വാടാനപ്പള്ളിയിൽ അപകടഭീഷണിയുയർത്തി ഇലക്ട്രിക് പോസ്റ്റ്; അധികൃതർ നടപടിയെടുക്കണമെന്ന് ആവശ്യം

വാടാനപ്പള്ളി: ടൗണിന്റെ മധ്യത്തിൽ പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ഒരുപോലെ അപകടഭീഷണിയുയർത്തി ഇലക്ട്രിക് പോസ്റ്റ് സ്ഥിതിചെയ്യുന്നു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് തൊട്ടുമുന്നിലായി നിൽക്കുന്ന ഈ പോസ്റ്റിൽ നിന്നാണ് ഏതുനിമിഷവും അപകടം സംഭവിക്കാവുന്ന തരത്തിൽ ഇലക്ട്രിക് ലൈനുകൾ കടന്നുപോകുന്നത്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും, നൂറുകണക്കിന് ആളുകൾ ദിവസേന വന്നുപോകുന്നതുമായ പ്രധാനപ്പെട്ട ഒരു കവലയിലാണ് ഈ സ്ഥിതിയുള്ളത്.നിരവധി ഇലക്ട്രിക് ലൈനുകൾ പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന ഈ പോസ്റ്റിന്റെ സ്റ്റേ വയർ സ്ഥാപിച്ചിരിക്കുന്നത് സമീപത്തെ കെട്ടിടത്തിനുള്ളിലേക്ക് കയറ്റിയാണ്. ഇത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അവിടെയെത്തുന്ന ഉപഭോക്താക്കൾക്കും വലിയ സുരക്ഷാഭീഷണിയാണ് ഉയർത്തുന്നത്. ഇതിനുപുറമേ, പോസ്റ്റിനോട് ചേർന്ന് ലോഹനിർമ്മിതമായ പരസ്യ ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളതും ഇലക്ട്രിക് ലൈനുകൾ വളരെ താഴേക്ക് താഴ്ന്നു കിടക്കുന്നതും വലിയൊരു അപകടത്തിന് കാരണമായേക്കാമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു.കേരള ബാങ്കിന്റെ എ.ടി.എം, വിവിധ വ്യാപാര സ്ഥാപനങ്ങൾ, പഞ്ചായത്ത് ഓഫീസ് എന്നിവയെല്ലാം സ്ഥിതി ചെയ്യുന്ന ഈ പ്രദേശം എപ്പോഴും ജനത്തിരക്കേറിയതാണ്. ഒരു വൻ ദുരന്തം ഉണ്ടായതിന് ശേഷം മാത്രം നടപടി സ്വീകരിക്കാതെ, അധികൃതർ അടിയന്തരമായി ഇടപെട്ട് ഈ അപകടാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെയും വ്യാപാരികളുടെയും ആവശ്യം


Comments are closed.