mehandi banner desktop

അരിയന്നൂരിലെ കവർച്ച : പ്രതിയുമായി തെളിവെടുപ്പ് നടത്തി

fairy tale

ഗുരുവായൂർ:  അരിയന്നൂരിൽ ഡോക്ടറുടെ വീട്ടിൽ കയറി പത്ത് പവൻ സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ പ്രതി ഒടുവിൽ പോലീസിന്റെ വലയിലായി. കുന്നംകുളം സ്വദേശി പുത്തൻപുരക്കൽ ഉണ്ണികൃഷ്ണൻ (32) ആണ് ഗുരുവായൂർ പോലീസിന്റെ പിടിയിലായത്.മേയ് 8-ാം തീയതി രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലെ ഡോ. അബൂബക്കറിന്റെ അരിയന്നൂരിലെ വീട്ടിൽ നിന്നാണ് സ്വർണം മോഷണം പോയത്. ഡോക്ടറുടെ ഭാര്യ ബുഷറയുടെ പത്ത് പവന ഓളം വരുന്ന ആഭരണങ്ങളാണ് പ്രതി കവർന്നത്.മോഷണം നടന്ന വീട്ടിലെ സിസിടിവി ക്യാമറകളിൽ പ്രതിയുടെ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെ പ്രതി പരിഭ്രാന്തിയിലായി. തുടർന്ന് മോഷണം നടന്ന് നാലാം ദിവസം, അതായത് മേയ് 12-ന്, മോഷ്ടിച്ച സ്വർണാഭരണങ്ങളിൽ ഭൂരിഭാഗവും ഒരു മാപ്പപേക്ഷയോടൊപ്പം വീടിന് മുന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.എന്നാൽ കള്ളന്റെ ‘മനംമാറ്റത്തിൽ’ വീഴാതെ പോലീസ് അന്വേഷണത്തിൽ പ്രതിയെ ചാവക്കാട് ഭാഗത്ത് നിന്നും പിടി കൂടുകയായിരുന്നു.പിടിയിലായ പ്രതി ഉണ്ണികൃഷ്ണനെ ബുധനാഴ്ച രാവിലെ ഡോക്ടർ അബൂബക്കറിന്റെ അരിയന്നൂരിലെ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. മോഷണം നടത്തിയ രീതിയും സ്വർണം തിരികെ കൊണ്ടുവെച്ചതുമെല്ലാം പ്രതി പോലീസിനോട് വിവരിച്ചു.പ്രതി മോഷണം ചെയ്തു കൊണ്ടു പോയതിലെ ബാക്കി സ്വർണത്തെ കുറിച്ച് പോലീസ് ഊർജ്ജിതമായി അന്വേഷണം നടത്തി വരികായാണ്. പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി മോഷണ മുതൽ കണ്ടെടുക്കാൻ ശ്രമിക്കുമെന്നും പോലീസ് അറിയിച്ചു. ഗുരുവായൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിപിൻ കെ വേണുഗോപാൽ, സബ് ഇൻസ്പെക്ടർ മഹേഷ്, സിവിൽ പോലീസ് ഓഫീസർമാരായ രജനീഷ്, വിഷ്ണു, ജോസ്പോൾ, ജോമോൻ, ലാൽ എന്നിവരുമാണ് പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

planet fashion

Comments are closed.