mehandi banner desktop
Chavakkad online

കിഡ്നാപ്പിംഗ്? : ചേറ്റുവയിൽ പോലീസിനെ നെട്ടോട്ടമോടിച്ച ആ ‘കരച്ചിൽ’ ക്ലൈമാക്സിൽ പോലീസിനെ ഞെട്ടിച്ച ട്വിസ്റ്റ്

fairy tale

സിനിമയെ വെല്ലുന്ന ട്വിസ്റ്റും അതിവേഗ ചേസിംഗുമായി ദേശീയപാതയിൽ അരങ്ങേറിയത് ഒരു ഒന്നൊന്നര ‘കിഡ്നാപ്പിംഗ്’ ഡ്രാമ! ഒടുവിൽ ക്ലൈമാക്സിൽ പോലീസ് വണ്ടി തടഞ്ഞു നിർത്തി അന്വേഷിച്ചപ്പോൾ പോലീസിനെ ഞെട്ടിച്ച ട്വിസ്റ്റ്‌.

planet fashion

കഥയുടെ തുടക്കം ഇങ്ങനെയാണ്:

രംഗം 1: ചേറ്റുവ ജംഗ്ഷനിലെ ‘ആ കണ്ണ്’

ഉച്ചയ്ക്ക് ഏകദേശം 1:45. ചേറ്റുവ എം.ഇ.എസ് ജംഗ്ഷനിൽ നിൽക്കുകയായിരുന്ന ഷാനവാസ് എന്ന നാട്ടുകാരൻ പെട്ടെന്നാണ് ആ കാഴ്ച കണ്ടത്. പോക്കുളങ്ങര ഭാഗത്തേക്ക് ചീറിപ്പാഞ്ഞു പോയ ഒരു കാറിൻ്റെ ഉള്ളിലിരുന്ന് ഒരു യുവതി വല്ലാതെ കരയുന്നു! ഭയന്നുവിറച്ച ആ മുഖം കണ്ടതോടെ ഷാനവാസിൻ്റെ ഉള്ളിൽ അപായമണി മുഴങ്ങി.

“ഇത് തട്ടിക്കൊണ്ടുപോകൽ തന്നെ!”

മറ്റൊന്നും ചിന്തിച്ചില്ല, വണ്ടിയുടെ നമ്പറും മനസ്സിൽ കുറിച്ച് ഷാനവാസ് നേരെ വാടാനപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു.

🚨 രംഗം 2: പോലീസിൻ്റെ മിന്നൽ ഓപ്പറേഷൻ

സന്ദേശം കിട്ടിയതും വാടാനപ്പള്ളി പോലീസ് ഉണർന്നു പ്രവർത്തിച്ചു. കൺട്രോൾ റൂമിലേക്കും സമീപത്തുള്ള സ്റ്റേഷനുകളിലേക്കും അടിയന്തര സന്ദേശം പാഞ്ഞു: “ഒരു യുവതിയുമായി കാർ കടന്നുകളഞ്ഞിട്ടുണ്ട്, അടിയന്തരമായി തടയുക!”

തുടർന്ന് ഹൈവേയിലുടനീളം പോലീസിന്റെ കണ്ണ് പതിഞ്ഞു. ഇതിനിടയിൽ കിട്ടിയ വണ്ടിയുടെ നമ്പറിൽ ചെറിയൊരു അക്ഷരപ്പിശക് ഉണ്ടായിരുന്നിട്ടും പോലീസ് വിട്ടുകൊടുത്തില്ല. വലവിരിച്ച് അവർ കാത്തുനിന്നു.

🛑 രംഗം 3: പെരിഞ്ഞനത്തെ നാടകീയ ക്ലൈമാക്സ്

കൃത്യം ഒരു മണിക്കൂറിനുള്ളിൽ, അതായത് 2:40-ഓടെ മതിലകം പോലീസ് പെരിഞ്ഞനത്തു വെച്ച് ആ ‘സംശയസ്പദമായ’ കാർ വളഞ്ഞു സഡൻ ബ്രേക്കിട്ട് തടഞ്ഞു! സിനിമാറ്റിക്കായി വണ്ടി വളഞ്ഞ പോലീസ് ഉദ്യോഗസ്ഥർ കാറിനുള്ളിലേക്ക് നോക്കി. വണ്ടിയിലുണ്ടായിരുന്നവരെ നേരെ മതിലകം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

ഇനി ചോദ്യം ചെയ്യൽ… പോലീസ് ഗൗരവത്തിൽ കാര്യം തിരക്കി. എന്നാൽ മറുപടി കേട്ടതോടെ പോലീസുകാർ അക്ഷരാർത്ഥത്തിൽ തലയിൽ കൈവെച്ചുപോയി!

തട്ടിക്കൊണ്ടുപോകലുമല്ല, കള്ളക്കടത്തുമല്ല! കാറിലുണ്ടായിരുന്നത് പത്തനംതിട്ട സ്വദേശികളായ പാവം ദമ്പതികളായിരുന്നു. ഗുരുവായൂരിൽ ഒരു കല്യാണം കൂടാൻ വന്നതായിരുന്നു കക്ഷികൾ. കല്യാണം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്ന വഴിയിൽ കാറിനുള്ളിൽ വെച്ച് ഇരുവരും തമ്മിൽ ഒരു ചെറിയ ‘ഫാമിലി വഴക്ക്’ ഉണ്ടായി.

വഴക്ക് മൂത്തപ്പോൾ ഭാര്യ ദേഷ്യവും സങ്കടവും സഹിക്കാനാവാതെ കാറിലിരുന്ന് ഉറക്കെ കരയുകയും ബഹളം വെക്കുകയും ചെയ്തു. ഇത് പുറത്തുനിന്നു കണ്ട ഷാനവാസ് കരുതിയത് യുവതിയെ ആരോ കിഡ്നാപ്പ് ചെയ്ത് കൊണ്ടുപോവുകയാണെന്നാണ്!

തങ്ങൾ കാരണം പോലീസ് സേന ഒന്നടങ്കം നെട്ടോട്ടമോടിയ വിവരം അറിഞ്ഞപ്പോൾ ദമ്പതികൾക്കും ഞെട്ടൽ. ഒപ്പം സങ്കടവും. എന്തായാലും കാര്യങ്ങൾ ബോധ്യപ്പെട്ടതോടെ പോലീസ് അവരെ ചിരിയോടെ നാട്ടിലേക്ക് പറഞ്ഞയച്ചു.

ക്ലൈമാക്സ്‌ എന്താണെങ്കിലും, വഴിയിൽ കണ്ട ഒരു അസ്വാഭാവിക കാര്യത്തോട് ഉടനടി പ്രതികരിച്ച ഷാനവാസ് എന്ന നാട്ടുകാരന്റെ ജാഗ്രതയും, മിന്നൽ വേഗത്തിൽ വണ്ടി പൊക്കിയ കേരള പോലീസിന്റെ ആക്ഷനും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വലിയ കയ്യടിയാണ് നേടുന്നത്!

Comments are closed.