വെളിയങ്കോട് വൻ കഞ്ചാവ് വേട്ട; 85 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

പൊന്നാനി: വിൽപനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവ് പൊന്നാനി എക്സൈസ് സംഘം പിടികൂടി. വെളിയംകോട് പഴഞ്ഞി പാലം സ്വദേശി മുഹമ്മദ് അസ്ഫർ (23) ആണ് എക്സൈസിന്റെ പിടിയിലായത്. പുലർച്ചെ ഒരു മണിയോടെ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് നാല് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുത്തത്.

രാജസ്ഥാനിൽ നിന്നും കന്നുകാലികളെ കൊണ്ടുവരുന്ന ലോറിയിലാണ് പ്രതി കഞ്ചാവ് നാട്ടിലെത്തിച്ചത്. പ്രാദേശികമായി ചില്ലറ വിൽപന നടത്തുന്നതിനായി കഞ്ചാവ് ചെറിയ പാക്കറ്റുകളാക്കി മാറ്റുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് അന്വേഷണത്തിൽ വ്യക്തമായി. നേരത്തെ ചെറിയ അളവിലുള്ള ലഹരിക്കേസിൽ പിടിയിലായി പിഴയടച്ച ശേഷം പുറത്തിറങ്ങിയ ഇയാൾ എക്സൈസിന്റെ കർശന നിരീക്ഷണത്തിലായിരുന്നു.
ക്രിസ്മസ് കാലത്തോടനുബന്ധിച്ച് മേഖലയിൽ ലഹരിവസ്തുക്കളുടെ വിൽപനയും കടത്തും തടയുന്നതിനായി പരിശോധനയും രാത്രികാല പട്രോളിങ്ങും കൂടുതൽ ശക്തമാക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
പൊന്നാനി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ പ്രഫുല്ലചന്ദ്രൻ വി.എസ്., വിനേഷ് എം.സി., ജ്യോതി ടി.കെ., സിവിൽ എക്സൈസ് ഓഫീസർമാരായ കിരൺ എസ്., ശ്രീജിത്ത് എസ്., അർജുൻ എ.പി., രാഹുൽ പി.കെ., സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വിനോദ് കുമാർ ജി. എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.



Comments are closed.