ക്ഷേത്ര പ്രവേശന വിളംബര വാർഷികം: സ്മരണാ നവജ്യോതി തെളിയിച്ച് ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ നായർ തറവാട്ട് കൂട്ടായ്മ

ഗുരുവായൂർ: കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ രേഖപ്പെടുത്തപ്പെട്ട ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 90-ാം വാർഷിക ദിനത്തിൽ സ്മരണാ നവജ്യോതി തെളിയിച്ച് ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ നായർ തറവാട്ട് കൂട്ടായ്മ. തെക്കേ നടയിൽ ‘നിർമ്മാല്യ’ത്തിൽ ചേർന്ന കുടുംബ സംഗമയോഗത്തോടനുബന്ധിച്ചാണ് സ്മരണാ ജ്യോതി പ്രകാശന സദസ്സും പ്രതിജ്ഞയെടുക്കലും സംഘടിപ്പിച്ചത്.കൂട്ടായ്മ കോ-ഓർഡിനേറ്റർ രവി ചങ്കത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡന്റ് കെ.ടി. ശിവരാമൻ നായർ ജ്യോതി പ്രകാശനം നിർവഹിച്ചു. സെക്രട്ടറി അനിൽ കല്ലാറ്റ് സ്വാഗതവും ബാലൻ വാറണാട്ട് വിഷയാവതരണവും നടത്തി.ഗുരുവായൂരപ്പ ഭക്തരുടെ ദീർഘകാലത്തെ ആവശ്യവും ആഗ്രഹവുമായിരുന്ന, ക്ഷേത്രത്തിനകത്ത് പരിധികളും പരിമിതികളുമില്ലാതെ സോപാനത്തിന് തൊട്ടടുത്ത് നിന്ന് ദർശനം സാധ്യമാക്കിയ ഗുരുവായൂർ ദേവസ്വത്തിന്റെ നടപടിയെ യോഗം പ്രത്യേകം അഭിനന്ദിച്ചു. ഇക്കാര്യത്തിൽ ദേവസ്വത്തിനുള്ള നന്ദിയും അഭിനന്ദനവും നേരിട്ട് അറിയിക്കാനും യോഗത്തിൽ തീരുമാനമായി.ജയറാം ആലക്കൽ, നിർമ്മല നായകത്ത്, ടി. ദാക്ഷായണിയമ്മ, ശശി കേനാടത്ത്, മുരളി അകമ്പടി, രവി വട്ടരങ്ങത്ത്, ഹരിദാസ് മാമ്പുഴ, ഗീതാഹരി എന്നിവർ പ്രസംഗിച്ചു. എം. ശ്രീനാരായണൻ, ബാബു വീട്ടിലായിൽ, രാധാമണി ചാത്തനാത്ത്, കോമളം പെരുമ്പ്രശ്യാർ, അഡ്വ. ആർ.കെ. സരസ്വതി, ശാന്താ മണ്ണുങ്ങൽ, എ. തങ്കമണിയമ്മ, വനജ നായ്ക്കത്ത് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.




Comments are closed.