പുന്നയൂര്‍ക്കുളം: ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടിയ കേസില്‍ പ്രതിയെന്നാരോപിച്ച് വടക്കേക്കാട് പൊലീസ് കസ്റ്റഡിയിലെടുത്ത എസ്.എഫ്.ഐ നേതാവിനെ നിരപാരാധിയെന്ന് കണ്ടെത്തി വിട്ടയച്ചു.
ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് എസ്.എഫ്.ഐ യുനിറ്റ് സെക്രട്ടറിയും യൂനിവേഴ്‌സിറ്റി യൂനിയന്‍ കൗണ്‍സിലറുമായ പനന്തറ സ്വദേശി കളത്തിങ്ങല്‍ ശ്രീധരന്റെ മകന്‍ ശ്രീജിത്തിനെയാണ് വടക്കേക്കാട് എസ്.ഐ പി.കെ മോഹിതിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ബി.ജെ.പി പ്രവര്‍ത്തകന്‍ പനന്തറ എടക്കര വീട്ടില്‍ സൂരജിനെ (18) വെട്ടിയ കേസിലാണ് പൊലീസ് നടപടി.
കഴിഞ്ഞ വ്യാഴാഴ്ച്ച – വിഷുദിന രാത്രിയില്‍ രാത്രിയില്‍ ബിജെപി പ്രവര്‍ത്തകര്‍ സി പി എം പ്രവര്‍ത്തകരെ ആക്രമിച്ചതിന്റെ തുടര്‍ച്ചയായാണ് ബിജെപി പ്രവര്‍ത്തകന്‍ സൂരജിന് വെട്ടേറ്റതെന്നു പറയുന്നു. വിഷു ദിന രാത്രിയില്‍ മാക്കാലിക്കാവ് ക്ഷേത്ര പരിസരത്ത് വെച്ച് കളത്തിങ്ങല്‍ ഗോപാലന്റെ മക്കളായ റനില്‍ (24), റജില്‍ (19) എന്നിവരെ സംഘം ചേര്‍ന്ന് ആക്രമിച്ച കേസില്‍ പ്രതികളില്‍ സൂരജുള്‍പ്പടെ നാല് ബി.ജെ.പി പ്രവര്‍ത്തകരെ ഞായറാഴ്ച്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഇപ്പോള്‍ റിമാന്റിലാണ്. വിഷു ദിനത്തില്‍ തങ്ങളെ വെട്ടിപ്പരിക്കേല്‍പിച്ചെന്ന സൂരജിന്റെ പരാതിയിന്മേലാണ് ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച്ച രാത്രി എട്ടോടെയായിരുന്നു അറസ്റ്റ്.
എന്നാല്‍ ശ്രീജിത് നിരപരാധിയാണെന്നും സംഭവ സമയം പ്രദേശത്തുണ്ടായിരുന്നില്ലെന്നും നിരപരാധിയായ ശ്രീജിത്തിനെ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് പ്രദേശത്തെ നൂറോളം ഡി.വൈ.എഫ് ഐ പ്രവര്‍ത്തകര്‍ സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടി. ഇതേ ആവശ്യം ഉന്നയിച്ച് പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡണ്ട് എ.ഡി ധനീപ്, സി.പി.എം നേതാക്കളായ വി താജുദ്ധീന്‍, എം.ടി ബക്കര്‍, പി.എസ് അലി, പഞ്ചായത്തംഗങ്ങളായ യു.എം ഫരീഖ്, വി. നൗഷാദ് തുടങ്ങിയവര്‍ എസ്.ഐയുമായി ഏറെനേരം ചര്‍ച്ച നടത്തിയെങ്കിലും ശ്രീജിത്തിനെ വിട്ടുനല്‍കിയില്ല. ഇതോടെ ഡി വൈ എഫ് ഐ, സി.പി.എം പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാതെ പ്രതിഷേധം ശക്തമാക്കി. തുടര്‍ന്ന് രാത്രി 10 മണിയോടെ വടക്കേക്കാട് സ്റ്റെഷന്റെ ചാര്‍ജ് ഉണ്ടായിരുന്ന കുന്നംകുളം സി. ഐ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്റ്റേഷനിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തുകയും സംഭവത്തെ കുറിച്ച് വ്യക്തമായി അന്വേഷിച്ച് കസ്റ്റഡിയിലുള്ള ശ്രീജിത് നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ തിങ്കളാഴ്ച്ച വിട്ടയക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പിരിഞ്ഞു പോവുകയായിരുന്നു.
തിങ്കളാഴ്ച്ച പൊലീസ് നടത്തിയ അന്വേഷണത്തില്‍ കസ്റ്റഡിയിലുള്ള ശ്രീജിത് കേസിനാസ്പദമായ ദിവസം നാട്ടിലുണ്ടായിരുന്നില്ലെന്ന് കണ്ടെത്തുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ശ്രീജിത്തിനെ വിട്ടയക്കുകയായിരുന്നു. ശ്രീകൃഷ്ണ കോളജില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് ശ്രീജിത്ത്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post
Comments are closed.