സംസ്ഥാന സഹോദയ കലോത്സവം: ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിന് ചരിത്രനേട്ടം

ചമ്മന്നൂർ: സംസ്ഥാന സഹോദയ കലോത്സവത്തിൽ ചരിത്രനേട്ടം കുറിച്ച് ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂൾ. ആയിരത്തിലധികം സ്കൂളുകൾ മാറ്റുരച്ച കലാമേളയിൽ 400 പോയിന്റുകളോടെ സംസ്ഥാനതലത്തിൽ ഓവറോൾ ഒമ്പതാം സ്ഥാനവും മികച്ച പ്രകടനത്തിനുള്ള സഹോദയ ‘ടോപ്പർ അവാർഡും’ സ്കൂൾ സ്വന്തമാക്കി. സ്കൂളിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് സംസ്ഥാനതല കലോത്സവത്തിൽ ആദ്യ പത്തിൽ ഇടം നേടുന്നത്.വ്യക്തിഗത, ഗ്രൂപ്പ് ഇനങ്ങളിലായി ആകെ 64 എ ഗ്രേഡുകളാണ് അമൽ ഇംഗ്ലീഷ് സ്കൂളിലെ പ്രതിഭകൾ വാരിക്കൂട്ടിയത്. ഗ്രൂപ്പ് ഇനങ്ങളിൽ കോൽക്കളിയിൽ ഒന്നാം സ്ഥാനവും ഒപ്പനയിൽ രണ്ടാം സ്ഥാനവും സ്കൂൾ നേടി. വ്യക്തിഗത ഇനങ്ങളിൽ ഇസബാദുഷ മാപ്പിളപ്പാട്ടിലും അറബിക് പാരായണത്തിലും എ ഗ്രേഡോടെ മൂന്നാം സ്ഥാനവും, മഹക് സഹറ ഇംഗ്ലീഷ് പ്രസംഗത്തിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇതിനുപുറമെ തിരുവാതിരക്കളി, ദഫ്മുട്ട്, ഗ്രൂപ്പ് ഡാൻസ്, ഏകാംഗ നാടകം തുടങ്ങിയ ഇനങ്ങളിലും വിദ്യാർത്ഥികൾ എ ഗ്രേഡുകൾ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയുടെയും അധ്യാപകരുടെ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളുടെയും കൂട്ടായ വിജയമാണിതെന്ന് അമൽ സ്കൂൾ ചെയർമാൻ അലി പഷ്ണത്തയിൽ പറഞ്ഞു. കലയും പഠനവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുന്ന വിദ്യാർത്ഥികൾ സ്കൂളിന്റെയും നാടിന്റെയും അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തിനും അധ്യാപകരുടെയും പരിശീലകരുടെയും പരിശ്രമത്തിനും രക്ഷിതാക്കളുടെ പിന്തുണയ്ക്കും ലഭിച്ച അംഗീകാരമാണ് ഈ വിജയമെന്ന് പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ നാലകത്ത് അഭിപ്രായപ്പെട്ടു.




Comments are closed.