ഷിഗല്ല പ്രതിരോധം: കർശന നടപടികളുമായി ചാവക്കാട് നഗരസഭ

ചാവക്കാട്: നഗരസഭാ പരിധിയിൽ ഷിഗല്ല രോഗം പടരാതിരിക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ നഗരസഭയുടെ നേതൃത്വത്തിൽ ഉന്നതതല അവലോകനയോഗം ചേർന്നു. നഗരസഭാ ചെയർപേഴ്സൺ എ.എച്ച്. അക്ബർ അധ്യക്ഷത വഹിച്ച യോഗത്തിൽ രോഗം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ വിശദമായി ചർച്ച ചെയ്തു.പൊതുജനാരോഗ്യത്തിന് മുൻഗണന നൽകിക്കൊണ്ട് ശുചിത്വ പ്രവർത്തനങ്ങൾ കർശനമാക്കാനും, ജനങ്ങൾക്കിടയിൽ ബോധവൽക്കരണ പരിപാടികൾ ശക്തമാക്കാനും യോഗം തീരുമാനിച്ചു. നഗരസഭാ പരിധിയിലെ സ്കൂളുകളിൽ പാലിക്കേണ്ട ശുചിത്വ മാനദണ്ഡങ്ങളെക്കുറിച്ച് പ്രധാന അധ്യാപകർക്ക് നിർദേശം നൽകി. കുട്ടികൾക്കിടയിൽ ആവശ്യമായ മുൻകരുതലുകൾ സംബന്ധിച്ച ബോധവൽക്കരണം അടിയന്തരമായി നടത്തും.രോഗം റിപ്പോർട്ട് ചെയ്യാനുള്ള സാധ്യതകളെ മുൻനിർത്തി ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കും. നഗരസഭയിലെ ക്ലീൻ സിറ്റി മാനേജ്‌മെന്റിന്റെ നേതൃത്വത്തിൽ ശുചിത്വ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും.നഗരസഭാ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ്, ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.എച്ച്. സലാം, കൗൺസിലർ ഷീജ പ്രശാന്ത്, സെക്രട്ടറി ഇൻ ചാർജ് റിഷ്മ പി.പി, ക്ലീൻ സിറ്റി മാനേജർ ദിലീപ് ബി, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാർ (ഗ്രേഡ്-1) ഷമീർ എം., (ഗ്രേഡ്-2) സനിൽ രാജ്, ചാവക്കാട് താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ രാംകുമാർ, നഗരസഭ ഐ.സി.ഡി.എസ്. സൂപ്പർവൈസർ ദീപ വി.വി എന്നിവരും നഗരസഭാ പരിധിയിലെ വിവിധ സ്കൂളുകളിലെ പ്രധാന അധ്യാപകരും യോഗത്തിൽ പങ്കെടുത്തു.,


Comments are closed.