പുന്നയൂര്‍: അകലാട് ബീച്ചില്‍  6 ഏക്കര്‍ പാടത്തെ  രാമച്ചം കത്തി നശിച്ചു. അകലാട് കാട്ടിലെ പള്ളി കടപ്പുറത്ത് വിളവെടുപ്പിന് പാകമായ 6 ഏക്കര്‍ രാമച്ചപ്പാടമാണ് കത്തി നശിച്ചത്.  പാലപ്പെട്ടി സ്വദേശി കൈപ്പട വീട്ടില്‍ സജയന്‍്റെ  നേതൃത്വത്തില്‍ സ്വകാര്യ വ്യക്തിയില്‍ പാട്ടത്തിനെടുത്താണിവിടെ കൃഷിയിറക്കിയത്. 11 മാസം പ്രായമുള്ള രാമച്ചമാണ് നശിച്ചത്. വ്യാഴാഴ്ച്ച ഉച്ചയോടെയാണ് സംഭവം.    പ്രദേശവാസികളാണ് തീ പടരുന്നത് കണ്ടത്.  ഉടനെ അഗ്നിശമനസേനയെ വിവരമറിയക്കുകയായിരുന്നു.   തീ കത്തിയ പാടത്ത് രാമച്ചവേര് പിഴുതെടുക്കാന്‍  ഇരട്ടി കൂലി വേണ്ടിവരും.  ഇത് മൂലം 15 ലക്ഷത്തോളം തുക കൂലിയിനത്തില്‍ നഷട്പ്പെടുമെന്നും  കണക്കാക്കുന്നു. രാമച്ചം കത്തിയതിനാല്‍ കൈ കൊണ്ട് പിഴുതെടുക്കുവാന്‍ സാധിക്കില്ല. രാമച്ചത്തിനിടുന്ന  വളം മേഖയലിലെ കുടിവെള്ളവും വായുവും മലിനമാക്കുന്നുവെന്നാരോപിച്ച് രാമച്ച കൃഷി ആരംഭിക്കുന്ന സമയത്ത് പ്രദേശവാസികളായ ചിലര്‍ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. എതിര്‍പ്പിനെ തുടര്‍ന്ന് തൊഴിലാളികള്‍ പണിയെടുക്കാന്‍ സാധിക്കാതെയായപ്പോള്‍ സജയന്‍ വടക്കേക്കാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു.   രാമച്ചം കത്തി നശിച്ചത് സംബന്ധിച്ചും  വടക്കേക്കാട് പൊലീസില്‍ പരാതി നല്‍കി.