mehandi banner desktop
Chavakkad online

ഇടിമിന്നലേറ്റ് വീട് താമസ യോഗ്യമല്ലാതെയായി – മൂന്നു പേർക്ക് പരിക്ക്

Ft

ചാവക്കാട്: ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ ഇടിമിന്നലിൽ ചാവക്കാട് മേഖലയിൽ കനത്ത നാശം. മണത്തല, വിശ്വനാഥക്ഷത്രത്തിന് സമീപം ഐനിപുള്ളി വീട്ടിൽ മനോജിന്റെ വീടിനു ഇടിമിന്നലേറ്റ് വീട് ഉപയോഗ ശൂന്യമായ നിലയിൽ. വീട്ടിൽ ഉറങ്ങിക്കിടന്ന, മനോജ്‌ (42), ഭാര്യ നഗരസഭാ മുൻ കൗൺസിലർ സ്മൃതി (34), മകൾ ധ്വനി (7) എന്നിവർക്ക് ഇടിമിന്നലിൽ പൊള്ളലും റൂഫിലെ കോൺക്രീറ്റ് അടർന്നു വീണു പരിക്കുകളും സംഭവിച്ചു. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. ശക്തമായ ഇടിമിന്നലിൽ മനോജിന്റെ വീടിന്റെ കോൺക്രീറ്റ് മേൽകൂരയിൽ കുഴികൾ രൂപപ്പെടുകയും വിള്ളലുകൾ സംഭവിക്കുകയും ചെയ്തു. വയറിംഗ് പൂർണ്ണമായും കത്തിനശിച്ചു. പ്ലമ്പിങ് പൈപ്പുകൾ പൊട്ടിച്ചിതറി. വീട് താമസയോഗ്യമല്ലാത്ത അവസ്ഥയിലായി. ഇടിമിന്നലിന്റെ ശബ്ദവും ശരീരത്തിൽ പൊള്ളലും അനുഭവപ്പെട്ടാണ് സ്മൃതി ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നത്. ഉടനെ സമീപത്തു ഉറങ്ങുകയായിരുന്നു മകളെ ചേർത്ത് പിടിച്ചു. അടുത്ത ഇടിവെട്ടലിൽ വീടിന്റെ സീലിംഗിൽ നിന്നും തീ പാറുന്നത് കണ്ടുവെന്നും തുടർന്ന് കോൺക്രീറ്റ് ചീളുകൾ തങ്ങളുടെ മേലേക്ക് വീണുവെന്നും സ്മൃതി പറയുന്നു. ഇതോടെ മകളെയും എടുത്ത് പുറത്തേക്ക് ഓടുകയായിരുന്നു. വെള്ളം കുടിക്കാൻ നോക്കിയപ്പോൾ ഒരു തുള്ളി വെള്ളം പൈപ്പിൽ ഇല്ലായിരുന്നു. ഇടിമിന്നലിൽ പൈപ്പുകൾ തകർന്ന് ടാങ്കിലെ വെള്ളം പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു. സ്മൃതിയുടെ കൈ, കൈതണ്ട, വയർ എന്നിവിടങ്ങളിൽ പൊള്ളലും മുറിവുകളും സംഭവിച്ചിട്ടുണ്ട്. മകൾ ധ്വനിയുടെ നെറ്റിയിൽ മുറിവുണ്ട്. ലൈഫ് കെയർ ആമ്പുലൻസ് പ്രവർത്തകരുടെ സഹായത്തോടെ ചാവക്കാട് ഹയാത് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പ്രാഥമിക ചികിത്സ നൽകി. സ്‌മൃതിയെ സ്കാനിംഗിനു വിധേയമാക്കി. അയൽ വാസിയായ ഐനിപ്പുള്ളി സാവിത്രി രാജന്റെ വൈദ്യുതോപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇടിമിന്നലിനെ തുടർന്ന് പുലർച്ചെ മൂന്നുമണിമുതൽ മേഖലയിൽ വൈദ്യുതി തടസ്സപ്പെട്ടു.

Jan oushadi

Comments are closed.