‘സമാ’ 2026: ഇശൽ തീരം മാപ്പിള കലാസാഹിത്യവേദിയുടെ സാംസ്കാരിക സംഗമം നവംബർ 22-ന് തൃശൂരിൽ

‘സമാ’ 2026: ഇശൽ തീരം മാപ്പിള കലാസാഹിത്യവേദിയുടെ സാംസ്കാരിക സംഗമം നവംബർ 22-ന് തൃശൂരിൽതൃശൂർ: മാപ്പിളപ്പാട്ടിന്റെയും അനുബന്ധ കലാ-സാഹിത്യ ശാഖകളുടെയും പ്രചാരണത്തിനും പരിശീലനത്തിനുമായി പ്രവർത്തിക്കുന്ന കലാകാരന്മാരുടെ കൂട്ടായ്മയായ ‘ഇശൽ തീരം മാപ്പിള കലാസാഹിത്യവേദി’യുടെ ആഭിമുഖ്യത്തിൽ ‘സമാ 2026 – ഇശൽ: ഈണവും പൈതൃകവും’ എന്ന പേരിൽ വിപുലമായ സാംസ്കാരിക സംഗമം സംഘടിപ്പിക്കുന്നു. നവംബർ 22-ന് തൃശൂർ കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിലാണ് പരിപാടി നടക്കുന്നത്.കാൽനൂറ്റാണ്ടിലധികമായി മാപ്പിള ഗാന ശാഖയ്ക്ക് സ്തുത്യർഹമായ സേവനങ്ങൾ നൽകിവരുന്ന പ്രമുഖ കലാകാരൻ ഒ.എം. കരുവാരക്കുണ്ട് മാഷിനെ ചടങ്ങിൽ ആദരിക്കും. അദ്ദേഹത്തിന്റെ ജീവിതവും സംഭാവനകളും ആസ്പദമാക്കി നിർമ്മിച്ച ഡോക്യുമെന്ററിയുടെ പ്രകാശനവും ഇതോടൊപ്പം നടക്കും. പ്രശസ്ത സൂഫി കവികളായ റൂമി, അത്താർ, ഹാഫിസ്, ഷിറാസി എന്നിവരുടെ രചനകളുടെ വിവർത്തനവുമായി ഷാജഹാൻ ഒരുമനയൂർ തയ്യാറാക്കിയ ‘മൗനത്തിന്റെ ഭാഷാന്തരം’ എന്ന കൃതിയുടെ പ്രകാശനം വേദിയിൽ നിർവ്വഹിക്കും.മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി ചെയർമാൻ ഹുസൈൻ രണ്ടത്താണി ഉദ്ഘാടനം ചെയ്യും. എൻ കെ അക്ബർ എം എൽ എ പുസ്തക പ്രകാശനം നിർവഹിക്കും, മാപ്പിളപാട്ട് നിരൂപകൻ ഫൈസൽ എളേടിൽ മുഖ്യപ്രഭാഷണവും ഡോക്യുമെന്ററി പ്രദർശനോദ്ഘാടനം ടി എൻ പ്രതാപനും നിർവഹിക്കും. കേരള സാഹിത്യ അക്കാദമി സെക്രട്ടറി എം പി സുരേന്ദ്രൻ മുഖ്യാഥിതിയായി പങ്കെടുക്കും. മാപ്പിളപ്പാട്ട് രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗൽഭരായ പ്രതിഭകളെ ആദരിക്കും. ഇശൽ തീരത്തിലെ മാപ്പിളപ്പാട്ട് പഠന വിദ്യാർത്ഥികളും മുതിർന്ന കലാകാരന്മാരും കലാ-സാംസ്കാരിക രംഗത്തെ പ്രമുഖരും അണിനിരക്കുന്ന കലാസംഗമവും പരിപാടിയുടെ ഭാഗമായി അരങ്ങേറും.തൃശൂരിന്റെ സാംസ്കാരിക പാരമ്പര്യത്തിലേക്ക് മാപ്പിളപ്പാട്ടിന്റെ ഈണങ്ങളെ കൂടി ചേർത്തുവെക്കുന്ന ഈ സാംസ്കാരിക ഉദ്യമത്തിലേക്ക് എല്ലാ കലാസ്നേഹികളെയും സ്വാഗതം ചെയ്യുന്നതായി ഇശൽ തീരം മാപ്പിള കലാസാഹിത്യവേദി ജനറൽ സെക്രട്ടറി ഷാജി അറിയിച്ചു. ഇശൽ തീരം ചെയർമാൻ മുഹസിൻ തളിക്കുളം, ഷാജഹാൻ ഒരുമനയൂർ, കൺവീനർ സിദ്ധീ നാലകത്ത്, വി കെ മുഹമ്മദ് നാസർ, മജീദ് പുന്നയൂർക്കളം, കോ ന്യൂസ് പി ആർ എക്സിക്യൂട്ടീവ് ദിയാന നസൽ, ചീഫ് എഡിറ്റർ എം വി ഷക്കീൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.




Comments are closed.