ജനാധിപത്യവും സ്ത്രീകളുടെ സാമൂഹിക ഇടവും ചർച്ചയായി നെയ്തൽ സാംസ്കാരികോത്സവം

ചാവക്കാട്: കവിതയുടെ സാമൂഹിക ശബ്ദങ്ങളും ജനാധിപത്യത്തിന്റെ സമകാലിക ചോദ്യങ്ങളും മാപ്പിള കലകളുടെ തനിമയും ഗസലിന്റെ ഭാവസാന്ദ്രതയും ഒത്തുചേർന്നപ്പോൾ ചാവക്കാട് ഖരാന സംഘടിപ്പിക്കുന്ന നെയ്തൽ 2026 സാംസ്കാരികോത്സവത്തിന്റെ രണ്ടാം ദിനം വൈവിധ്യമാർന്ന കലാ-സാംസ്കാരിക അനുഭവങ്ങളുടെ വേദിയായി. സ്ത്രീയുടെ സ്വത്വവും അതിജീവനവും സാമൂഹിക യാഥാർഥ്യങ്ങളും രാഷ്ട്രീയ നിലപാടുകളും കവിതയുടെ ഭാഷയിൽ അവതരിപ്പിച്ച കവിയരങ്ങോടെയാണ് രണ്ടാം ദിനത്തിന് തുടക്കമായത്. സ്ത്രീപ്രാതിനിധ്യം ശ്രദ്ധേയമായ കവിയരങ്ങിൽ മുപ്പതിലേറെ കവികൾ പങ്കെടുത്തു. കവിയും പ്രഭാഷകനും ചിന്തകനുമായ രാധാകൃഷ്ണൻ കാക്കശ്ശേരി കവിയരങ്ങ് ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണ കോളേജ് മലയാളം വിഭാഗം അധ്യാപകനും കവിയുമായ ഡോ. ബിജു ബാലകൃഷ്ണൻ കവിത അവതരിപ്പിച്ചുകൊണ്ട് ഉദ്ഘാടന ചടങ്ങിന് തുടക്കം കുറിച്ചു. മലയാളം അധ്യാപകനും സാഹിത്യ-സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായ വി. പി. ബാലൻ അധ്യക്ഷത വഹിച്ചു. സ്ത്രീജീവിതത്തിന്റെ സങ്കീർണതകളും സാമൂഹിക അസമത്വങ്ങളും രാഷ്ട്രീയ സംഘർഷങ്ങളും വ്യക്തിപരമായ വേദനകളും കവിതകളിലൂടെ അവതരിപ്പിക്കപ്പെട്ടു.

വൈകിട്ട് നടന്ന പ്രഭാഷണ സദസ്സ് ജനാധിപത്യവും സ്ത്രീയുടെ വർത്തമാനകാല ജീവിതവും കേന്ദ്രീകരിച്ചുള്ള ഗൗരവമേറിയ ചർച്ചകൾക്ക് വേദിയായി. നോവലിസ്റ്റും തിരക്കഥാകൃത്തുമായ സി. വി. ബാലകൃഷ്ണൻ സദസ്സ് ഉദ്ഘാടനം ചെയ്തു. ഡോ. സൈനുൽ ഹുക്ക്മാൻ അധ്യക്ഷത വഹിച്ചു. ‘കേരളവും ജനാധിപത്യ സമസ്യകളും’ എന്ന വിഷയത്തിൽ കവിയും സാമൂഹിക ചിന്തകനുമായ പി. എൻ. ഗോപീകൃഷ്ണൻ പ്രഭാഷണം നടത്തി. ജനാധിപത്യത്തിന്റെ സാധ്യതകളും പരിമിതികളും കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹം വിശകലനം ചെയ്തു. ‘ഐക്യകേരളം, സ്ത്രീ, വർത്തമാനം’ എന്ന വിഷയത്തിൽ സാഹിത്യകാരിയും യാത്രികയുമായ നന്ദിനി മേനോൻ സംസാരിച്ചു. കേരളത്തിന്റെ സാമൂഹിക ചരിത്രത്തിൽ സ്ത്രീയുടെ ഇടവും ഇടപെടലുകളും സമകാലിക സ്ത്രീജീവിതത്തിന്റെ യാഥാർഥ്യങ്ങളും അവർ അവതരിപ്പിച്ചു. ചാവക്കാട് നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. യതീന്ദ്രദാസ്, ഹബ്റൂഷ്, പി. കെ. അൻവർ, ഷാജിത സലാം, കെ എ മോഹൻദാസ്, ടി സി കോയ, എ എച്ച് അക്ബർ, കെ വി രവീന്ദ്രൻ, എം അബ്ദുൾ കബീർ എന്നിവർ പങ്കെടുത്തു.
തുടർന്ന് മാപ്പിള കലകളുടെ തനിമയും അറേബ്യൻ പാരമ്പര്യത്തിന്റെ ചടുലതയും വിളിച്ചോതികൊണ്ട് മുജ്തബ മാപ്പിളകലാ ബാൻഡ് അവതരിപ്പിച്ച അറബനമുട്ട്, അറേബ്യൻ സ്റ്റിക് ഡാൻസ്, അറേബ്യൻ ഷോ ദഫ്, കോൽക്കളി എന്നിവ കാണികൾക്ക് വേറിട്ട കലാനുഭവമായി. നെയ്തലിന്റെ രണ്ടാം ദിവസത്തെ പരിപാടികൾക്ക് സംഗീതസാന്ദ്രമായ സമാപനം കുറിച്ച് മഴ മുഹമ്മദ് അവതരിപ്പിച്ച ഹിന്ദുസ്ഥാനി ഗസൽ സംഗീത സദസ്സും അരങ്ങേറി. ഗസലിന്റെ മധുരിമയും ഭാവസാന്ദ്രതയും നിറഞ്ഞ ആലാപനം നെയ്തൽ വേദിയെ മനോഹരമായ സംഗീതസന്ധ്യയാക്കി മാറ്റി.



Comments are closed.