെ രഹസ്യയോഗത്തില്‍ പരിപാടി ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
തിരഞ്ഞെടുപ്പ് കഴിയുംവരെ ഇനി പാര്‍ട്ടി പരിപാടികള്‍ നടത്തരുതെന്നും യു.ഡി.എഫ്.മുന്നണിയുടെ ഭാഗമായുള്ള പരിപാടി മാത്രമേ നടത്താവൂ എന്നുമുള്ള നിര്‍ദ്ദേശം കെ.പി.സി.സി.യില്‍നിന്നുണ്ടെന്ന് എ വിഭാഗം നേതാക്കള്‍ പറയുന്നു. ഇതാണ് പരിപാടി ഉപേക്ഷിക്കാന്‍ കാരണമെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍, സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിനുശേഷമേ ഈ നിബന്ധന പാലിക്കേണ്ടതുള്ളൂവെന്നാണ് ഐ വിഭാഗത്തിന്റെ പക്ഷം.
ഹനീഫ വധക്കേസില്‍ ആരോപണ വിധേയനായ മുന്‍ ബ്ലോക്ക് പ്രസിഡണ്ട് സി.എന്‍ ഗോപപ്രതാപനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും ഐ വിഭാഗത്തിനു നിയോജക മണ്ഡലത്തിന്റെ പ്രധാന നേതൃത്വം ഇപ്പോഴും അദ്ദേഹത്തില്‍ തന്നെയാണ്. ഗോപപ്രതാപനെ തിരിച്ചെടുക്കാനുള്ള ഐ വിഭാഗത്തിന്റെ മുഴുവന്‍ ശ്രമവും പരാജയപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ 18ന് ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല, വി.ഡി സതീശന്‍, കെ സുധാകരന്‍, പത്മജ വേണുഗോപാല്‍ എന്നിവര്‍ കെ.പി.പി.സി.സി പ്രസിഡണ്ടിനോട് ഗോപപ്രതാപന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി സമീപിച്ചിരുന്നെങ്കിലും വി.എം സുധീരന്‍ അനുകാലുമായി പ്രതികരിച്ചില്ലെന്നാണ് ഐ വിഭാഗം പറയുന്നത്. അതിനു മുമ്പ് ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ കേരളയാത്ര ചാവക്കാട്ടെത്തിയപ്പോള്‍ അഭിവാദ്യമര്‍പ്പിച്ച് നൂറുകണക്കിന് ഐ വിഭാഗം പ്രവര്‍ത്തകരുമായി പ്രകടനമായെത്തിയ ഗോപപ്രതാപന്‍ ആഗ്രഹിച്ചതും കുഞ്ഞാലിക്കുട്ടി വഴി പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുകായെന്നതായിരുന്നു. ലീഗ് നേതൃത്വവും ഇക്കാര്യത്തില്‍ താല്‍പ്പര്യമെടുത്തില്ലെന്നാണ് ഐ വിഭാഗത്തിന്റെ പരാതി. അന്നത്തെ പരിപാടിയില്‍ ഗോപപ്രതാപന്റെ സാന്നിധ്യം കണ്ട് വേദിയിലുണ്ടായിരുന്ന എ വിഭാഗം നേതാക്കള്‍ ഇറങ്ങിപ്പോയതും ഇവര്‍ തമ്മിലുള്ള എതിര്‍പ്പിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിട്ട് മറ്റു പാര്‍ട്ടികളെ ഞെട്ടിച്ചെങ്കിലും ഗുരുവായൂരിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ലീഗ് സംസഥാന നേതൃത്വം ഗുരുവായൂരിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പിന്നെ യു.ഡി.എഫ് സംവിധാനം പുനസ്ഥാപിക്കുകായെന്ന വലിയ കടമ്പയാണ് ലീഗിനു മുന്നിലുള്ളത്. യു.ഡി.എഫ് സംവിധാനം വരണമെങ്കില്‍ ഗോപപ്രതാപനെ തിരിച്ചെടുക്കാന്‍ മാത്രമായിരിക്കില്ല ഇനി ഐ വിഭാഗത്തിന്റെ ആവശ്യം. തദ്ദേശ ഭരണ തെരഞ്ഞെടുപ്പുകാലത്ത് അച്ചടക്ക നടപടിയില്‍ പുറത്താക്കിയ വടക്കേക്കാട് എന്‍.എം.കെ നബീല്‍, ശ്രീധരന്‍, പുന്നയൂരിലെ പടിഞ്ഞാറയില്‍ സെയ്തലവി, പടിഞ്ഞാറയില്‍ ലിയാഖത്തലി, ചാവക്കാട്ടെ കോഴിക്കുളങ്ങര ജയന്‍, എന്‍.സി കബീര്‍, ഗുരുവായൂരിലെ ആര്‍ ജയന്‍ തുടങ്ങി മുഴുവന്‍ നേതാക്കളേയും തിരിച്ചെടുക്കാനും ഐ വിഭാഗം ആവശ്യപ്പെടും. ഗുരവായൂര്‍, ചാവക്കാട് നഗരസഭയില്‍ ജയിച്ച ഐ വിഭാഗത്തിലെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കും പുന്നയൂര്‍, വടക്കേക്കാട് പഞ്ചായത്തുകളില്‍ ജയിച്ച വിമത സ്ഥനാര്‍ത്ഥികള്‍ക്കും തോറ്റ സ്ഥാനാര്‍ത്ഥികള്‍ക്കുമായി ലഭിച്ച വോട്ടില്‍ നിന്ന് 7500ഓളം വോട്ട് തങ്ങളുടേതായി ഉണ്ടെന്നാണ് ഐ വിഭാഗത്തിന്റെ അവകാശ വാദം. നിയോജകമണ്ഡലത്തില്‍ വരാന്‍ പോകുന്ന ശക്തമായ മത്സരത്തില്‍ ഈ വോട്ട് അവഗണിക്കാന്‍ മുസ്ലിം ലീഗിനാകുമൊയെന്നാണ് അവരുടെ ചോദ്യം.
ഇതിനിടെ ഗുരുവായൂരിലെ സ്ഥാനാര്‍ഥി നിര്‍ണയം ലീഗില്‍ കീറാമുട്ടിയായി തുടരുകയാണ്. അവസാന പട്ടികയില്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിടണ്ട് പി.എം സാദിഖലിയുടെയും ലീഗ് ജില്ലാ പ്രസിടണ്ട് സി എച്ച് റഷീദിന്റെയും പേരുകളാണ് ഉള്ളതെന്നാണ് പറയപ്പെടുന്നത്. ഇതില്‍ സി എച്ച് റഷീദിന്റെ സ്ഥാനാര്‍ഥിത്വം ഏതാണ്ട് ഉറപ്പായെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുമ്പോഴും ഒപ്പം പുന്നയൂരില്‍ നിന്ന് ആര്‍.പി ബഷീറും പാര്‍ട്ടിയുടെ നിയോജകമണ്ഡലം പ്രസിഡണ്ട് ആര്‍.വി അബ്ദുറഹീമും സാധ്യതാ പട്ടികിയിലുണ്ടെന്ന പ്രചാരവും അണികള്‍ക്കിടയില്‍ വ്യാപകമാണ്.
Comments are closed.