mehandi banner desktop
Chavakkad online

ഗുരുവായൂരിൽ ഇന്ന് വിവാഹപ്പൂരം, ഏഴു മണിക്കൂറിൽ 416 മാംഗല്യങ്ങൾ

Ft

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ ചരിത്രം കുറിച്ച് റിക്കാർഡ് വിവാഹപ്പൂരം. ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച പുലർച്ചെ 4.10 മുതൽ ഉച്ചപൂജയ്ക്ക് നട അടയ്ക്കുന്നതിനു മുൻപുള്ള 12.45 വരെയുള്ള ഏഴു മണിക്കൂറിനുള്ളിൽ 416 വിവാഹങ്ങളാണ് ക്ഷേത്രത്തിൽ നടന്നത്. 2024 സെപ്റ്റംബർ 8-ന് നടന്ന 334 വിവാഹങ്ങളുടെ റിക്കാർഡാണ് ഇതോടെ തിരുത്തപ്പെട്ടത്. സ്പോട്ട് ബുക്കിങ് ഉൾപ്പെടെ ആകെ 442 വിവാഹങ്ങളാണ് ഇന്നേക്ക് ശീട്ടാക്കിയിരുന്നത്.

Jan oushadi

​പുലർച്ചെ 4.10-ന് ആരംഭിച്ച ചടങ്ങുകൾ ഉഷപൂജ, പന്തീരടി പൂജ എന്നീ സമയങ്ങളിൽ നടയടച്ചതൊഴികെ ബാക്കി സമയം തുടർച്ചയായി നടന്നു. കിഴക്കേ നടയിലെ ഒന്നാം നമ്പർ മണ്ഡപത്തിൽ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് ഭദ്രദീപം തെളിച്ചതോടെയാണ് മാംഗല്യച്ചടങ്ങുകൾക്ക് തുടക്കമായത്. തലശ്ശേരി സ്വദേശി ആർണവ് മോഹൻ കുമാർ, പഴയങ്ങാടി സ്വദേശിനി വിദ്യാ ആനന്ദ് രാജിന് താലിചാർത്തി ആദ്യ വിവാഹം നിർവ്വഹിച്ചു. തുടർന്ന് ആറു മണ്ഡപങ്ങളിലായി ചടങ്ങുകൾ പുരോഗമിച്ചു.

​വിവാഹത്തിരക്ക് കണക്കിലെടുത്ത് വിപുലമായ ഭരണ-സുരക്ഷാ ക്രമീകരണങ്ങളാണ് ദേവസ്വവും പോലീസും ഒരുക്കിയിരുന്നത്. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്, മനോജ് ബി. നായർ, എം.യു. ഷിനിജ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാർ തുടങ്ങിയവർ കിഴക്കേ നടയിൽ നേരിട്ടെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഗുരുവായൂർ നഗരസഭാധ്യക്ഷ സുനിത അരവിന്ദൻ, വൈസ് ചെയർമാൻ കെ.കെ. ജ്യോതി രാജ് എന്നിവരും പിന്തുണയുമായി എത്തിയിരുന്നു.

​എ.സി.പി സുരേന്ദ്രൻ മങ്ങാട്ട്, ടെമ്പിൾ സി.ഐ ജയപ്രദീപ്, എസ്.ഐ കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിൽ നൂറിലേറെ പോലീസുകാർ സുരക്ഷയൊരുക്കി. അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ ഫയർ ഓഫീസർ സജിത്ത് ലാലിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘവും, ഡോ. രാഹുൽ നമ്പ്യാരുടെ നേതൃത്വത്തിൽ തെക്കേ നടയിൽ സജ്ജമാക്കിയ പ്രത്യേക മെഡിക്കൽ ക്യാമ്പും ക്ഷേത്രപരിസരത്ത് സേവനനിരതമായിരുന്നു.

Comments are closed.