ചാവക്കാട് രാജാ സീനിയർ സെക്കണ്ടറി സ്കൂളിൽ വായനാദിനാചരണം ശ്രദ്ധേയമായി

ചാവക്കാട്: വായനാദിനാചരണത്തിൻ്റെ ഭാഗമായി ചാവക്കാട് രാജാ സീനിയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച പരിപാടികൾ വിജ്ഞാനപ്രദമായി. വായനയുടെ പിതാവ് പി.എൻ. പണിക്കരുടെ ഛായച്ചിത്ര അനാച്ഛാദനത്തോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് സ്കൂളിൽ സജ്ജീകരിച്ച ‘റീഡിങ്ങ് കോർണറി’ൻ്റെ ഉദ്ഘാടനവും നടന്നു.വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രകടമാക്കുന്ന വിവിധ പരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. വിശ്വസാഹിത്യത്തിലെ പ്രമുഖ കഥാപാത്രങ്ങളെ അണിനിരത്തിക്കൊണ്ടുള്ള പരേഡ്, ബുക്ക് കവർ മാർച്ച്, അക്ഷരനൃത്തം, വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന ഉദ്ബോധനാത്മക സ്കിറ്റ് എന്നിവ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.സ്കൂളിലെ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബിക് വിഭാഗം അധ്യാപകർ പരിപാടികൾക്ക് നേതൃത്വം നൽകി.ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾ വഞ്ചിക്കടവ് 115-ാം നമ്പർ അംഗൻവാടി സന്ദർശിച്ചു. അവിടെയുള്ള കുട്ടികൾക്ക് ചിത്രരചനാ സാമഗ്രികൾ വിതരണം ചെയ്യുകയും മധുരം പങ്കുവെക്കുകയും ചെയ്തു. സാമൂഹിക പ്രതിബദ്ധതയുള്ള ഇത്തരം പ്രവർത്തനങ്ങളോടെയാണ് സ്കൂൾ വായനാദിനത്തെ വരവേറ്റത്.


Comments are closed.