mehandi banner desktop

പുന്നയൂർ ആലാപാലം ശ്മശാനത്തിൽ യന്ത്രത്തകരാർ: സംസ്കാരം പാതിവഴിയിൽ തടസ്സപ്പെട്ടു

fairy tale

പുന്നയൂർ: പുന്നയൂർ പഞ്ചായത്തിലെ ആലാപാലം സ്മൃതിപഥം ശ്മശാനത്തിൽ സംസ്കാരത്തിനിടെയുണ്ടായ യന്ത്രത്തകരാർ വലിയ പ്രതിഷേധത്തിനും അനിശ്ചിതത്വത്തിനും കാരണമായി. മൃതദേഹം ഭാഗികമായി കത്തിയ നിലയിൽ അഞ്ചുമണിക്കൂറോളം ചേംബറിൽ കുടുങ്ങിക്കിടന്നു. ഉച്ചയ്ക്ക് 12 മണിയോടെ എടക്കഴിയൂർ സ്വദേശി പുന്ന വീട്ടിൽ കുട്ടപ്പന്റെ (78) മൃതദേഹം സംസ്കരിക്കുന്നതിനിടെയാണ് സംഭവം. മൃതദേഹം ചേംബറിലേക്ക് കയറ്റി ഗ്യാസ് ബർണറുകൾ പ്രവർത്തിപ്പിച്ചു തുടങ്ങിയ ഉടനെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നു. വൈദ്യുതിത്തകരാർ മൂലമുണ്ടായ ഈ തകരാറിൽ ആറ് ബർണറുകളിൽ അഞ്ചെണ്ണവും പ്രവർത്തനരഹിതമായി.​ഈ സമയത്തിനുള്ളിൽ മൃതദേഹത്തിന്റെ കാൽ ഉൾപ്പെടെയുള്ള ഭാഗങ്ങൾ കത്തിത്തുടങ്ങിയിരുന്നു. സാങ്കേതിക തകരാർ ഉടൻ പരിഹരിക്കാമെന്ന് ശ്മശാനം അധികൃതർ അറിയിച്ചെങ്കിലും മൃതദേഹം പകുതി കത്തിയ നിലയിൽ ചേംബറിൽ കുടുങ്ങിയതോടെ ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. തകരാർ പരിഹരിക്കാൻ വൈകിയതോടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ശ്മശാനത്തിന് മുന്നിൽ പ്രതിഷേധം ആരംഭിച്ചു. വിവരമറിഞ്ഞ് പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പോലീസും സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. തുടർന്ന് തൃശ്ശൂരിൽ നിന്ന് വിദഗ്ധരെ എത്തിച്ച് ജനറേറ്റർ സഹായത്തോടെ വൈകീട്ട് ആറുമണിയോടെയാണ് സംസ്കാര പ്രക്രിയ പൂർത്തിയാക്കാൻ സാധിച്ചത്.​ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ രണ്ടാം തവണയാണ് ശ്മശാനത്തിൽ ഇത്തരത്തിൽ ഗുരുതരമായ സാങ്കേതിക തകരാർ സംഭവിക്കുന്നത്. നേരത്തെ മൃതദേഹം കൊണ്ടുപോകുന്ന റെയിൽ സംവിധാനം തകരാറിലായതിനെ തുടർന്ന് ആഴ്ചകളോളം ശ്മശാനം അടച്ചിട്ടിരുന്നു. 2025 നവംബർ മൂന്നിന് മന്ത്രി ആർ. ബിന്ദുവാണ് ശ്മശാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. മുൻ ഭരണസമിതി ആവശ്യമായ പരിശോധനകൾ നടത്താതെ തിടുക്കപ്പെട്ട് ഉദ്ഘാടനം നടത്തിയതാണ് നിലവിലെ അപാകതകൾക്ക് കാരണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു. നിലവിലെ സാങ്കേതിക പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിച്ചതിന് ശേഷം മാത്രമേ ഇനി ശ്മശാനം പ്രവർത്തിപ്പിക്കുകയുള്ളൂ എന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. സംഭവത്തിൽ ബി.ജെ.പി പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

planet fashion

Comments are closed.