നന്മ വറ്റാത്ത മനുഷ്യർ; ആക്രി സാധനങ്ങൾക്കിടയിൽ നിന്ന് കിട്ടിയ സ്വർണം ഉടമസ്ഥർക്ക് തിരികെ നൽകി റസാഖ് കറുകമാട്

ചാവക്കാട്/കറുകമാട്: വർത്തമാനകാലത്തെ സ്വാർത്ഥതയുടെ ലോകത്ത്, നന്മയുടെയും സത്യസന്ധതയുടെയും ഉദാത്തമായൊരു മാതൃകയായി മാറുകയാണ് കറുകമാട് സ്വദേശി റസാഖ്. ദുരിതങ്ങൾക്കിടയിലും മൂല്യങ്ങൾ മുറുകെപ്പിടിച്ച റസാഖിന്റെ സത്യസന്ധതയ്ക്ക് കൈയടിക്കുകയാണ് ഇപ്പോൾ നാട്ടുകാർ.

ജീവിതത്തോട് പൊരുതാൻ പലതരം ജോലികൾ ചെയ്യുന്നയാളാണ് റസാഖ്. കറുകമാട് നാലുമണിക്കാറ്റിലെ ഇളനീർ കച്ചവടത്തിന് പുറമെ, വീടുകളിൽ നിന്ന് ആക്രി സാധനങ്ങൾ ശേഖരിച്ചു വിൽക്കുന്ന ജോലിയും അദ്ദേഹം ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം കറുകമാടിലെ ഒരു വീട്ടിൽ നിന്ന് വാങ്ങിയ പഴയൊരു ഇരുമ്പ് അലമാരയാണ് ഈ കഥയിലെ വഴിത്തിരിവായത്.
വാങ്ങിയ അലമാര പിന്നീട് ആക്രിക്കടയിലെത്തിച്ച് പൊളിക്കുന്നതിനിടയിലാണ് റസാഖിന്റെ ശ്രദ്ധയിൽ ആ തിളക്കം ഉടക്കിയത്. അലമാരയുടെ രഹസ്യ അറയ്ക്കുള്ളിൽ കുടുങ്ങിക്കിടന്ന ഒന്നര പവനോളം തൂക്കം വരുന്ന സ്വർണ്ണാഭരണമായിരുന്നു അത്!
മറ്റാരും കാണാതെ സ്വന്തമാക്കാമായിരുന്നിട്ടും, ഒരു നിമിഷം പോലും റസാഖ് മടിച്ചുനിന്നില്ല. അധ്വാനിച്ചുണ്ടാക്കുന്നതേ തനിക്ക് വേണ്ടൂ എന്ന ഉറച്ച ബോധ്യത്തോടെ അദ്ദേഹം ആ ആഭരണവുമായി നേരെ ആ വീട്ടുകാരെ തേടിച്ചെന്നു.
വർഷങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ടുപോയെന്നും, ഇനിയൊരിക്കലും തിരികെ കിട്ടില്ലെന്നും കരുതി എഴുതിത്തള്ളിയ തങ്ങളുടെ പ്രിയപ്പെട്ട ആഭരണം അപ്രതീക്ഷിതമായി കൈകളിൽ തിരിച്ചുകിട്ടിയപ്പോൾ ആ വീട്ടുകാരുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ആ കുടുംബത്തിന് ഈ ആഭരണം തിരികെ ലഭിച്ചത് ഒരു വലിയ അനുഗ്രഹമായി.
സ്വന്തം ബുദ്ധിമുട്ടുകൾക്കിടയിലും മറ്റുള്ളവരുടെ കണ്ണീരൊപ്പാൻ കാണിച്ച റസാഖിന്റെ ഈ വലിയ മനസ്സിന് സോഷ്യൽ മീഡിയയിലും നാട്ടിലുമുടനീളം വലിയ അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നന്മയും സത്യസന്ധതയും ഇനിയും വറ്റാത്ത ഇത്തരം മനുഷ്യരാണ് നമ്മുടെ നാടിൻ്റെ യഥാർത്ഥ അഭിമാനവും മാതൃകയും.
അഭിനന്ദനങ്ങൾ റസാഖ് … താങ്കളുടെ ഈ മാതൃകാപരമായ പ്രവർത്തനത്തിന് നാടിൻ്റെ ആദരം!
എഴുത്ത് -എൻ ഉബൈദ്


Comments are closed.